രാഷ്ട്ര രക്ഷക്കും സമൂഹ നന്മക്കും പരസ്പരം അടുത്തറിയുക

ഷാര്‍ജ്ജ : മതങ്ങളെയും ഇസങ്ങളെയും തിരിച്ചറിയാത്തവരാണ് സമൂഹത്തില്‍ ഛിദ്രതയും വിഭാഗീയതയും സൃഷ്ടിക്കുന്നതെന്നും യഥാര്‍ത്ഥ മതവിശ്വാസികള്‍ക്ക് പരസ്പരം കലഹിക്കാന്‍ സാധിക്കുകയില്ലെന്നും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ സബാ ജോസഫ് അഭിപ്രായപ്പെട്ടു. മതങ്ങളെ കൂടുതല്‍ അടുത്തറിയുവാനും ബന്ധങ്ങള്‍ സുദൃഢമാക്കുവാനുമുള്ള അവസരങ്ങള്‍ വര്‍ദ്ധിക്കണമെന്നും എസ്.കെ.എസ്.എസ്.എഫിന്‍റെ മനുഷ്യജാലിക ഇതിന് മാതൃകയാണെന്നും ഇത്തരത്തില്‍ എല്ലാ വിഭാഗങ്ങളെയും പ്രതിനിധാനം ചെയ്യുന്ന രീതിയില്‍ പരിപാടി ഭാവിയില്‍ വിപുലമാവട്ടെ എന്നും ആശംസിച്ചു. ഇന്ത്യന്‍ റിപ്പബ്ലികിനോടനുബന്ധിച്ച് ഷാര്‍ജ്ജ സ്റ്റേറ്റ് എസ്.കെ.എസ്.എസ്.എഫ്. ഒരുക്കിയ മനുഷ്യജാലികയില്‍ കണ്ണി ചേര്‍ന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യജാലിക അബ്ദുറസാഖ് വളാഞ്ചേരിയുടെ അദ്ധ്യക്ഷതയില്‍ ഷാര്‍ജ്ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ്കെ.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്‍റ് അബ്ദുറസാഖ് തുരുത്തി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നൂറുക്കണക്കിനാളുകള്‍ പരസ്പരം കൈ കോര്‍ത്ത് ദേശീയ പതാക ഉയര്‍ത്തിപ്പിടിച്ച് തീവ്രവാദത്തിനും വര്‍ഗ്ഗീയതക്കുമെതിരെ രാജ്യത്തിന്‍റെ രക്ഷക്ക് വേണ്ടി സൗഹൃദം സൃഷ്ടിക്കാന്‍ ജാലിക സൃഷ്ടിച്ച് പ്രതിജ്ഞ ഏറ്റുചൊല്ലി. അലവിക്കുട്ടി ഹുദവി പ്രമേയ പ്രഭാഷണം നടത്തി. നിസാര്‍ തളങ്കര, കടുവല്ലൂര്‍ അബ്ദുറഹ്‍മാന്‍ മൗലവി, സഅദ് പുറക്കാട്, സയ്യിദ് ശുഐബ് തങ്ങള്‍ പ്രസംഗിച്ചു. അബ്ദുല്ല ചേലേരി, ചേറൂര്‍ അബ്ദുല്‍ ഖാദര്‍ മൗലവി, കലീലുറഹ്‍മാന്‍ കാശിഫി, മജീദ് കാഞ്ഞിരക്കോല്‍, ഖാലിദ് മാട്ടൂല്‍, സുരേന്ദ്രപിള്ള നേതൃത്വം നല്‍കി.
- ഗഫൂര്‍ റഹ്‍മാനി -