ജ്ഞാന സമ്പാദനത്തിലൂടെ റമളാനുമായുള്ള ബന്ധം ദൃഢമാക്കണം: പി.കെ. സുലൈമാന്‍ മൗലവി

കളമശ്ശേരി: അനുഗ്രഹീത റമളാന്‍ മാസത്തില്‍ ഖുര്‍ആനിക സൂക്തങ്ങളുടെ അവതരണത്തിന് തുടക്കം കുറിക്കപ്പെട്ടത് ഈ മാസത്തോടുള്ള ആദരവാണെന്നും ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്ന വിജ്ഞാന സമ്പാദനത്തിലൂടെ റമളാനുമായുള്ള ബന്ധം നാം സുദൃഢമാക്കണമെന്നും ഞാലകം ജമാഅത്ത് ഖത്തീബ് പി.കെ. സുലൈമാന്‍ മൗലവി പറഞ്ഞു. മര്‍ക്കസ് വാഫി കോളേജ് സംഘടിപ്പിച്ച റമളാന്‍ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ കാലത്തിന്റെ വായനകള്‍ക്കനുസൃതമായി ഇസ്ലാമിനെ അവതരിപ്പിക്കാന്‍ സജ്ജരായ പണ്ഡിതര്‍ സമൂഹത്തില്‍ ഉണ്ടാകണം. അതിന് റമളാന്റെ ഈ ബന്ധം ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വാഫി കോളേജ് വര്‍ക്കിംഗ് പ്രസിഡന്റ് അല്‍ഫിയ അബ്ദുല്‍ ഖാദര്‍ ഹാജി അധ്യക്ഷത വഹിച്ചു. എം.എം. ശംസുദ്ദീന്‍ ഫൈസി പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. മുസ്ലിമിന്റെ സാമ്പത്തിക ബാധ്യതകള്‍ എന്ന വിഷയം പ്രിന്‍സിപ്പള്‍ ജഅ്ഫര്‍ ശരീഫ് വാഫി അവതരിപ്പിച്ചു. റമളാന്‍ പുണ്യവും കര്‍മ്മവും എന്ന വിഷയം മുനീര്‍ ഹുദവി തണ്ടേക്കാടും ബദര്‍ സ്മൃതിയില്‍ എം.എം. അബൂബക്കര്‍ ഫൈസിയും അവതരിപ്പിച്ചു. സമസ്ത ജില്ലാ സെക്രട്ടറി ഇ.എസ്. ഹസ്സന്‍ ഫൈസി ദുആ മജ്‌ലിസിന് നേതൃത്വം നല്‍കി. എ.എം. പരീത്കുട്ടി, സി.എം. അബ്ദുറഹ്മാന്‍ കുട്ടി, എം.ബി. മുഹമ്മദ് ഹാജി, മുഹമ്മദ് റുമൈസ് ഹുദവി, സഫ്വാന്‍ വാഫി, അബദുല്‍ ജബ്ബാര്‍ ബാഖവി, മുഹമ്മദ് ഹസീം തുടങ്ങിയവര്‍ പങ്കെടുത്തു. കോളേജ് അക്കാദമിക് കൗണ്‍സില്‍ കണ്‍വീനര്‍ സൈനുദ്ദീന്‍ വാഫി സ്വാഗതവും കോളേജ് സെക്രട്ടറി എം.എ. ഹമീദ് ഹാജി നന്ദിയും പറഞ്ഞു.
- MARKAZ WAFY COLLEGE