ഈദ് സന്ദേശം

ജീവിത വിശുദ്ധി നിലനിര്‍ത്തുക: സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍

തേഞ്ഞിപ്പലം: ക്ഷമ, ത്യാഗം, സഹനം എന്നിവയാണ് നോമ്പിലൂടെ ഓരോ വിശ്വാസിയും നേടിയെടുത്തത്.  ജീവിതത്തില്‍ സമസൃഷ്ടി ബോധവും സാഹോദര്യ സ്‌നേഹബന്ധവും ശക്തിപ്പെടുത്താന്‍ ഈദുല്‍ ഫിത്വ്ര്‍ പ്രചോദനമാവട്ടെ. പ്രാര്‍ത്ഥനാ നിര്‍ഭരമായ വ്രതത്തിലൂടെ നേടിയെടുത്ത ആത്മചൈതന്യവും വ്യക്തി വിശുദ്ധിയും തുടര്‍ന്നുള്ള ജീവിതത്തിലും കാത്ത് സൂക്ഷിക്കണമെന്നും ആര്‍ഭാടങ്ങളിലും അനാവശ്യങ്ങളിലും മുഴുകി സ്വത്വം നഷ്ടപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡണ്ട് സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ ഈദ് സന്ദേശത്തിലൂടെ അഭ്യര്‍ത്ഥിച്ചു.
- Samastha Kerala Jam-iyyathul Muallimeen

ചൈതന്യധന്യമായ റമദാന്‍ വ്രതാനുഷ്ഠാനത്തിന്റെ ഹൃദ്യമായ പരിസമാപ്തിയാണ് ഈദുല്‍ ഫിഥ്ര്‍. പെരുന്നാള്‍ സന്തോഷം പങ്കുവെക്കുമ്പോള്‍ തന്നെ, അടിച്ചമര്‍ത്തപ്പെടുകയും യുദ്ധക്കെടുതികളനുഭവിക്കുകയും ചെയ്യുന്ന സഹജീവികളോടും പട്ടിണി തിന്നുന്ന അനാഥ ജന്മങ്ങളോടും ഐക്യദാര്‍ഢ്യപ്പെടാന്‍ കഴിയുമ്പോഴേ വിശ്വാസിയുടെ പെരുന്നാള്‍ സാര്‍ത്ഥകമാവുന്നുള്ളൂ. ശിഥിലചിന്തകള്‍ ഊതിക്കെടുത്താനും നന്മയുടെ കെടാദീപങ്ങള്‍ കാത്തുസൂക്ഷിക്കാനും റമദാനില്‍ നേടിയ മനക്കരുത്തിലൂടെ വിശ്വാസിക്ക് സാധിക്കണം. സഹോദരങ്ങള്‍ക്കെല്ലാം ഹൃദയംഗമമായ ഈദാശംസകള്‍! - ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി
- Dr. Bahauddeen Muhammad Nadwi Vice Chancellor

ആത്മീയതയുടെ അനിര്‍വചനീയമായ അനുഭൂതി നുകര്‍ന്ന് നിര്‍വൃതിയടഞ്ഞ വിശ്വാസിക്ക് സന്തോഷത്തിന്റെ സുദിനമായെത്തിയ പെരുന്നാള്‍ പുലരിയില്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ഈദാശംസകള്‍ നേരുന്നു.
ആഹ്ലാദത്തിന്റെ നിറ പുഞ്ചിരിയുമായി വീണ്ടുമൊരു ഈദുല്‍ഫിത്വര്‍. വിശ്വാസികളുടെ ആത്മാവിലേക്ക് അനുഗ്രഹങ്ങള്‍ പെയ്തിറങ്ങിയ പുണ്യമാസത്തിന്റെ വേര്‍പ്പാടിനുശേഷമാണ് ഈ ആഘോഷം നമ്മെ തൊട്ടുണര്‍ത്തുന്നത്.
അന്നപാനീയങ്ങള്‍ ഉപേക്ഷിച്ചും പ്രാര്‍ഥനയിലൂടെയും സത്കര്‍മങ്ങളിലൂടെയും ഒരു മാസക്കാലം ആര്‍ജിച്ചെടുത്ത പുതിയ വെളിച്ചം വിശ്വാസികളുടെ തുടര്‍ ജീവിതത്തിലും അണയാതെ സൂക്ഷിക്കാന്‍ എല്ലാവര്‍ക്കും കഴിയേണ്ടതുണ്ട്.
പാപങ്ങളിലേക്കു കാലിടറി വീഴാതെയും നന്മയുടെ പച്ചതുരുത്തുകള്‍ ഹൃദയത്തില്‍ പടുത്തുയര്‍ത്തിയും റമളാന്‍ നല്‍കിയ പുതു ചൈതന്യം എല്ലാവര്‍ക്കും എല്ലാക്കാലവും ഹൃദയത്തില്‍ സൂക്ഷിക്കാന്‍ കഴിയട്ടെ.
സന്തോഷത്തിന്റെ ഈ സുദിനത്തില്‍ നമ്മുടെ സഹോദരങ്ങളിലേക്കും അയല്‍വാസികളിലേക്കും ഈ സുകൃതങ്ങള്‍ പകര്‍ന്ന് കൊടുക്കാന്‍ സാധിക്കണം. പെരുന്നാള്‍ ദിനത്തില്‍ ഒരാളുപോലും പട്ടിണി കിടക്കരുതെന്ന മഹത്തായ ആശയമാണ് ഫിത്വര്‍ സകാത്ത് നല്‍കുന്ന സന്ദേശം.
 പരസ്പര സ്‌നേഹവും സാഹോദര്യവും നിലനിര്‍ത്താനും, കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും, സഹജീവികളോട് സഹനവും കാരുണ്യവും കാണിക്കാനും ഈ സുദിനത്തില്‍ നമുക്ക് സാധിക്കണം. നന്മയും സ്‌നേഹവും ഐക്യവും പരസ്പരം കാത്തുസൂക്ഷിക്കാന്‍ ഈ വേളയില്‍ നാം തയ്യാറാവുക. വ്രത ശുദ്ധിയില്‍ കരസ്ഥമാക്കിയ ഊര്‍ജ്ജം ഭാവിജീവിതത്തിലേക്കൊരു വഴിവിളക്കാവട്ടെ. ഏവര്‍ക്കും ഈദ് ആശംസകള്‍. അല്ലാഹു അക്ബര്‍..... വലില്ലാഹില്‍ ഹംദ്. - കോഴിക്കോട് ഖാസി, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍
- CALICUT QUAZI