മലപ്പുറം: പാണക്കാട് കൊടപ്പനയ്ക്കല്‍ തറവാട്ടില്‍ ഒരിക്കലെങ്കിലും എത്തിയവര്‍ മറക്കില്ല അലവിക്കയെ. തറവാട്ടിലെ ഒരു അംഗത്തെപ്പോലെ 50 വര്‍ഷത്തോളം എല്ലാ കാര്യങ്ങളും ഓടിനടന്ന് ചെയ്ത അലവിക്ക കൊടപ്പനയ്ക്കല്‍ തറവാട്ടിലെ ചിരപരിചിത മുഖങ്ങളിലൊന്നായിരുന്നു. പൂക്കോയ തങ്ങളുടെ കാലത്ത് തറവാട്ടിലെത്തിയ അലവി 35 വര്‍ഷത്തോളം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളോടൊപ്പമുണ്ടായിരുന്നു. തങ്ങളുടെ വിയോഗശേഷവും അത് തുടര്‍ന്നു രോഗം മൂര്‍ച്ഛിച്ചു കിടപ്പിലാകുംവരെ. കൊടപ്പനയ്ക്കല്‍ എത്തുന്നവരെ വലിപ്പച്ചെറുപ്പം നോക്കാതെ സ്വീകരിച്ച് സത്കരിച്ചിരുന്ന അലവിയുടെ വിയോഗം നാട് വേദനയോടെയാണ് കേട്ടത്.
അന്തരിച്ച ശിഹാബ് തങ്ങളോട് സ്‌നേഹപൂര്‍ണമായ സ്വാതന്ത്ര്യം എടുക്കാന്‍ കഴിഞ്ഞ വ്യക്തി കൂടിയായിരുന്നു അലവിക്ക. തറവാട്ടിലെ എല്ലാ കാര്യങ്ങളിലും ഇടപെടുന്നതിനും അഭിപ്രായം പറയുന്നതിനും തങ്ങള്‍ ഇദ്ദേഹത്തിന് സ്വാതന്ത്ര്യവും നല്‍കിയിരുന്നു. സന്ദര്‍ശകരായെത്തുന്നവര്‍ മന്ത്രിമാരോ രാഷ്ട്രീയക്കാരോ പാവങ്ങളോ ആരായിരുന്നാലും എല്ലാവര്‍ക്കും അദ്ദേഹത്തോട് സ്‌നേഹവും ബഹുമാനവുമുണ്ടായിരുന്നു. എല്ലാവരെയും ഒരുപോലെ സ്വീകരിച്ചിരുത്താനും അലവിക്ക് കഴിഞ്ഞിരുന്നു.
പുലര്‍ച്ചെ തറവാട്ടിലെത്തുന്ന അലവിക്ക, വീട്ടിലെ സന്ദര്‍ശക തിരക്ക് തീരുംവരെ കാണും. തിരക്ക് കൂടുമ്പോള്‍ വിശ്രമത്തിന്റെ കാര്യവും തങ്ങളെ അലവി ഓര്‍മ്മിപ്പിക്കുമായിരുന്നു. തറവാട്ടിലെത്തുന്ന പാവങ്ങളുടെ പ്രയാസങ്ങള്‍ അധികാര കേന്ദ്രങ്ങളിലുള്ളവര്‍ എത്തുമ്പോള്‍ പറയാനും മറന്നിരുന്നില്ല.
ഞായറാഴ്ച പുലര്‍ച്ചെ 2.45ഓടെയാണ് പാണക്കാട്ടെ അലവിക്ക എന്ന ചെറുവാരത്ത് അലവി(70)നിര്യാതനായത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ഭാര്യ: പാത്തുമ്മ. മക്കള്‍: ഹുസൈന്‍(മലപ്പുറം സ്പിന്നിങ് മില്‍), റസിയ(മലപ്പുറം സര്‍വീസ് സഹകരണ ബാങ്ക്). മരുമക്കള്‍: മൂസ ഒറ്റത്തറ(ഫോട്ടോഗ്രാഫര്‍), സൗദ. സഹോദരങ്ങള്‍: മുഹമ്മദ്, മൊയ്തീന്‍, ഇയ്യാത്തു, ബിയ്യ.
മരണ വാര്‍ത്ത അറിഞ്ഞയുടന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ അലവിയുടെ വസതിയിലെത്തി. സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ എന്നിവരും കുടംബാംഗങ്ങളെ ആശ്വസിപ്പിച്ചു.