ശിഹാബ് തങ്ങള്‍ സെന്റര്‍ നാഷണല്‍ മിഷന്‍ പ്രഖ്യാപനം ഇന്ന്

കോഴിക്കോട് : പട്ടിക്കാട് ജാമിഅഃ നൂരിയ്യക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസിന്റെ ദേശീയ ദൗത്യ പ്രഖ്യാപന സമ്മേളനവും നാഷണല്‍ കോണ്‍ഫ്രന്‍സ് സംഘാടക സമിതി രൂപീകരണവും ഇന്ന് (ശനി) നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് അസ്മ ടവറില്‍ നടക്കുന്ന പരിപാടിയില്‍ വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ദേശീയ ദൗത്യ പ്രഖ്യാപനം നടത്തും.

കേരളത്തിലെത്തുന്ന മറുനാടന്‍ തൊഴിലാളികളെ ഗള്‍ഫ് മലയാളി കൂട്ടൂയ്മയുടെ മാതൃകയില്‍ സംഘടിപ്പിച്ച് അവരുടെ ഗ്രാമങ്ങളില്‍ വിദ്യഭ്യാസ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന രീതിയിലാണ് ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസിന്റെ നാഷണല്‍ മിഷന് രൂപം നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തെ അനാഥ ശാലകളുടേയും സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. കേരളത്തിലെ അനാഥശാലകളില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും തുടര്‍പഠനം ഉറപ്പ് വരുത്തുന്നതിനും ശിഹാബ് തങ്ങള്‍ സെന്റര്‍ പദ്ധതി രൂപപ്പെടുത്തും.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ യോഗം ഉദ്ഘാടനം ചെയ്യും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ കര്‍മ്മ പദ്ധതി അവതരിപ്പിക്കും. സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, കെ.പി.എ മജീദ്, സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, ഹാജി കെ.മമ്മദ് ഫൈസി, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, സയ്യിദ് അബ്ദന്നാസര്‍ ശിഹാബ് തങ്ങള്‍, സി.കെ.എം സാദിഖ് മുസ്‌ലിയാര്‍, പി.കെ.കെ ബാവ, പി.വി അബ്ദുല്‍ വഹാബ്, അബ്ദുസമദ് പൂക്കോട്ടൂര്‍ പ്രസംഗിക്കും.
- Secretary Jamia Nooriya