മദ്രസ അധ്യാപക ക്ഷേമനിധി പലിശമുക്തമാക്കിയ തീരുമാനം S.K.S.S.F സ്വാഗതം ചെയ്തു.


കാസര്‍കോട്: കേരള മദ്രസ അധ്യാപക ക്ഷേമനിധിപദ്ധതി പരിശമുക്തമാക്കി ആനുകൂല്യങ്ങള്‍ ട്രഷറിവഴി വിതരണം ചെയ്യാനുളള കേരളസര്‍ക്കാറിന്റെ നീക്കം സ്വാഗതാര്‍ഹമാണെന്ന് എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്നയും ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചവും സംയുക്തപ്രസ്താവനയില്‍ പറഞ്ഞു.പ്രതിമാസം 50 രൂപ മദ്രസ അധ്യാപകരും 50 രൂപ മദ്രസ മാനേജ്‌മെന്റ് കമ്മിറ്റി മുഖേനയും ക്ഷേമനിധിയിലേക്ക് അടക്കുന്ന തുക ബാങ്കില്‍ നിക്ഷേപിച്ച് അതുവഴി ലഭിക്കുന്ന പലിശ സ്വീകരിക്കാന്‍ പലിശയെ നഖശിഖാന്തരം എതിര്‍ക്കുകയും അതിനെതിരെ ഉദ്‌ഭോധനം നടത്തുകയും ചെയ്യുന്ന മദ്രസ അധ്യാപകര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല.
ഒരു ലക്ഷത്തിലധികമുളള സംസ്ഥാനത്തെ മദ്രസ അധ്യാപകരില്‍ നിന്ന് അന്നത്തെ സര്‍കാരിനെ അമിതമായി അനുകൂലിച്ചിരുന്ന ഒരു വിഭാഗത്തില്‍പെട്ട രണ്ടായിരത്തോളം മുഅല്ലിമിങ്ങള്‍ മാത്രമാണ് ബാങ്ക് വഴിയുളള ക്ഷേമനിധിക്ക് അപേക്ഷ നല്‍കിയത്. ബഹുഭൂരിഭാഗം വരുന്ന മദ്രസ മുഅല്ലിമീങ്ങളും വിട്ടുനിന്ന് ശക്തമായി പ്രതിഷേധിച്ചിട്ടും ഇടതുസര്‍ക്കാര്‍ കണ്ണുതുറന്നിരുന്നില്ല. ന്യൂനപക്ഷ ക്ഷേമമെന്ന തട്ടിപ്പ് വഴി മുസ്ലീം ജനവിഭാഗങ്ങളില്‍ സ്വാധീനം ചെലുത്താനുളള പാഴ്‌നടപടിയായിരുന്നു ഇത്. പദ്ധതി പ്രഖ്യാപിക്കാന്‍ അന്നത്തെ ന്യൂനപക്ഷമന്ത്രിയായിരുന്ന പാലോളി മുഹമ്മദ്കുട്ടി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പോലും അധികം ആളുകള്‍ പങ്കെടുക്കാത്തത് ഇതിനെതിരെയുളള പ്രതിഷേധമായിരുന്നുവെന്ന് പ്രസ്താവനയില്‍ നേതാക്കള്‍ കൂട്ടിചേര്‍ത്തു.