മലപ്പുറം : മൂന്നുനാള്‍ നീണ്ടുനിന്ന ദാറുല്‍ഹുദ അന്തഃകലാലയ കലോത്സവം കൊടിയിറങ്ങി. ദാറുല്‍ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ ഇരുപതോളം യു.ജി കോളേജുകളില്‍നിന്നുള്ള ആയിരത്തോളം സര്‍ഗപ്രതിഭകള്‍ മാറ്റുരച്ചു. കലയും സംസ്‌കാരവും പരസ്പര ബന്ധിതമാണെന്നും കലാരംഗത്തെ മൂല്യശോഷണം സംസ്‌കാരത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് പറഞ്ഞു. ദാറുല്‍ഹുദ അന്തഃകലാലയ കലോത്സവ സമാപനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ധാര്‍മികതയിലും മൂല്യബോധത്തിലും ഊന്നിയുള്ള കലാസംസ്‌കാരത്തെ വളര്‍ത്തിയെടുക്കാനാണ് കാലം ആവശ്യപ്പെടുന്നത്. സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കപ്പെടുന്ന കലോത്സവകാലത്ത് ഇത്തരം മൂല്യാധിഷ്ഠിത കലാമേളകള്‍ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്‌ലാമിക നാഗരികതയുടെ അവിഭാജ്യ ഘടകമായിരുന്നു കലകളെന്നും മൃതാവസ്ഥയിലുള്ള ഇത്തരം കലകളെ പുനരുജ്ജീവിപ്പിക്കാന്‍ സമൂഹം തയ്യാറാവണമെന്നും ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പി ആവശ്യപ്പെട്ടു.
സമാപന സമ്മേളനത്തില്‍ ദാറുല്‍ഹുദ വൈസ്ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌നദ്‌വി അധ്യക്ഷത വഹിച്ചു. സയ്യിദ് മുഈനലി ശിഹാബ്തങ്ങള്‍, അബ്ദുറഹിമാന്‍ രണ്ടത്താണി എം.എല്‍.എ, ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി, എസ്.എം. ജിഫ്‌രിതങ്ങള്‍ കക്കാട്, യു. ശാഫിഹാജി എന്നിവര്‍ പ്രസംഗിച്ചു. ഡോക്യുമെന്ററി കാലിഗ്രഫി പ്രദര്‍ശനവും മേളയ്ക്ക് കൊഴുപ്പേകി. ദാറുല്‍ഹുദ പി.ജി അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ 'മാപ്പിളകലയുടെ നാള്‍വഴികള്‍' എന്ന ഡോക്യുമെന്ററിയാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്. ദിശ സര്‍ഗവേദിയാണ് കാലിഗ്രഫി പ്രദര്‍ശനം ഒരുക്കിയത്.
- ഉബൈദുല്ല റഹ് മാനി -