ബിത്രാ ദ്വീപിനു പുതിയ ഖാസി; ചരിത്ര നിയോഗവുമായി മുഹമ്മദ് യാസീൻ ഫൈസി

ലക്ഷദ്വീപ്: ലക്ഷദ്വീപിലെ ഏറ്റവും ചെറിയ ദ്വീപായ ബിത്രയുടെ പുതിയ ഖാളിയായി യുവ പണ്ഡിതൻ മുഹമ്മദ് യാസീൻ ബംഗ്ലാപുര (30) നിയോഗിതനായി. ബിത്രാ ഖാളിയായിരുന്ന സൈനുൽ ആബിദ് മുസ്ലിയാരുടെ വിയോഗത്തെ തുടർന്ന് ഉണ്ടായ ഒഴിവിലേക്കാണു പുതിയ ഖാളിയെ പ്രഖ്യാപിച്ചത്. ഇതോടെ ലക്ഷദ്വീപിലെ ഏറ്റവും പ്രായം കുറഞ്ഞ ഖാളി എന്ന അംഗീകാരം മുഹമ്മദ് യാസീനെ തേടിയെത്തി. ചെത്ത്ലാത്ത് ഖാളി അബ്ദുൽ റഷീദ് മദനിയുടെ ആമുഖ പ്രഭാഷണത്തിനു ശേഷം നിലവിൽ താൽക്കാലിക ഖാളി സ്താനം വഹിച്ചിരുന്ന ചെറിയമമ്മാത്തിയോട യൂസുഫ് ഹാജിയാണു തന്നിൽ അർപ്പിതമായ അധികാരം യുവ പണ്ഡിതൻ യാസീൻ ഫൈസിയിലേക്ക് കൈമാറിയത്. ബിത്രാ ജുമാമസ്ജിദിൽ തിങ്ങി നിറഞ്ഞ വിശ്വാസികൾ തക്ബീർ മുഴക്കി ഈ തീരുമാനത്തെ സ്വാഗതം ചെയ്തു.
ചെത്ത്ലാത്ത് ദ്വീപിലെ മദ്രസ്സാ വിദ്യാഭ്യാസത്തിനു ശേഷം രാമപുരം അൻ വാറുൽ ഇസ്ലാമിയ കോളേജിൽ മർഹൂം പാതിരമണ്ണ ജബ്ബാർ ഫൈസി ഉസ്താദിന്റെ ശിക്ഷണത്തിൽ ദർസ് പടനം നടത്തി. പനങ്ങാട് റഹ്മാനിയ ജുമാ മസ്ജിദിൽ ബശീർ ദാരിമി ഉസ്താദിന്റെ കീഴിൽ പടനം തുടർന്നു. തുടർന്ന് പ്രമുഖ വിദ്യാഭ്യാസാലയമായ പട്ടിക്കാട് ജാമിആ നൂരിയയിലെ ശ്രേഷ്ട കണ്ണികളിൽ ഒരാളായി. പ്രമുഖരായ ഉസ്താദുമാരുടെ സാന്നിദ്ധ്യവും ശിക്ഷണവും അവിടെ നിന്ന് ആവോളം ലഭിച്ചു. സമസ്ത മുൻ അധ്യക്ഷൻ കാളമ്പാടി ഉസ്താദ്, ആലികുട്ടി മുസ്ലിയാർ, ഏ.പി മുഹമ്മദ് മുസ്ലിയാർ കുമരം പുത്തൂർ, മുഹമ്മദലി ശിഹാബ് ഫൈസി, ചുങ്കത്തറ സുലൈമാൻ ഫൈസി, കോട്ടുമല മൊയ്തീൻ കുട്ടി മുസ്ലിയാർ, കഞ്ഞാണി മുഹമ്മദ് മുസ്ലിയാർ, സലീം ഫൈസി ഇർഫാനി, മർഹൂം ചേരമംഗലം മുഹമ്മദ് മുസ്ലിയാർ തുടങ്ങി അനവധി ഉസ്താദ് മാർ ഈ യുവപണ്ഡിതന്റെ വഴിത്താരകളിൽ വെളിച്ചം വിതറി.
മികച്ച സംഘാടകൻ കൂടിയായ ഫൈസി ചെത്ത്ലാത്ത് മുനവ്വിറുൽ ഇസ്ലാം മദ്രസ്സ സദർ മുഅല്ലിമായി സേവനമനുഷ്ടിച്ച് വരവെയാണു ഈ ചരിത്രദൗത്യം ഏറ്റെടുക്കുന്നത്. ചെത്ത്ലാത്ത് ദ്വീപിൽ ആസിക്കയിത്തിയോട കുന്നി അഹ്മദിന്റെയും ബംഗ്ലാപുര സാറാബിയുടെയും മകനാണു മുഹമ്മദ് യാസീൻ ഫൈസി.
- Sabith Sabi