വിസ്മയം തീര്‍ത്ത് 'മര്‍കസ് എക്‌സ്‌പോ'

തിരൂരങ്ങാടി : വിസ്മയങ്ങളുടെ മായാലോകം സൃഷ്ടിച്ച് 'മര്‍കസ് എക്‌സ്‌പോ'14' ശ്രദ്ധേയമാകുന്നു. കുണ്ടൂര്‍ മര്‍കസ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായാണ് എട്ട് ദിവസത്തിലധികം നീണ്ടുനില്‍ക്കുന്ന എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്. ഉദ്ഘാടന ദിവസം മുതല്‍ തന്നെ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. ഉച്ചക്ക് ഒരു മണി മുതല്‍ അഞ്ച് മണി വരെ സ്ത്രീകള്‍ക്ക് മാത്രമായി സന്ദര്‍ശന സൗകര്യം ഏര്‍പ്പെടുത്തിയതോടെ സംഘാടകര്‍ പ്രതീക്ഷച്ചതിലുമധികമായിരുന്നു ജനത്തിരക്ക്. സ്ത്രീകളും കുട്ടികളും വ്യത്യസ്ത സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുമടക്കം ഒട്ടനവധി പേര്‍ ഇതിനകം തന്നെ എക്‌സ്‌പോ സന്ദര്‍ശിച്ചു കഴിഞ്ഞു. 

റീജ്യണല്‍ സയന്‍സ് സെന്ററിന്റെ പ്ലാനറ്റേറിയം, ഐ. എസ്. ആര്‍. ഒ, മെല്‍റ്റിംങ് മാന്‍, ഇസ്‌ലാമിക് മെസേജ്, അമ്പതിലധികം ഭാഷകളിലെ ഖുര്‍ആന്‍ വിവര്‍ത്തനങ്ങള്‍, ഖുര്‍ആനിന്റെ എറ്റവും ചെറിയ കൈയ്യെഴുത്ത് പ്രതി, ഏറ്റവും കുറഞ്ഞ ചെലവില്‍ നിര്‍മിക്കാവുന്ന ബയോഗ്യാസ് പ്ലാന്റ്, സംസാരിക്കുന്ന അമേരിക്കന്‍ പാവ, മജീഷ്യന്‍ എം. എം പുതിയത്തിന്റെ മാജിക് ഷോ, പുരാവസ്തു ശേഖരം, ലഹരിക്കെതിരെ ശാസ്ത്രീയ മാജിക്, നൂറില്‍പരം രാജ്യങ്ങളുടെ കറന്‍സികള്‍, 200ല്‍പരം രാജാക്കന്മാരുടെ നാണയങ്ങള്‍ തുടങ്ങി നിരവധി സ്റ്റാളുകളാണ് പ്രദര്‍ശന നഗരിയില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഡിസംബര്‍ 28ന് എക്‌സ്‌പോ സമാപിക്കും.
- KUNDOOR MARKAZ