കൊടപ്പനക്കലെ സ്നേഹവും അധികാരവുമായിരുന്നു അലവി

പാണക്കാട് കൊടപ്പനക്കല്‍ ആര്‍ക്കായിരുന്നു കൂടുതല്‍ അധികാരം. സംശയിക്കേണ്ട അലവിക്കു തന്നെ. ചെറുവാരത്ത് അലവി എന്ന വീട്ടുപേര് ചേര്‍ത്ത് വിളിച്ചാലൊന്നും ആ പേര് പൂര്‍ണമാകില്ല. നാട്ടുകാര്‍ക്ക് പോലും അത് കൊടപ്പനക്കലെ അലവിയാണ്. 

പാണക്കാട് സയ്യിദ് കുടുംബവുമായി കൊടപ്പനക്കല്‍ വീട് എത്രത്തോളം ബന്ധപ്പെട്ടുകിടക്കുന്നുവോ അത്രയും ഗാഢമായി അലവിയുടെ ജീവിതത്തിലും കൊടപ്പനക്കല്‍ നിറഞ്ഞുനിന്നു. 

നാടിനും സമുദായത്തിനും വേണ്ടി ത്യാഗപൂര്‍ണമായ ജീവിതം നയിച്ച മഹാനായ പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ കാലംതൊട്ട് അലവിയുണ്ട് അവിടെ.
കൊടപ്പനക്കല്‍ വന്നുപോയിരുന്ന ബാല്യം തൊട്ടുള്ള എന്റെ ഓര്‍മകളില്‍ പൂക്കോയ തങ്ങള്‍ക്കൊപ്പം, ശിഹാബ് തങ്ങള്‍ക്കും സഹോദരന്‍മാര്‍ക്കുമിടയില്‍ വിരുന്നുകാര്‍ക്കും വീട്ടുകാര്‍ക്കും മധ്യെ ശ്രദ്ധിക്കപ്പെടുന്ന സാന്നിധ്യമായി അലവിയുണ്ട്. മെലിഞ്ഞ ദേഹ പ്രകൃതിയും ഓടിനടന്നുള്ള ജോലികളും. ചോദ്യങ്ങള്‍ക്കെല്ലാം ഒറ്റവാക്കില്‍ ചടുലമായ മറുപടികള്‍.
വ്യത്യസ്തമായ ഉദ്ദേശ്യലക്ഷ്യങ്ങളുമായി ദൈനം ദിനം പാണക്കാട് വരുന്ന അനേകമനേകം അതിഥികളെ സ്വീകരിക്കലും ചായ കൊടുക്കലുമായിരുന്നു പ്രതൃക്ഷത്തില്‍ അലവിയുടെ ചുമതല. പക്ഷെ അതിനുമപ്പുറത്ത് കൊടപ്പനക്കലെ ഒരു "പ്രസ്ഥാന'മായി അലവി എന്ന സാധാരണക്കാരന്‍ ഉയര്‍ന്നുനിന്നു.
കളങ്കമില്ലാത്ത കൂറും വിശ്വാസ്യതയും ആ വ്യക്തിത്വത്തിനു മാറ്റുകൂട്ടി. കൊടപ്പനക്കല്‍ വീട്ടിനകത്തെ കാര്യത്തിലും പൊതു വിഷയത്തിലും ഒരു പോലെ താല്‍പര്യവും ജാഗ്രതയും പുലര്‍ത്തി അദ്ദേഹം. തന്റെ മുന്നിലൂടെ കടന്നുപോകുന്ന ഓരോവ്യക്തിയെയും വേര്‍തിരിച്ചറിയാനുള്ള അപാരമായ ഒരു സിദ്ധിവിശേഷം തന്നെ അലവിക്കുണ്ടായിരുന്നു.
ഓരോ ആളുടെയും സമീപനവും സ്വഭാവവും വെച്ച് അളന്നുമുറിച്ച് തിട്ടപ്പെടുത്തുന്ന രീതി. വ്യക്തികളെ കുറിച്ചുള്ള അലവിയുടെ നിഗമനങ്ങള്‍ പിഴച്ചതായി അനുഭവമില്ല.
വിദ്യാര്‍ത്ഥി ജീവിത ഘട്ടം കഴിഞ്ഞ് ഞാന്‍ പൊതുരംഗത്തെത്തിയ സന്ദര്‍ഭം. രാഷ്ട്രീയ വിഷയങ്ങളും പൊതു പ്രശ്നങ്ങളും പാണക്കാട്ടെ കാര്യങ്ങളുമെല്ലാം കൈകാര്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അലവിയെ കൂടുതല്‍ അടുത്തറിയാനായി. ഉപദേശവും ശാസനയും ആളുകളെ സംബന്ധിച്ച വിലയിരുത്തലുമെല്ലാം അടിക്കടികിട്ടിക്കൊണ്ടിരിക്കും. അതിന് അദ്ദേഹത്തിന്റെതായ ഒരു ഭാഷാ ശൈലിയും ആംഗ്യവും സൂചകങ്ങളുമുണ്ട്. അധികം വാക്കുകളുണ്ടായിരിക്കില്ല. ഒറ്റ പ്രസ്താവന. 
ചില ആളുകളുടെ പേര് പറയും. ""ആ ആള്‍ കുഴപ്പമില്ല. നല്ല മനുഷ്യനാണ്. ആത്മാര്‍ത്ഥതയുള്ളവനാണ്.'' എന്നിങ്ങനെ. അപൂര്‍വം ചിലരെ കുറിച്ച് പറയും സൂക്ഷിക്കണം, ആളത്ര ശരിയല്ല; അയാള്‍ പോട്ടെ'' ഒരുപക്ഷെ അലവി പറയുന്നതില്‍ നിന്നും വിഭിന്നമായ ഒരു ധാരണ പ്രസ്തുത വ്യക്തിയെ കുറിച്ച് നാം മനസ്സില്‍ കൊണ്ടു നടക്കുമ്പോഴായിരിക്കും ആ വെളിപ്പെടുത്തല്‍. പിന്നീട് വീക്ഷിക്കുമ്പോള്‍ അലവിയുടെ വിലയിരുത്തല്‍ അക്ഷരം പ്രതി ശരിയാണെന്നു ബോധ്യമാവുകയും ചെയ്യും. കാപട്യം കാണിക്കുന്നവരെ പെട്ടെന്നുതിരിച്ചറിയാന്‍ അലവിക്കുകഴിയും. അത് തന്റെ ചടുല ഭാഷയില്‍ ആളുകളുടെ മുന്നില്‍വെച്ചു പറയും. തങ്ങളോട് പറയും. 
മറ്റുനേതാക്കന്മാരോടു പറയും. അത്തരം വ്യക്തിയോട് സഹവാസമുള്ളവര്‍ എത്ര ഉന്നതനായാലും ശാസിക്കുകയും ചെയ്യും. വ്യക്തിപരമായി എനിക്ക് ഏറെ വിമര്‍ശനങ്ങള്‍ കിട്ടിയിട്ടുണ്ട് അലവിയില്‍ നിന്ന്. പൊതു കാര്യങ്ങളും പാണക്കാട്ടെ കാര്യങ്ങളും നോക്കാനേല്‍പ്പിച്ച ആള്‍ എന്ന നിലയിലാണത്. ജന മധ്യത്തില്‍ വെച്ചായിരിക്കും ചിലപ്പോള്‍ ശാസനയും നിര്‍ദ്ദേശവും. "എന്താ വെറുതെ നോക്കിയിരിക്ക്ണത്? നിങ്ങള്‍ക്കൊക്കെയെന്താ പണി? ഈ മട്ടിലായിരിക്കും ചോദ്യങ്ങള്‍. അങ്ങനെയാണ് പല വിഷയങ്ങളും ശ്രദ്ധയില്‍ കൊണ്ടുവരാറുള്ളതും. 2006ല്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ രോഗ നില ആശാവഹമല്ലാത്ത സ്ഥിതിയിലേക്കു പോകുന്ന ഘട്ടം. തങ്ങള്‍ക്ക് വളരെയേറെ ശാരീരിക വിഷമതകളുണ്ട്. 
ശസ്ത്രക്രിയക്കായി വിദേശത്തേക്ക് കൊണ്ടുപോകുന്നതും അതിന്റ ഫലവും സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്. തീരുമാനമായിട്ടില്ല. ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ഡോക്ടര്‍മാരും നേതാക്കളും ബന്ധുക്കളും ഉള്‍പ്പെടെയുള്ള ഉത്തരവാദപ്പെട്ടവരെല്ലാം വിവിധ തിരക്കുകളിലായതിനാല്‍ പല ഘട്ടങ്ങളായി ഇരിക്കേണ്ടിവന്നു. ഇത്തരമൊരു സന്ദര്‍ഭത്തില്‍ തിരുവനന്തപുരത്ത് നിന്നുവരുന്നവഴി ഞാന്‍ കൊടപ്പനക്കല്‍ കയറിയതായിരുന്നു. ആ സമയമതാ അലവിവരുന്നു. എന്നെകണ്ടപാടെ ആളുകളുടെ മുമ്പില്‍വെച്ച് ഭയങ്കരദേഷ്യത്തോടെയുള്ള ശകാരം. "നിങ്ങളെല്ലാവരുടെയും മറ്റു പണികളൊക്കെ തീര്‍ത്തിട്ട് ഇത് തീരുമാനിച്ചാല്‍ പോരാ. കുറച്ച് ചര്‍ച്ച, പിന്നെ കുറച്ചാളുകള്‍ പോവുക. കാര്യപ്പെട്ട ചികിത്സ (അമേരിക്ക)ക്ക് കൊണ്ടുപോകുന്നുണ്ടെങ്കില്‍ ഇപ്പോ കൊണ്ടുപോകണം, പിന്നെപ്പറഞ്ഞിട്ട് കാര്യമില്ല'. അതൊരു ഉത്തരവായിരുന്നു. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ സംബന്ധിച്ച് കൊടപ്പനക്കലെ അലവിയുടെ ഉത്തരവ്. ആ സ്നേഹം കണ്ട് എന്റെ കണ്ണുകള്‍ നിറഞ്ഞു. അപ്പോള്‍ തന്നെ അവിടെ വെച്ച് അന്തിമ തീരുമാനത്തിനായി എല്ലാവരെയും വിളിച്ചു. അഹമ്മദ് സാഹിബ്, തങ്ങളുടെ സഹോദരന്മാര്‍ സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, തങ്ങളുടെ മക്കള്‍ സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഡോക്ടര്‍മാര്‍ എന്നിവരോടെല്ലാം സംസാരിച്ചു. അതീവ സങ്കീര്‍ണമായ ശസ്ത്രക്രിയക്കുവേണ്ടിയുള്ള ശിഹാബ് തങ്ങളുടെ അമേരിക്കന്‍ യാത്ര അത്ര പെട്ടെന്നായത് അലവിയുടെ ആ ശാസനയില്‍ നിന്നു തന്നെയാണ്. കളങ്ക രഹിതമായ ആത്മാര്‍ത്ഥതക്ക് തെളിവായിരുന്നു അത്. 
വ്യക്തികളുടെ സ്വഭാവ ഗുണ, ദോഷങ്ങള്‍ മാത്രമല്ല, സമുദായത്തിലെ പൊതുസ്ഥാപനങ്ങളുടെ നടത്തിപ്പ് പോലും അലവിയുടെ ശ്രദ്ധയിലുണ്ടാകും. അത് ചെന്നു പരിശോധിച്ച് നോക്കിയിട്ടൊന്നുമല്ല. പലരുടെയും സംഭാഷണത്തില്‍നിന്നും സ്ഥാപന ഭാരവാഹികളുടെ സമീപനത്തില്‍ നിന്നും അലവി ഊഹിച്ചെടുക്കുന്നതാണ്. ഉടന്‍ തങ്ങളോടോ മറ്റു ചുമതലപ്പെട്ടവരോടോ പറയും: "അതിന്റെ പോക്ക് അത്ര ശരിയല്ല, വേണെങ്കില്‍ നോക്കിക്കോളിന്‍'. കൊടപ്പനക്കലെ ദിനേനയുള്ള നൂറു കണക്കിന് കാര്യങ്ങളില്‍ നിന്ന് അലവി നിരൂപിച്ചെടുക്കുന്ന ഈ വിലയിരുത്തല്‍ കൃത്യമായിരിക്കും.
പാണക്കാട് വന്നുപോകുന്ന ഭരണാധികാരികള്‍, നേതാക്കന്മാര്‍, ഉന്നത വ്യക്തികള്‍, സാധാരണക്കാര്‍ എല്ലാവര്‍ക്കും അലവി അര്‍ഹിക്കുന്ന ബഹുമാനവും പരിചരണവും നല്‍കി. ആ ജനക്കൂട്ടത്തിനിടയില്‍ നിന്ന് വളരെ പാവപ്പെട്ടവരെ കണ്ടെത്തി സഹായം ലഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യും. എന്നോടും മറ്റു പലരോടുംപറയും: "നിങ്ങള്‍ അയാള്‍ക്കു കുറച്ചു പൈസ കൊടുക്കി', അവരൊന്നും അലവിയുടെ ആരുമല്ല. എന്നാലും അത്തരക്കാര്‍ക്കെല്ലാം വേണ്ടി പരിശ്രമിക്കും. 
വലിയ നേതാവോ, പൊതുപ്രവര്‍ത്തകനോ, വിദ്യാസമ്പന്നനോ ഒന്നുമല്ലാത്ത വെറും സാധാരണക്കാരനായ അലവിയുടെ ദൂരക്കാഴ്ചയാണതെല്ലാം. വ്യക്തിപരമായി എന്റെ ജീവിതത്തില്‍ അലവി ഏറെ ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്.
മലപ്പുറം മണ്ഡലത്തില്‍ നിന്നുമാറി കുറ്റിപ്പുറത്ത് മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ അലവി അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചു. "എന്തിനാ അങ്ങോട്ട് പോകുന്നത്! മണ്ഡലം ഒരിടത്ത് നിങ്ങള്‍ വേറൊരിടത്ത്, ഇവിടത്തെ പണികള്‍ വല്ലതും നടക്ക്വോ?. മഞ്ചേരി പരാജയത്തിന്റെ അന്തരീക്ഷം നിലനില്‍ക്കെ നാലാം തവണയും കുറ്റിപ്പുറത്താണെന്ന് കേട്ടപ്പോള്‍ പറഞ്ഞു. ""ഈ പോക്ക് കഷ്ടകാലത്തിനാണ്. നോക്കിക്കോളിന്‍. വെറുതെ ബുദ്ധിമുട്ടിനുപോവാണ്. അവിടത്തെ പ്രശ്നം തീര്‍ക്കാന്‍ ചെന്നുനിന്നാല്‍ അതുകൊണ്ട് പ്രശ്നാവും കെട്ടോ?'' അതായിരുന്നു അലവി. ഉള്ളിലെ സ്നേഹത്തില്‍ നിന്നുയരുന്ന താക്കീതും ശാസനയുമായിരുന്നു അത്.
ബാല്യംതൊട്ട് മനസ്സില്‍ കൊണ്ടുനടന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വേര്‍പാട് അലവിക്ക് താങ്ങാനാവാത്തതായി. അദ്ദേഹം മാനസികമായി തകര്‍ന്നു. തങ്ങളുടെ മക്കളും സഹോദരന്‍മാരും ഒരു കുടുംബാംഗത്തെ പോലെ അദ്ദേഹത്തെ എന്നും പരിഗണിച്ചു. സ്നേഹിച്ചു. രോഗം ഇടക്കിടെ അലവിയെ ബുദ്ധിമുട്ടിക്കുമ്പോള്‍ ശിഹാബ് തങ്ങള്‍ പ്രത്യേകം ഓര്‍മപ്പെടുത്തുമായിരുന്നു. "നമ്മുടെ അലവിന്റെ കാര്യം നോക്കണംട്ടോ' ഇന്നോളം വീഴ്ചവരുത്താതെ ആ നിര്‍ദ്ദേശം പാലിച്ചിട്ടുണ്ട്. അതിനുമാത്രം അലവി എല്ലാവരെയും ഉള്ളില്‍ തട്ടി സ്നേഹിച്ചിട്ടുമുണ്ട്. (അവ: ചന്ദ്രിക)