ഹാദിയ റമദാന്‍ പ്രഭാഷണത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

റമദാന്‍ ആത്മ നിവേദനത്തിന്റെ മാസം: പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍


തിരൂരങ്ങാടി: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ ഹാദിയ സംഘടിപ്പിക്കുന്ന മുസ്ത്വഫ ഹുദവി ആക്കോടിന്റെ രണ്ടാമത് റമദാന്‍ പ്രഭാഷണത്തിന് വാഴ്‌സിറ്റി കാമ്പസിലെ പ്രത്യേകം സജ്ജമാക്കിയ മര്‍ഹൂം യു.ബാപ്പുട്ടി ഹാജി നഗറില്‍ ഭക്തിസാന്ദ്രമായ തുടക്കം.
പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്തു. വിശ്വാസിക്ക് ത്യാഗസന്നദ്ധതക്കും ആത്മനിവേദനത്തിനും വഴിയൊരുക്കുന്ന മാസമാണ് വിശുദ്ധ റമദാന്‍. ഭൗതികതയില്‍ അഭിരമിക്കുന്ന വിശ്വാസി ജീവിതത്തില്‍ നന്മയും ആത്മീയ വിശുദ്ധിയുമുണ്ടാക്കാന്‍ റമാദാനിലൂടെ സാധിക്കണമെന്നും വ്രതാനുഷ്ഠാനത്തിലൂടെ ഹൃദയവും ശരീരവും ആരോഗ്യപൂര്‍ണമാക്കി സര്‍വ്വവും ആത്മസമര്‍പ്പണം ചെയ്യാന്‍  വിശ്വാസി തയ്യാറാകണമെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു. അറിവുകള്‍ നേടാനും ജീവിതം ആത്മവിചിന്തനത്തിന് വിധേയമാക്കാനും വിശ്വാസികള്‍ ഒരുങ്ങണമെന്നും തങ്ങള്‍ പറഞ്ഞു.
ദാറുല്‍ ഹുദാ മാനേജിംഗ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി അധ്യക്ഷനായി. സമസ്ത ജനറല്‍ സെക്രട്ടറിയും ദാറുല്‍ ഹുദാ പ്രോ ചാന്‍സലറുമായ ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പ്രാര്‍ത്ഥനാ സദസ്സിന് നേതൃത്വം നല്‍കി. കെ.സി മുഹമ്മദ് ബാഖവി, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, സി. യൂസുഫ് ഫൈസി മേല്‍മുറി, യു.ശാഫി ഹാജി ചെമ്മാട്, മുക്ര അബൂക്കര്‍ ഹാജി, ഹംസ ഹാജി മൂന്നിയൂര്‍, വി.സി ബാവ ഹാജി, കുട്ടാലി ഹാജി,  സി.എച്ച് ശരീഫ് ഹുദവി പുതുപ്പറമ്പ് സംബന്ധിച്ചു.  
ഇന്ന് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ ഹുദാ ട്രഷറര്‍ കെ.എം സൈദലവി ഹാജി കോട്ടക്കല്‍ അധ്യക്ഷനാകും.  സമസ്ത പ്രസിഡന്റ് ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാര്‍ സമാപന ദുആക്ക് നേതൃത്വം നല്‍കും. കൊടുക്കാറ്റിന് പിറകെ തീക്കാറ്റ്: അന്ത്യനാള്‍ അടുക്കുന്നുവോ വിഷയത്തില്‍ മുസ്ത്വഫ ഹുദവി ആക്കോട് പ്രസംഗിക്കും.
നാലിന് ശനിയാഴ്ച റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. യു.ശാഫി ഹാജി ചെമ്മാട് അധ്യക്ഷത വഹിക്കും.  ബദര്‍ ആത്മ സമര്‍പ്പണത്തിന്റെ കഥ പറയുമ്പോള്‍ വിഷയത്തില്‍ മുസ്ത്വഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന മജ്‌ലിസുന്നൂറിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍  നേതൃത്വം നല്‍കും. 
അഞ്ചിന് സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിക്കും. പലിശ:അക്കൗണ്ടില്‍  ബാക്കിയാകുന്നതെന്ത്?. വിഷയത്തില്‍ മുസ്ഥത്വഫ ഹുദവി ആക്കോട്പ്രഭാഷണം നടത്തും. സമാപന ദുആക്ക് വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.
- Darul Huda Islamic University