ജുമുഅ തടസ്സപ്പെടുത്തിയ കാന്തപുരം സുന്നികളുടെ നിലപാട് നീതീകരിക്കാനാവില്ല: സമസ്ത എടവണ്ണപ്പാറ മേഖല

എടവണ്ണപ്പാറ: വിശ്വാസികളുടെ ആരാധനയില്‍ പ്രാധാന്യമേറിയ ജുമുഅ നിസ്‌കാരം തടസ്സപ്പെടുത്തിയ കാന്തപുരം സുന്നികളുടെ നിലപാട് ഒരിക്കലും നീതികരിക്കാനാവില്ലെന്ന് സമസ്ത :എടവണ്ണപ്പാറ മേഖല. കഴിഞ്ഞ വെള്ളിയാഴ്ച കക്കോവ് മഹല്ല് കമ്മിറ്റിക്ക് കീഴില്‍ നടന്ന് വരുന്ന ജുമുഅത് പള്ളിയിലെ ജുമുഅ നിസ്‌കാരം തടസ്സപ്പെടുത്തി ആക്രമണം അഴിച്ചുവിട്ട കാന്തപുരം സുന്നികളുടെ കപട മുഖം തിരിച്ചറിയണമെന്നും, മഹല്ലിന്റെ ഐക്യത്തിന് തടസ്സം നില്‍ക്കുന്ന ഇത്തരക്കാരെ ഒറ്റപ്പെടുത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
ഇരു വിഭാഗം സുന്നികളും ഒരുമിച്ച് ഭരണം നടത്തി ഇരു വിഭാഗത്തില്‍ നിന്നുമായുള്ള ജീവനക്കാരെ നിയമിക്കണമെന്ന നേരത്തെ ഉണ്ടാക്കിയ ധാരണയാണ് ഇതോടെ തകര്‍ക്കപ്പെട്ടത്. കഴിഞ്ഞ റമളാന്‍ വരെ പള്ളിയില്‍ ജോലി ചെയ്തിരുന്നത് കാന്തപുരം വിഭാഗത്തിന്റെ പ്രതിനിധിയായിരുന്നു. റമളാനിന് ശേഷം തീരുമാന പ്രകാരം ഖുതുബ നിര്‍വഹിക്കേണ്ടത് സമസ്തയുടെ പ്രതിനിധിയെയാണ്. തീരുമാന പ്രകാരമുള്ള പ്രതിനിധിയെ അംഗീകരിക്കാനാവില്ലെന്ന ഏക പക്ഷീയ നടപടി ശരിയല്ലെന്നും നേതാക്കള്‍ പറഞ്ഞു. 
മഹല്ലിന്റെ ഐക്യത്തിന്നു വേണ്ടി ഏതറ്റം വരെ പോകാനും സമസ്ത തയ്യാറാണെന്നും അതിനാലാണ് ജുമുഅക്ക് മുമ്പായി പോലീസ് ഇന്‍സ്‌പെക്ട്ടര്‍മാരുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ നേരത്തെ നിശ്ചയിച്ച ഖതീബിനെ മാറ്റണമെന്ന കാന്തപുരം വിഭാഗത്തിന്റെ ആവശ്യം അംഗീകരിച്ചതെന്നും, അവരുടെ സമ്മത പ്രകാരമുള്ള വ്യക്തിയെ ഖുതുബക്ക് നിയമിച്ചതും. എന്നിട്ടും ഖുതുബ തുടങ്ങാനിരിക്കെ ഖതീബിനെ തടഞ്ഞത് പരിശുദ്ധ ദീനിനോടും മഹല്ല് നിവാസികളോടും ചെയ്ത ക്രൂരതയാണെന്നും നേതാക്കള്‍ പറഞ്ഞു. 
രജിസ്‌ട്രേഷന്‍ സംബന്ധിച്ച് നടത്തുന്ന പ്രചരണം തെറ്റാണെന്നും ഇപ്പോഴും കാന്തപുരം വിഭാഗത്തിന്റെ പ്രതിനിധികള്‍ മഹല്ല് കമ്മിറ്റിയില്‍ ഉണ്ടെന്നും, സുന്നി ആദര്‍ശത്തിന് നിരക്കാത്ത വ്യാജ ത്വരീകത്തുകാരനയതിനലാണ് ഖതീബിനെ തടഞ്ഞതെന്നുള്ള പ്രചരണം വസ്തുതാപരമല്ലെന്നും നേതാക്കള്‍ പറഞ്ഞു. 
സമസ്ത എടവണ്ണപ്പാറ മേഖല കോ ഓഡിനേഷന്‍ കമ്മിറ്റി, എസ് എം എഫ്, എസ് വൈ എസ്, എസ് കെ ജെ എം, എസ് കെ എസ് എസ് എഫ് മേഖല കമ്മിറ്റികള്‍ ആക്രമണത്തെ അപലപിക്കുകയും ചെയ്തു.
- Yoonus MP