പര്‍ദ്ദ; എം.ഇ.എസ് നിലപാട് വ്യക്തമാക്കണം : സമസ്ത

കോഴിക്കോട് : പര്‍ദ്ദ സംബന്ധിച്ച് എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ: ഫസല്‍ ഗഫൂര്‍ നടത്തിയ പ്രസ്താവന സംഘടനയുടെ ഔദ്യോഗിക നിലപാടാണോ എന്ന് വ്യക്തമാക്കണമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി എം.ഇ.എസ് സംസ്ഥാനക്കമ്മിറ്റിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. ഇസ്ലാമിക വിശ്വാസപ്രമാണങ്ങള്‍ക്കും ആചാരങ്ങള്‍ക്കുമെതിരെ ഫസല്‍ ഗഫൂര്‍ നിരന്തരം നടത്തുന്ന പ്രസ്താവനകള്‍ ഇസ്‌ലാമിക ശരീഅത്തിനെ ചോദ്യം ചെയ്യലും ഇതര സമൂഹത്തിനിടയില്‍ മുസ്‌ലിം സമുദായത്തെ അപഹാസ്യമാക്കുകയുമാണ് ചെയ്തിരിക്കുന്നത്. ന്യൂനപക്ഷാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ: എം വീരാന്‍കുട്ടി ഇക്കാര്യമാണ് ഫസല്‍ഗഫൂറിന് നല്‍കിയ നോട്ടീസിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ന്യൂനപക്ഷവിഭാഗങ്ങളുടെ അവകാശസംരക്ഷണം ഉറപ്പുവരുത്താന്‍ ബാധ്യതയുള്ള കമ്മീഷന്‍ ആ ഉത്തരവാദിത്വമാണ് നിര്‍വഹിച്ചിട്ടുള്ളത്.

ഇന്ത്യയിലെ ഏതൊരു പൗരനും അവരുടെ മതവിശ്വാസമനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നിരിക്കെ ഖുര്‍ആനും സൂറത്തും അനുശാസിക്കുന്ന പര്‍ദ്ദയ്‌ക്കെതിരെയുള്ള പ്രചാരണം ഫാസിസ്റ്റ് ശൈലിയാണ്. മതപരമായ അറിവില്ലാത്തവര്‍ നിയമങ്ങളില്‍ ഇടപെടുന്നത് പൊറുപ്പിക്കാന്‍ കഴിയില്ലെന്നും കത്തില്‍ സൂചിപ്പിച്ചു.

കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് പി.കെ.പി അബ്ദുസലാം മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. പ്രൊഫ: കെ ആലിക്കുട്ടി മുസ്‌ലിയാര്‍, സി.കെ.എം സാദിഖ് മുസ്‌ലിയാര്‍, എം.എ ഖാസിം മുസ്‌ലിയാര്‍, കെ.ടി ഹംസ മുസ്‌ലിയാര്‍, ഡോ: ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, എം.എം മുഹ്‌യുദ്ദീന്‍ മൗലവി, ഡോ: എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, ഹാജി കെ മമ്മദ് ഫൈസി, കെ ഉമ്മര്‍ ഫൈസി മുക്കം, എം.സി മായിന്‍ ഹാജി, എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, എം.പി.എം ഹസ്സന്‍ ശരീഫ് കുരിക്കള്‍, കെ.എം അബ്ദുള്ള മാസ്റ്റര്‍ പ്രസംഗിച്ചു. കെ മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
- SKIMVBoardSamasthalayam Chelari