ജിദ്ദ: സമന്വയ വിദ്യാഭ്യാസം പുതുതലമുറയുടെ ആവശ്യമാണെന്നും അത് നിറവേറ്റേണ്ടത് രക്ഷിതാക്കളുടെ ബാധ്യതയാണെന്നും ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി പ്രൊഫസറും പ്രഗല്‍ഭ വാഗ്മിയുമായ ഉസ്താദ് കെ.സി മുഹമ്മദ് ബാഖവി അഭിപ്രായപ്പെട്ടു. ദാറുല്‍ ഹുദാ ജിദ്ദ കമ്മിറ്റിയും ഹാദിയ ജിദ്ദ ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ ഉല്‍ബോധന പ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
മക്കള്‍ക്ക് ഉന്നത ഭൗതിക വിദ്യാഭ്യാസം നല്‍കാന്‍ പാടുപെടുന്ന രക്ഷിതാക്കള്‍ ദീനീ വിഞാനവും സംസ്കാരവും അവര്‍ക്ക് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഈ ബാധ്യത നിറവേറ്റുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഇരു ലോകത്തും പരാജയമായിരിക്കും ഫലം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ദാറുല്‍ ഹുദാ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത് ഇതിന് വേണ്ടിയാണ്. ഇസ്ലാമിക മൂല്യങ്ങളിലധിഷ്ടിതമായി പുതു തലമുറയെ വാര്‍ത്തെടുക്കുകയാണതിന്റെ ലക്ഷ്യം. മത ഭൗതിക സമന്വയത്തിലൂടെ ഇസ്ലാമിക സംസ്കാരം ഉറപ്പ് വരുത്തുന്ന ഇത്തരം സ്ഥാപനങ്ങള്‍ നമ്മുടെ അനുഗ്രഹമാണ്. അവ നാം ഉപയോഗപ്പെടുത്തണം. അദ്ദേഹം പറഞ്ഞു.
അബ്ദുള്ള ഫൈസി കുളപ്പറമ്പ് അധ്യക്ഷത വഹിച്ച യോഗം സയ്യിദ് ഉബൈദുള്ള തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ദാറുല്‍ ഹുദാ സൗദി നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ സയ്യിദ് സഹ്ല്‍ തങ്ങള്‍, കെ.എം.സി.സി സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് കെ.പി മുഹമ്മദ് കുട്ടി, വിപി. മുസ്തഫ, അലി മൗലവി നാട്ടുകല്‍, കരീം ഫൈസി, എന്‍. മുഹമ്മദ് കുട്ടി മാസ്റ്റര്‍, അബൂബക്കര്‍ ദാരിമി, സുലൈമാന്‍ ഫൈസി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
തുടര്‍ന്ന് നടന്ന ഇഫ്താര്‍ ദാറുല്‍ ഹുദാ പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും സജീവ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. സവാദ് പേരാമ്പ്ര, ജലീല്‍ എടപ്പറ്റ, സാലിം അമ്മിനിക്കാട്, സി.എച്ച്. നാസര്‍, ഹുസൈന്‍ പാതിരമണ്ണ, റഷീദ് മണിമൂളി, ദില്‍ഷാദ്, എം.പി മുസ്തഫ, അബ്ബാസ് തറയിട്ടാല്‍, മൊയ്തീന്‍ കുട്ടി അരിമ്പ്ര, ഹസീബ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഹസ്സന്‍ ഹുദവി സ്വാഗതവും എം.എ. കോയ നന്ദിയും പറഞ്ഞു.
- HADIA JEDDAH