എസ്‌ കെ എസ്‌ എസ്‌ എഫ്‌ മനുഷ്യജാലിക ഇന്ന്‌

കോഴിക്കോട്‌ : എസ്‌ കെ എസ്‌ എസ്‌ എഫിന്റെ ആഭിമുഖ്യത്തില്‍ റപ്പബ്ലിക്‌ ദിനത്തില്‍ രാഷ്‌ട്രരക്ഷക്ക്‌ സൗഹൃദത്തിന്റെ കരുതല്‍ എന്ന സന്ദേശവുമായി മനുഷ്യജാലിക തീര്‍ക്കും. വൈകിട്ട്‌ 4 മണിക്ക്‌ കേരളത്തിലെ വിവിധ ജില്ലകളിലും ദക്ഷിണ കന്നഡ, ചിക്‌മാംഗ്ലൂര്‍, കൊടക്‌, ഹാസന്‍, നീഗലിഗി, ലക്ഷദ്വീപ്‌, ചെന്നൈ, ബംഗളുരു, ഡല്‍ഹി എന്നിവിടങ്ങളിലും സഊദി അറേബ്യ, യു എ ഇ, ഖത്തര്‍ , ഒമാന്‍ , കുവൈത്ത്‌, ബഹ്‌റൈന്‍ , തുടങ്ങി മലയാളി സാന്നിധ്യമുള്ള അറബ്‌രാഷ്‌ട്രങ്ങളില്‍ പരിപാടികള്‍ നടക്കും.

രാജ്യത്തെ സ്‌ഫോടനങ്ങളുടെ മുഴുവന്‍ പിതൃത്വവും മുസ്‌ലിംകളുടെ മേല്‍ കെട്ടിവെക്കുന്ന ശൈലിയായിരുന്നു ഭരണകൂടവും നീതിപാലകരും മാധ്യമങ്ങളും ഇതുവരെ സ്വീകരിച്ചുപോന്നത്‌. എന്നാല്‍ , സ്വാമി അസിമാനന്ദയുടെ വെളിപ്പെടുത്തലിലൂടെ ഹിന്ദുത്വ ശക്തികളാണ്‌ യഥാര്‍ഥ കുറ്റവാളികളെന്ന്‌ വെളിപ്പെട്ടിരിക്കുകയാണ്‌. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാറും നീതിപീഠവും തയ്യാറാവണം. അതേസമയം, സ്‌ഫോടനങ്ങളുടെ പേരില്‍ നൂറുകണക്കിന്‌ നിരപരാധികളായ മുസ്ലിം ചെറുപ്പക്കാരാണ്‌ വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്നത്‌. സംശയത്തിന്റെ പേരില്‍ ജനങ്ങളെ കുറ്റവാളികളാക്കുന്ന ശൈലി സര്‍ക്കാരും മാധ്യമങ്ങളും അവസാനിപ്പിക്കേണ്ടതും നിരപരാധികളെ ഉടന്‍ മോചിപ്പിക്കേണ്ടതുമാണ്‌. ഇവര്‍ക്ക്‌ അര്‍ഹമായ നഷ്‌ടപരിഹാരവും പുനരധിവാസവും ഉറപ്പ്‌ വരുത്തണം. ഇരകള്‍ക്കൊപ്പം നിന്നതിന്റെ പേരില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരും വേട്ടയാടപ്പെടുകയും ചെയ്യന്ന സാഹചര്യവും നിലവിലുണ്ട്‌. ഇത്തരം പോരാട്ടങ്ങള്‍ക്ക്‌ നിയമ പരിരക്ഷയും സംരക്ഷണവും നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം. സാധാരണക്കാരന്റെ അവസാനത്തെ പ്രതീക്ഷയായ ജുഡീഷ്യറിയില്‍ പോലും അഴിമതി കൊടികുത്തിവാഴുകയാണ്‌. വി ആര്‍ കൃഷ്‌ണയ്യരടക്കം ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനെതിരെ പ്രതികരിച്ച സാഹചര്യത്തില്‍ ഇതിലെ ദുരൂഹതമാറ്റാനും നടപടി സ്വീകരിക്കാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. ബഹുസ്വര രാജ്യത്ത്‌ സമുദായങ്ങള്‍ക്കിടയില്‍ സംശയവും വിദ്വേഷവും വളര്‍ത്തുന്ന പ്രസ്ഥാനങ്ങള്‍ക്കെതിരെ സര്‍ക്കാരും സമൂഹവും ഒറ്റക്കെട്ടായി നീങ്ങണമെന്ന്‌ ആവശ്യപ്പെട്ടു.

കേരളത്തില്‍ മനുഷ്യജാലിക നടക്കുന്ന വിവിധ കേന്ദ്രങ്ങളില്‍ പാണക്കാട്‌ സയ്യിദ്‌ സ്വാദിഖലി ശിഹാബ്‌ തങ്ങള്‍ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍, മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, ബിനോയ്‌ വിശ്വം, അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍ , മുസ്‌തഫ മുണ്ടുപാറ, അബ്‌ദുസ്സമദ്‌ സമദാനി, പി കെ കുഞ്ഞാലിക്കുട്ടി, നാസര്‍ഫൈസി കൂടത്തായി, ഓണംപിള്ളി മുഹമ്മദ്‌ ഫൈസി, എം ഐ ഷാനവാസ്‌ എം പി, മുന്‍ മന്ത്രിമാരായ പി ജെ ജോസഫ്‌, എം കെ മുനീര്‍, കെ മുരളീധരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ : ഓണംപിള്ളി മുഹമ്മദ്‌ ഫൈസി (ജനറല്‍ സെക്രട്ടറി), ബഷീര്‍ പനങ്ങാങ്ങര (ട്രഷറര്‍ ), അയ്യൂബ്‌ കൂളിമാട്‌ (വര്‍ക്കിംഗ്‌ സെക്രട്ടറി)
- റിയാസ് ടി. അലി -