സമസ്ത: പൊതു പരീക്ഷ ഫലം തിങ്കളാഴ്ച പ്രസിദ്ധീകരിക്കും

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് മെയ് 30,31 തിയ്യതികളില്‍ നടത്തിയ പൊതുപരീക്ഷകളുടെ ഫലം ജൂലായ് 6ന് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് പൊതുപരീക്ഷ നടന്നത്. കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണ്ണാടക, മഹാരാഷ്ട്ര, ലക്ഷദ്വീപ്, അന്തമാന്‍, യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍, മലേഷ്യ, സഊദി അറേബ്യ, കുവൈറ്റ് എന്നിവിടങ്ങളിലെ 9503 മദ്‌റസകളിലായി മൊത്തം 2,15,487 വിദ്യാര്‍ത്ഥികളാണ് പൊതുപരീക്ഷയില്‍ പങ്കെടുത്തത്. ജൂണ്‍ 6 മുതല്‍ നടന്ന മൂല്യനിര്‍ണയവും തുടര്‍ന്നു നടന്ന ടാബുലേഷന്‍ ജോലികളും പൂര്‍ത്തിയായിട്ടുണ്ട്. 
ചെയര്‍മാന്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പരീക്ഷാ ബോര്‍ഡ് യോഗം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, കെ.ഉമര്‍ ഫൈസി മുക്കം, ഡോ. എന്‍.എ.എം. അബ്ദുല്‍ഖാദിര്‍ പങ്കെടുത്തു.
- SKIMVBoardSamasthalayam Chelari