കോട്ടക്കല്‍ മനുഷ്യജാലിക: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കോട്ടയ്ക്കല്‍ : 'രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി 26ന് കോട്ടയ്ക്കലില്‍ നടത്തുന്ന മനുഷ്യജാലികയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. ചങ്കുവെട്ടി പി.എം. ഓഡിറ്റോറിയത്തിന് സമീപത്തുനിന്ന് വൈകീട്ട് നാലുമണിയോടെ ജാലികയുടെ മുന്നോടിയായുള്ള റാലി ആരംഭിക്കും. താഴെ കോട്ടയ്ക്കലില്‍ സമാപിക്കും. പിന്നീട് പ്രവര്‍ത്തകര്‍ സൗഹാര്‍ദത്തിന്റെ ജാലിക തീര്‍ക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കെ. മുരളീധരന്‍ മുഖ്യാതിഥിയാകും. വൈകീട്ട് ഏഴിന് നടക്കുന്ന സൗഹൃദ സെമിനാര്‍ വനംമന്ത്രി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. എം.പി. മുഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും.


പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നയിക്കുന്ന ജാലിക സന്ദേശയാത്രയ്ക്ക് വ്യാഴാഴ്ച ഒതുക്കുങ്ങലില്‍ സ്വീകരണം നല്‍കും. മേഖലയിലെ എട്ട് ക്ലസ്റ്ററുകള്‍ ഉള്‍ക്കൊള്ളുന്ന 70 ശാഖകളില്‍നിന്ന് പ്രവര്‍ത്തകര്‍ പങ്കെടുക്കും. ജാലികയുടെ സന്ദേശവുമായി കോട്ടയ്ക്കല്‍ മേഖലാ കമ്മിറ്റി 23ന് ഒതുക്കുങ്ങല്‍ മുതല്‍ വെന്നിയൂര്‍ വരെ റോഡ് ഷോ നടത്തും. ക്ലസ്റ്ററുകളില്‍ പ്രചാരണപദയാത്രയും ബൈക്ക് റാലികളും നടത്തും. 25ന് ശാഖാതലങ്ങളില്‍ വിളംബരറാലിയും സൗഹൃദസായാഹ്നവും ഉണ്ടാകും. മനുഷ്യജാലികയുടെ നടത്തിപ്പിന് 313 അംഗ വളണ്ടിയര്‍ കേഡറ്റുകള്‍ സജ്ജമായിട്ടുണ്ട്. ഇവര്‍ക്കുള്ള അവസാനഘട്ട പരിശീലനം 23ന് നടക്കുമെന്ന് ഭാരവാഹികളായ എം.പി. മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, ജില്ലാ കണ്‍വീനര്‍ യു.എ. മജീദ് ഫൈസി ഇന്ത്യനൂര്‍, സയ്യിദ് സി.പി.എം. തങ്ങള്‍, ഇല്ലിക്കോട്ടില്‍ കുഞ്ഞലവി ഹാജി, അലി കുളങ്ങര, കെ.വി. ജഅഫര്‍ എന്നിവര്‍ അറിയിച്ചു.