കാരുണ്യ പ്രവര്‍ത്തനങ്ങള്‍ വഴി ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം

ജിദ്ദ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ അതിന്‍റെ നി‍ര്‍ദ്ദിഷ്ട ഇസ്‍ലാമിക മാതൃകയില്‍ പ്രാവര്‍ത്തികമാക്കപ്പെട്ടാല്‍ സമൂഹത്തില്‍ നിന്നും ദാരിദ്ര്യം സ്വമേധയാ നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെടുമെന്ന് അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ പറഞ്ഞു. ഓരോ വ്യക്തിയും തന്‍റെ കുടുംബത്തിലും ആശ്രിതരിലും തുടങ്ങണം കാരുണ്യ പ്രവര്‍ത്തനങ്ങള്‍. അര്‍ഹരെ കണ്ടെത്തുന്നതിന്‍റെ മാനദണ്ഡം ആഡംബര ജീവിതത്തിന്‍റെ സൗകര്യങ്ങളാകരുത്. ഏത് സമയത്തും നിലച്ചുപോയേക്കാവുന്ന ഒരു സാന്പത്തിക സ്രോതസ്സാണ് പ്രവാസികളുടേതെന്ന ബോധം സൂക്ഷ്മതയോടെയുള്ള സമീപനം സ്വീകരിക്കാനും തിരിച്ചു പോക്കിനെ കുറിച്ച് ചിന്തിക്കാനും അവരെ പ്രാപ്തരാക്കണം. എന്നാല്‍ ആശങ്കകള്‍ നിലനില്‍ക്കുന്പോള്‍ ചെയ്യുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളാണ് ഏറെ പ്രതിഫലാര്‍ഹമെന്നും അബ്ദുസ്സലാം ഫൈസി ഉദ്ബോധിപ്പിച്ചു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മമ്മദ് കാടപ്പടിക്ക് ദാറുല്‍ ഹുദാ ഇസ്‍ലാമിക് യൂണിവേഴ്സിറ്റി കമ്മിറ്റി ജിദ്ദാ കമ്മിറ്റി നല്‍കിയ യാത്രയയപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിദ്ദയിലെ പ്രവാസികള്‍ക്കിടയില്‍ മത, സാമൂഹിക, രാഷ്ട്രീയ മേഖലകളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഏറെക്കാലമായി മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന മമ്മദ് കാടപ്പടിക്ക്, കമ്മിറ്റിയുടെ സ്നേഹോപഹാരം സയ്യിദ് ഉബൈദുല്ല തങ്ങള്‍ സമര്‍പ്പിച്ചു. അബ്ദുല്ല ഫൈസി കൊളപ്പറന്പിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇബ്റാഹീം ഫൈസി തിരൂര്‍ക്കാട്, അബ്ദുറഹ്‍മാന്‍ ഫൈസി കഴിമണ്ണ, സയ്യിദ് സീതിക്കോയ തങ്ങള്‍, നജ്‍മുദ്ദീന്‍ ഹുദവി, മുസ്തഫ ഹുദവി, അബ്ദുല്‍ കരീം ഫൈസി കീഴാറ്റൂര്‍, കുഞ്ഞമ്മു ഹാജി അമ്മിനിക്കാട് തുടങ്ങി പ്രമുഖര്‍ സംബന്ധിച്ചു. സെക്രട്ടറി എം.. കോയ സ്വാഗതമാശംസിച്ചു. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിലധികമായി സ്നേഹപൂര്‍ണ്ണമായ സൗഹൃദത്തിലൂടെ ജിദ്ദയിലെ പ്രവാസി സമൂഹം തനിക്ക് നല്‍കിയത് മറക്കാനാവാത്ത അനുഭവങ്ങളാണെന്ന് കമ്മിറ്റി എക്സിക്യൂട്ട് അംഗം കൂടിയായ മമ്മദ് കാടപ്പടി യാത്രയയപ്പിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് പറഞ്ഞു.
- ഉസ്‍മാന്‍ എടേത്തില്‍ -