ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി ദേശീയതല ഉദ്ഘാടനം ഡല്‍ഹിയില്‍

ന്യൂഡല്‍ഹി : ദാറുല്‍ ഹുദാ ഇസ്‍ലാമിക് യൂണിവേഴ്സിറ്റി സില്‍വര്‍ ജൂബിലി ആഘോഷ പരിപാടികളുടെ ദേശീയ തല ഉദ്ഘാടനം ഫെബ്രുവരി ഏഴിന് ഡല്‍ഹിയിലെ ഇന്ത്യന്‍ ഇസ്‍ലാമിക് കള്‍ച്ചറല്‍ സെന്‍ററില്‍ നടക്കും. ഉച്ചക്ക് ശേഷം നടക്കുന്ന ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് ഇന്ത്യയിലെ മുസ്‍ലിം വിദ്യാഭ്യാസ പരിഷ്കരണ സംരംഭങ്ങളെയും സാധ്യതകളെയും കുറിച്ച്ദേശീയ സെമിനാര്‍ നടക്കും. ഇന്ത്യയിലെ മത സാമൂഹിക സാംസ്കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രഗല്‍ഭര്‍ പങ്കെടുക്കും. തെന്നിന്ത്യയില്‍ മുസ്‍ലിം വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ പരിഷ്കരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‍ലാമിക് യൂണിവേഴ്സിറ്റിയുടെ ആഘോഷ പരിപാടികളുടെ ഭാഗമായി, ഇന്ത്യയിലെ പ്രമുഖ പട്ടണങ്ങളില്‍ സംഘടിപ്പിക്കുന്ന അക്കാദമിക് പരിപാടികള്‍ക്ക് ഇതോടെ തുടക്കമാകും.

ഉച്ചക്ക് നടക്കുന്ന ഉദ്ഘാടന സെഷന്ന കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി കപില്‍ സിബല്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര വിദേശ കാര്യ സഹമന്ത്രി ഇ. അഹമ്മദ് മുഖ്യപ്രഭാഷണം നടത്തും. ജാമിഅ മില്ലിയ്യ വൈസ് ചാന്‍സ്‍ലര്‍ നജീബ് ജംഗ് മുഖ്യാതിഥിയായിരിക്കും. ദാറുല്‍ഹുദാ ഇസ്‍ലാമിക് യൂണിവേഴ്സിറ്റി വൈസ് ചാന്‍സ്‍ലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‍വി, സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, ഡോ. യു.വി.കെ. മുഹമ്മദ്, .ടി. മുഹമ്മദ് ബശീര്‍ എം.പി., ഹാജി യു. മുഹമ്മദ് ശാഫി തുടങ്ങിയവര്‍ സംബന്ധിക്കും. വിവിധ രാഷ്ട്രങ്ങളിലെ നയനന്ത്ര പ്രതിനിധികള്‍, എം.പി. മാര്‍, മത രാഷ്ട്രീയ സാംസ്കാരിക നായകന്മാര്‍, അലീഗര്‍ മുസ്‍ലിം യൂണിവേഴ്സിറ്റി, ജാമിഅ മില്ലിയ്യ ഇസ്‍ലാമിയ്യ, ഹംദര്‍ദ് യൂണിവേഴ്സിറ്റി, ഡല്‍ഹി യൂണിവേഴ്സിറ്റി, ജവഹര്‍ലാല്‍ നെഹ്‍റു യൂണിവേഴ്സിറ്റി തുടങ്ങിയ സര്‍വ്വകലാശാലകളിലെ വിവിധ വകുപ്പ് മേധാവികളും പ്രൊഫസര്‍മാരും തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികളും പ്രത്യേകം ക്ഷണിതാക്കളായിരിക്കും.

സെമിനാറില്‍ ഇന്ത്യയിലെ മുസ്‍ലിം വിദ്യാഭ്യാസ പരിഷ്കരണ സംരംഭങ്ങള്‍ പ്രശ്നങ്ങളും പ്രതിവിധികളും എന്ന വിഷയത്തില്‍ ചര്‍ചച്കള്‍ നടക്കും. പരിപാടിയില്‍ ഹംദര്‍ദ് യൂണിവേഴ്സിറ്റി ചാന്‍സ്‍ലര്‍ സയ്യിദ് ഹാമിദ് ഐ..എസ്. ആദ്ധ്യക്ഷം വഹിക്കും. പ്രൊഫ. യോഗീന്ദര്‍ സിക്കന്ദ്, ഡോ. അശ്റഫ് ആലം (ജാമിയ മില്ലിയ്യ ഇസ്‍ലാമിയ്യ), ഡോ. ഫൈസല്‍ ഹുദവി (ഡല്‍ഹി യൂണിവേഴ്സിറ്റി) തുടങ്ങിയവര്‍ വിഷയമവതരിപ്പിക്കും. ജാമിയ മില്ലിയ്യ സാക്കിര്‍ ഹുസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്‍ലാമിക് സ്റ്റഡീസ് ഡയറക്ടര്‍ അക്തറുല്‍ വാസീ മോഡറേറ്ററായിരിക്കും.

ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി ഡി.എസ്. ഡബ്ല്യൂ ലോണില്‍ ചേര്‍ന്ന ഡല്‍ഹി ഹാദിയ ചാപ്റ്റര്‍ യോഗം ദാറുല്‍ ഹുദാ ഇസ്‍ലാമിക് യൂണിവേഴ്സ്റ്റി സെനറ്റ് മെന്പര്‍ അസി. പ്രൊഫ. നവാസ് നിസാര്‍ ഉദ്ഘാടനം ചെയ്തു. ചാപ്റ്റര്‍ ചെയര്‍മാന്‍ ഡോ. ഫൈസല്‍ ഹുദവി, കണ്‍വീനര്‍ സഈദ് ഹുദവി, കോ-ഓഡിനേറ്റര്‍ ജാബിര്‍ ഹുദവി തുടങ്ങിയവര്‍ സംബന്ധിച്ചു.
- മീഡിയ കമ്മിറ്റി -
മോയിന്‍ മലയമ്മ -