പ്രവാസികള്‍ സൗദി ഭരണകൂടത്തോടു കടപ്പെട്ടിരിക്കുന്നു: സയ്യിദ് മുഈനലി തങ്ങള്‍

ജിദ്ദ: നാടിന്റെ നാനോന്മുഖമായ പുരോഗതിക്കും വിദ്യാഭ്യാസ മത സാമൂഹ്യ രംഗങ്ങളിലെ വിപ്ലവാത്മകമായ മുന്നേറ്റങ്ങൾക്കും പിന്നിൽ എക്കാലവും കരുത്തു പകരുന്ന പ്രവാസികൾക്ക്, ലോകത്ത് മറ്റൊരു സമൂഹത്തിനും ലഭിക്കാത്ത സ്വീകാര്യത നൽകി തൊഴിൽ രംഗത്തും അനുബന്ധ വ്യാപാര വ്യവസായ മേഖലകളിലും ഉദാര സമീപനം കൈക്കൊള്ളുന്ന സൗദി ഭരണകൂടത്തോട് നാം കടപ്പെട്ടിരിക്കുന്നുവെന്നും ഈ നാടിന്റെ സുരക്ഷയും നന്മയും കാത്തു സൂക്ഷിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ജിദ്ദാ ഇസ്ലാമിക് സെന്റർ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകോത്തമ സൗകര്യങ്ങളൊരുക്കി വിശുദ്ധ ഗേഹങ്ങളുടെ പരിപാലനം ഏറ്റെടുക്കാനും ഹജ്ജ് ഉംറ തീർഥാടകർക്ക് വിശിഷ്ട സേവനങ്ങൾ നൽകാനും സൗദി ഭരണകൂടവും കാണിക്കുന്ന ആത്മാർത്ഥമായ സമർപ്പണ സന്നദ്ധത ഏറെ പ്രശംസനീയമാണ്. നിർഭയത്വത്തിനും സമാധാനത്തിനും കാരുണ്യ പ്രവർത്തനങ്ങൾക്കും സൗദി അറേബ്യ തീർത്ത മാതൃക തുടരാൻ ലോക രാജ്യങ്ങൾ തയാറായാൽ മാത്രമേ സംഘർഷ രഹിതമായ ഭാവി എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സയ്യിദ് സഹല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സൗദി കെ.എം.സി.സി. നാഷണല്‍ കമ്മിറ്റി സെക്രട്ടറി കെ.വി.എ. ഗഫൂര്‍ ഉത്ഘാടനം ചെയ്തു. സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍, അബൂബക്കര്‍ അരിമ്പ്ര, അബ്ദുല്ല ഫൈസി കുളപ്പറമ്പ്, അബൂബക്കര്‍ ദാരിമി താമരശ്ശേരി, മജീദ്‌ പുകയൂര്‍, ജബ്ബാര്‍ മണ്ണാര്‍ക്കാട് എന്നിവര്‍ പ്രസംഗിച്ചു. അലി മൌലവി നാട്ടുകല്‍ സ്വാഗതവും സവാദ് പേരാമ്പ്ര നന്ദിയും പറഞ്ഞു.
- muhsink koranath