ആത്മീയ ചൂഷകര്‍ക്കെതിരെ പോരാട്ടം ശക്തമാക്കണം പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍

ഹാദിയ റമദാന്‍ പ്രഭാഷണം ഇന്ന് സമാപിക്കും


തിരൂരങ്ങാടി: ആധുനിക സൗകര്യങ്ങളും വിവരസാങ്കേതിക വിദ്യകളും ഏറെ വികസിച്ച പുതിയ കാലത്ത് വിശ്വാസികള്‍ക്കെതിരെയുള്ള ചൂഷണങ്ങള്‍ വര്‍ധിച്ചുവരുന്നുണ്ടെന്നും സമൂഹത്തില്‍ സാംസ്‌കാരിക തകര്‍ച്ചയ്ക്കും പാരമ്പര്യനശീകരണത്തിനും ഇത് കാരണമാകുന്നുണ്ടെന്നും പണ്ഡിതരും നേതാക്കളും ഇതിനെതിരെ  പോരാട്ടം ശക്തമാക്കണമെന്നും കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍. 
ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹാദിയ സംഘടിപ്പിച്ച മുസ്ത്വഫ ഹുദവി ആക്കോടിന്റെ പ്രഭാഷണ പരമ്പരയുടെ മൂന്നാം ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
സാമൂഹിക സംസ്‌കൃതിക്കായി ജീവിതം നീക്കിവെച്ചവരാണ് പൂര്‍വ്വകാല നേതാക്കള്‍. ആത്മത്യഗത്തിലൂടെ ജീവിക്കാന്‍ വിശ്വാസികള്‍ തയ്യാറാവാണമെന്നും തങ്ങള്‍ പറഞ്ഞു. യു.ശാഫി ഹാജി ചെമ്മാട് അധ്യക്ഷനായി. 
ബദ്ര്‍ ആത്മസമര്‍പ്പണത്തിന്റെ കഥ പറയമ്പോള്‍ വിഷയത്തിലായിരുന്നു മുസ്ത്വഫ ഹുദവി ആക്കോടിന്റെ പ്രഭാഷണം. ഇന്നലെ നടന്ന പ്രഭാഷണത്തിന്റെ സി.ഡി സി. യൂസുഫ് ഫൈസി മേല്‍മുറി അടാട്ട് നൗഫല്‍ മൂന്നിയൂരിന് നല്‍കി പ്രകാശനം ചെയ്തു. തുടര്‍ന്ന് നടന്ന മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സിന് കോഴിക്കോട് ഖാസിയും മജ്‌ലിസുന്നൂര്‍ സംസ്ഥാന അമീറുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കി. ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, സി.കെ മുഹമ്മദ് ഹാജി, മക്ര അബൂബക്കര്‍ ഹാജി, ഡോ.എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, പി.കെ നാസ്വിര്‍ ഹുദവി സംസാരിച്ചു. 
പ്രഭാഷണ പരമ്പര ഇന്ന് സമാപിക്കും. സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിക്കും. പലിശ:അക്കൗണ്ടില്‍  ബാക്കിയാകുന്നതെന്ത്?. വിഷയത്തിലായിരിക്കും മുസ്ഥത്വഫ ഹുദവി ആക്കോടിന്റെ പ്രഭാഷണം. സമാപന ദുആക്ക് വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.
- Darul Huda Islamic University