സുന്നി ഐക്യം: തുരങ്കം വെക്കുന്നത്‌ കാന്തപുരം

കോഴിക്കോട്‌ : സുന്നി ഐക്യ ശ്രമങ്ങള്‍ക്ക്‌ എതിരു നില്‍ക്കുന്നത്‌ എസ്‌.കെ.എസ്‌.എസ്‌.എഫാണെന്ന കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ പ്രസ്‌താവന അടിസ്ഥാന രഹിതവും തന്റെ കപടനീക്കങ്ങളുടെ ഒടുവിലത്തെ ഉദാഹരണവുമാണെന്ന്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന പ്രസിഡണ്ട്‌ പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങളും സെക്രട്ടറി ഓണംപിള്ളി മുഹമ്മദ്‌ ഫൈസിയും സംയുക്ത പ്രസ്‌താവനയില്‍ പറഞ്ഞു. തങ്ങളുടെ സമ്മേളനങ്ങളും തെരഞ്ഞെടുപ്പും വരുമ്പോള്‍ വിവാദമുണ്ടാക്കി മുതലെടുപ്പ്‌ നടത്താനുള്ള ശ്രമത്തിന്റെ ഭാഗം മാത്രമാണിത്‌. സുന്നി ഐക്യം പോലെയുള്ള സുപ്രധാന വിഷയങ്ങളില്‍ തീരുമാനമെടുക്കേണ്ടത്‌ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയാണ്‌. ഇത്തരം വിഷയങ്ങളില്‍ സമസ്‌തയുടെ തീരുമാനങ്ങള്‍ക്കപ്പുറം എസ്‌.കെ. എസ്‌.എസ്‌.എഫിന്‌ പ്രത്യേക തീരുമാനങ്ങളോ നീക്കങ്ങളോ ഉണ്ടായിട്ടില്ലെന്ന്‌ പ്രസ്‌താവനയില്‍ നേതാക്കള്‍ വ്യക്തമാക്കി. ഏതെങ്കിലും തരത്തില്‍ ഐക്യ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ അതിന്‌ തുരങ്കം വെക്കാന്‍ മാത്രമേ കാന്തപുരത്തിന്റെ ഇത്തരം പ്രസ്‌താവനകള്‍ ഉതകൂവെന്ന്‌ അവര്‍ ഓര്‍മിപ്പിച്ചു. 
- Riyas T. Ali -