ഉപരിപഠന കാഴ്ചപ്പാട് മാറുന്നു

പിണങ്ങോട് അബൂബക്കര്‍
മാനേജര്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌

സംസ്ഥാനത്ത് ആണ്‍കുട്ടികളില്‍ നല്ലൊരു ശതമാനവും പെണ്‍കുട്ടികളില്‍ ഒരു പങ്കും പ്ലസ്ടു കഴിഞ്ഞാല്‍ എന്‍ട്രന്‍സ് പരീക്ഷകളെഴുതി മെഡിസിന്‍, എഞ്ചിനീയറിംഗ് മേഖലകള്‍ തെരഞ്ഞെടുക്കുകയാണ്. നാലരവര്‍ഷത്തെ എം.ബി.ബി.എസ് പഠനവും ബി.കോം അല്ലെങ്കില്‍ എം.കോമോ നേടിയാല്‍ തൊഴില്‍ വിപണിയില്‍ കാര്യമായ അവസരമായെന്ന് രക്ഷിതാക്കള്‍ കരുതുന്നു. ലോക തൊഴില്‍ വിപണിയിലെ മികച്ച സാധ്യതകളും ലാഭവുമാണ് ഇങ്ങനെ പുതുതലമുറയെ പ്രേരിപ്പിക്കാനിടവരുത്തിയത്. ഒരു കോടി മുതല്‍ ഒന്നരകോടി രൂപ വരെ നല്‍കിയാണ് സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ മെഡിസിന് എം.ഡി.ബിരുദത്തിന് പ്രവേശനം തരപ്പെടുത്തുന്നത്. ഇന്ത്യയിലിപ്പോള്‍ 1700 പേര്‍ക്ക് ഒരു ഡോക്ടര്‍ എന്ന അനുപാതമാണുള്ളത്. വിദേശങ്ങളിലും മികച്ച സാധ്യതകള്‍ നിലവിലുണ്ട്. പ്രത്യേകിച്ചും സ്പെഷ്യലൈസ് ചെയ്തവര്‍ക്ക്.
ഗള്‍ഫ് രാഷ്ട്രങ്ങള്‍, യൂറോപ്പ്, യു.എസ്. തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ ബി.ഡി.എസിന് പോലും അന്വേഷകര്‍ ധാരാളം. ഉയര്‍ന്ന ശമ്പളവും, ആനുകൂല്യങ്ങളും നല്‍കി സ്വകാര്യഏജന്‍സികളും സര്‍ക്കാരുകളും ഉദ്യോഗാര്‍ത്ഥികളെ ആകര്‍ഷിക്കുന്നു.

ബി.എ. കഴിഞ്ഞു എം.എ. എടുത്ത് ഇന്റര്‍വ്യൂ വഴിയും സിവില്‍ സര്‍വ്വീസിലേക്ക് വരാന്‍ പഠിതാക്കള്‍ക്ക് ഒട്ടും താല്‍പര്യമില്ല. നാലഞ്ച് കൊല്ലം കഷ്ടപ്പെട്ടു പഠിച്ച് പിന്നീട് സിവില്‍ പരീക്ഷ പാസായാല്‍ കിട്ടുന്നതിന്റെ പലയിരട്ടി സ്വകാര്യമേഖലയില്‍ മെഡിസിനും എഞ്ചിനീയറിംഗിനും കിട്ടുമെന്നതിനാലാണ് പഠിതാക്കള്‍ വഴിമാറി ചിന്തിക്കുന്നത്.

ഐ.എ.എസ്., ഐ.പി.എസ്, ഐ.എഫ്.എസ്, ഇന്ത്യന്‍ റെയില്‍വെ, ഇന്ത്യന്‍ കസ്റ്റംസ് തുടങ്ങി ഇരുപത്തിഏഴോളം സിവില്‍ സര്‍വ്വീസ് തസ്തികകളിലേക്ക് ആവശ്യത്തിന് അപേക്ഷകരില്ലാത്ത സാഹചര്യം ഉണ്ടായാല്‍ പോലും അല്‍ഭുതപ്പെടേണ്ടതില്ല.
ഐ.എ.എസ്. കോച്ചിംഗ് സെന്ററുകള്‍ രാജ്യവ്യാപകമായി ഉണ്ടെങ്കിലും മികച്ച നിരവധി കേന്ദ്രങ്ങള്‍ ഡല്‍ഹിയിലാണ് പ്രവര്‍ത്തിക്കുന്നത്. വിദഗ്ദ്ധരായ അധ്യാപകരും പരിശീലകരും മത്സരാടിസ്ഥാനത്തില്‍ ലഭിക്കുന്ന ഡല്‍ഹിയില്‍ മുഴുവന്‍ ചെലവുകളും വഹിക്കാമെന്ന വാഗ്ദാനവുമായി മസ്കത്ത് സുന്നി സെന്റര്‍ രംഗത്ത് വന്നെങ്കിലും അപേക്ഷകര്‍ അധികമില്ല. ലഭിക്കുന്ന അപേക്ഷാര്‍ത്ഥികളെ ഇന്റര്‍വ്യൂ വഴി തെരഞ്ഞെടുത്ത് പരിശീലനത്തിന്നയച്ചാലും പാതിവഴിയില്‍ മറ്റ് ജോലി ലഭിച്ചാല്‍ സിവില്‍ സര്‍വ്വീസ് പരിശീലനം മതിയാക്കി പോകുന്നവരാണധികവും.
ഭാവിയില്‍ രാഷ്ട്രത്തിന്റെ നട്ടെല്ലായ ഉന്നത ഉദ്യോഗങ്ങളിലേക്ക് മികച്ച ബുദ്ധിമാന്മാരും പ്രതിഭകളും കടന്നുവരാനിരിക്കുന്നതിന് ഇത് ഇടവരുത്തുന്നു. പഠനം ഒരു മേഖലയിലോ ഒന്നിലധികം മേഖലകളിലോ ഒതുങ്ങുന്നതും ശുഭകരമല്ല. സിവില്‍ സര്‍വ്വീസ് പാഠ്യപദ്ധതിയില്‍ നിലവിലുള്ള ജനറല്‍നോളജിന്നുള്ള പ്രാമുഖ്യം ലഘൂകരിച്ച് സയന്‍സിന് പ്രാധാന്യം നല്‍കാന്‍ ആലോചന ഉണ്ടത്രെ!. ഐ.എ.എസ്. പരീക്ഷയില്‍ ഉദ്യോഗാര്‍ത്ഥികളെ വെള്ളം കുടിപ്പിക്കുന്ന പൊതുവിജ്ഞാന പരിശോധനയില്‍ വലിയ കഴമ്പില്ലെന്ന് വേണ്ടപ്പെട്ടവര്‍ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. അത് പോലെ എം.ബി.ബി.എസ് പാഠ്യപദ്ധതിയിലും വന്‍ മാറ്റം മെഡിക്കല്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
{ൈപമറി, സെക്കണ്ടറി തലങ്ങളില്‍ പോലും രോഗനിര്‍ണ്ണയം നടത്താനുള്ള ശേഷി നിലവിലുള്ള പാഠ്യപദ്ധതിയില്‍ ഇല്ലെന്നാണത്രെ മെഡിക്കല്‍ കമ്മീഷന്‍ വിലയിരുത്തുന്നത്. അത് കാരണം രോഗ നിര്‍ണ്ണയത്തിന് ഉപകരണങ്ങളുടെ സഹായം അനിവാര്യമാവുന്നു. ഈ രംഗത്ത് സമൂലമായ അഴിച്ചുപണി അനിവാര്യമാക്കുന്നതും ഇത് കാരണമാണ്.
മാര്‍ച്ച് മാസത്തോടെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ കഴിയുന്നു. കുട്ടികളുടെ ഭാവി നിര്‍ണ്ണയിക്കുന്നതിലും അവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിലും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും വലിയ പങ്ക് വഹിക്കാനാവും.
കഴിവും പ്രാപ്തിയും പ്രതിഭയും ഉള്ളവരൊക്കെ ഡോക്ടറും എഞ്ചിനീയറുമാവണമെന്നതും ബാക്കി വരുന്നവര്‍ പല കടമ്പകളില്‍ തട്ടിവീണു ഏറിയാലൊരു ക്ലാര്‍ക്കിലൊതുങ്ങണമെന്നതും വികലമായ ചിന്തയാണ്. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന പരീക്ഷകളും സംസ്ഥാനത്ത് ഇയ്യിടെ ഉയര്‍ന്ന തൊഴില്‍ തട്ടിപ്പ് വിവാദങ്ങളും ഈ രംഗത്ത് നിലനില്‍ക്കുന്ന കാലഹരണപ്പെട്ട സമീപനങ്ങളേയും പഴുതുകളേയും ഓര്‍മ്മിപ്പിക്കുന്നതോടൊപ്പം വിശ്വാസ്യത വീണ്ടെടുക്കാനുള്ള തിരുത്തലുകള്‍ അനിവാര്യമാക്കുന്നുണ്ട്.
സന്നദ്ധസംഘടനകള്‍ ഉത്തരവാദിത്തം നിര്‍വ്വഹിക്കണം. വിദേശ രാജ്യങ്ങളില്‍ ഇന്ത്യന്‍ ഉദ്യോഗാര്‍ത്ഥികളുടെ പ്രധാന പോരായ്മയായി പറയപ്പെടുന്നത് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിലെ മികവില്ലായ്മയാണ്. പ്ലസ്ടുവിന് ശേഷം പ്രത്യേക പ്രൊഫഷണല്‍മേഖല തെരഞ്ഞെടുത്തു പഠിക്കുന്നതാണ് ഭാഷാപഠന നൈപുണ്യം നേടാനാവാത്തതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ബി.എ.ഇംഗ്ലീഷ്, എം.എ. ഇംഗ്ലീഷ് അതും നല്ല നിലവാരമുള്ള സ്ഥാപനങ്ങളില്‍ നിന്ന് പഠിച്ചു പാസാകുന്നവരും കഷ്ടപ്പെടുന്നവരും കുറഞ്ഞുവരുന്നു. റിസ്കെടുക്കാന്‍ ആര്‍ക്കും താല്‍പര്യമില്ല.
ബി.എ..എല്‍.എല്‍.ബി, എം.എ,.എല്‍.എല്‍.ബി. തുടങ്ങിയ നിയമപഠന രംഗത്തും ആശാവഹമായ പങ്കാളിത്തം ഉണ്ടാവുന്നില്ല. ശാസ്ത്ര സാങ്കേതിക മേഖലകളിലും റിസ്കെടുത്തു പഠിച്ചു വളരാന്‍ സമയം നീക്കിവെക്കാന്‍ എന്തുകൊണ്ടോ പഠിതാക്കളും രക്ഷിതാക്കളും തല്‍പരരല്ല.
വിദ്യാഭ്യാസ കാഴ്ചപ്പാട് ധനവരുമാനത്തിന്റെ ഗുണനപട്ടികയിലൊതുക്കിയതാണ് പ്രധാന കാരണം. സ്കൂള്‍ പഠനം പൂര്‍ത്തിയാവുന്നതോടെ പഠിതാക്കള്‍ക്ക് ശരിയായ അവബോധം സൃഷ്ടിച്ചെടുക്കാന്‍ പാകത്തിലല്ല നിലവിലുള്ള പാഠ്യപദ്ധതികള്‍. എസ്.എസ്.എല്‍.സി., പ്ലസ്ടു ക്ലാസുകളില്‍ തന്നെ സിവില്‍ സര്‍വ്വീസ് പരീക്ഷകളെ സംബന്ധിച്ച് താല്‍പര്യം സൃഷ്ടിക്കുന്ന വിധമുള്ള കോച്ചിംഗുകള്‍ അനിവാര്യമാണ്. വെക്കേഷന്‍ പിരീയഡുകളില്‍ പരിശീലന മാര്‍ഗ്ഗ നിര്‍ദ്ദേശക ക്ലാസ്സുകള്‍ നടത്തി പുതുതലമുറക്ക് ദിശാനിര്‍ണ്ണയം നടത്താന്‍ അവസരം ഒരുക്കണം.
ഇരുപത്തിഏഴോളം വരുന്ന സിവില്‍ സര്‍വ്വീസ് മേഖലകളില്‍ നിന്ന് കൂട്ടത്തോടെ കുടിയൊഴിയുന്ന അവസ്ഥയാണിപ്പോള്‍ കണ്ടുവരുന്നത്. മാധ്യമങ്ങള്‍ക്കും ഇക്കാര്യത്തില്‍ വലിയ പങ്ക് വഹിക്കാനാവും. വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കുന്ന ചാനലുകള്‍ ഇല്ലെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. അല്‍പ്പം ക്വിസ് പ്രോഗ്രാമുകള്‍ ഉള്ളത് വിസ്മരിച്ചു കൊണ്ടല്ല ഈ നിരീക്ഷണം. വാര്‍ത്തകള്‍ക്ക് വേണ്ടി വാര്‍ത്ത സൃഷ്ടിക്കുന്നതിലാണ് മിക്ക ചാനലുകളും മത്സരിക്കുന്നത്. വേറെ ചിലത് കോര്‍പ്പറേറ്റ് മുതലാളിമാരുടെ ഉല്‍പ്പന്ന വിപണന പരസ്യചുവരുകളായി ഒതുങ്ങുന്നു. എന്നാല്‍ പഠിതാക്കള്‍ക്കും രക്ഷിതാക്കള്‍ക്കും ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലഭിക്കാനുള്ള ദാരിദ്യ്രം ഇല്ലാതാക്കുന്നതില്‍ മാധ്യമങ്ങള്‍ സൃഷ്ടിപരമായ ഇടപെടല്‍ നടത്തി കാണുന്നില്ല. അധ്യാപകരും വിദ്യാഭ്യാസ പ്രവര്‍ത്തകരും, സന്നദ്ധ സംഘടനകളും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ അവധിക്കാല കോച്ചിംഗ് നല്‍കി യുവതീയുവാക്കളെ അനുയോജ്യമേഖലകളിലേക്ക് തിരിച്ചുവിടണം. നല്ല ഡോക്ടറും എഞ്ചിനീയറും എന്നത് പോലെ പ്രാധാന്യമുള്ളതാണ് നല്ല കാര്‍ഷിക ശാസ്ത്രജ്ഞരും സാങ്കേതികവിദഗ്ദ്ധരും നിയമപണ്ഡിതരും കലക്ടറും പോലീസ് ഓഫീസറും നയതന്ത്ര വിദഗ്ദ്ധരുമെല്ലാം. ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് പ്രതിഭാധനരായ അധ്യാപകരുടെ ക്ഷാമമാണെന്ന് വിലയിരുത്തപ്പെട്ടത് ഈ ഘട്ടത്തില്‍ ഓര്‍മ്മിക്കേണ്ടതുണ്ട്.
 ---
TREND: Free Educational Guidance from SKSSF State Committee
Call: 9847661504 (Sharafudeen Master)