ഘര്‍വാപസി മതംമാറ്റം തടയാനുള്ള നാടകം : SYS

കോഴിക്കോട് : നിര്‍ബന്ധിച്ചും പ്രലോഭിപ്പിച്ചും മതം മാറ്റുന്ന സംഘ്പരിവാറിന്റെ ഘര്‍വാപസി ഗൂഢമായ കുതന്ത്രത്തിന്റെ ഭാഗമാണെന്നും മതംമാറ്റം നിയമം മൂലം നടയാനുള്ള നാടകമാണെന്നും എസ് വൈ എസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് സി എച്ച് മഹ്‍മൂദ് സഅദിയും ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായിയും അഭിപ്രായപ്പെട്ടു. 'മതത്തില്‍ നിര്‍ബന്ധമില്ല' എന്നതാണ് ഇസ്‍ലാമിന്റെ കാഴ്ചപ്പാട്. സ്വയം ഇഷ്ടമുള്ള മതം വിശ്വസിക്കാനും ഉപേക്ഷിക്കാനുമുള്ള സ്വാതന്ത്ര്യം രാജ്യത്തെ മൌലിക അവകാശമാണ്. ഈ സ്വാതന്ത്ര്യം മുഖേന ഇന്ത്യയില്‍ നിലനിന്നിരുന്ന ചാതുര്‍വര്‍ണ്ണ്യത്തിന്റെ ദുരവസ്ഥ വെടിയാനും മനുഷ്യനായി ജീവിക്കാനും രാജ്യത്തെ ദളിതുകാരും കീഴ്‍ജാതിക്കാരും ഇസ്‍ലാമിനെ സ്വീകരിച്ചിരുന്നു. ഇന്നും പലഭാഗത്തും ജാതീയതക്കെതിരെ ഇസ്‍ലാമിനെ സ്വീകരിക്കുന്ന പ്രവണതയുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ സവര്‍ണ്ണാധിപത്യത്തിലുള്ള സംഘ്പരിവാറിന് കഴിയാതെ വന്നപ്പോളഅ‍ നിര്‍ബന്ധിച്ചും പ്രലോഭിപ്പിച്ചുമുള്ള മതംമാറ്റം നടത്തി പ്രശ്നങ്ങള്‍ സൃഷ്ടിച്ച് രാജ്യം കലുശിതമാക്കുകയും അതുവഴി നിയമം മൂലം മതംമാറ്റം നിരോധിക്കാനുമുള്ള ശ്രമവുമാണ് സംഘ്പരിവാര്‍ സ്വീകരിക്കുന്നത്. ഇതിനെ വിശ്വാസികള്‍ കരുതിയിരിക്കണമെന്ന് അവര്‍ പറഞ്ഞു. മതംമാറ്റം നിയമം നിര്‍മ്മിച്ചു തടയാന്‍ ഏകോപനം ഉണ്ടാക്കുക എന്ന വ്യാജേന കേന്ദ്രഭരണകൂടം ചില മുസ്‍ലിം പണ്ഡിതന്മാരെ സമീപിക്കാനും സംഘ്പരിവാറിന്റെ അച്ചാരം പറ്റുന്ന ഭൌതിക പണ്ഡിതന്മാരില്‍ നിന്ന് അനുകൂല നിലപാട് ഉണ്ടാക്കാനുമുള്ള ശ്രമം നടന്നതായി അറിയുന്നു. ഇസ്‍ലാമിന്റെ നിലപാടുകള്‍ അറിയേണ്ടത് അത്തരക്കാരില്‍ നിന്നല്ല എന്ന് ഭരണകൂടം മനസ്സിലാക്കണമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.
- SKSSF STATE COMMITTEE