സ്റ്റെപ്‌ വിദ്യാഭ്യാസ പ്രൊജക്‌ട്‌ സ്‌പോണ്‍സര്‍ഷിപ്പ്‌ ഉദ്‌ഘാടനം സ്വാദിഖലി ശിഹാബ്‌ തങ്ങള്‍ നിര്‍വ്വഹിച്ചു.

ഷാര്‍ജ്ജ : എസ്‌.കെ.എസ്‌.എസ്‌.എഫ്‌. ആവിഷ്‌കരിച്ച വിദ്യാര്‍ത്ഥി പ്രതിഭ ശാക്തീകരണ പദ്ധതി (സ്റ്റുഡന്റ്‌ ടാലന്റ്‌ എംപവറിംഗ്‌ പ്രോഗ്രാം - സ്റ്റെപ്‌) ക്കുള്ള സ്‌പോണ്‍സര്‍ഷിപ്പ്‌ ഷാര്‍ജ്ജ സഹാറ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഹെര്‍കുലീസ്‌ ലത്ത്വീഫ്‌ ഹാജിയില്‍ നിന്ന്‌ സ്‌പോണ്‍സര്‍ഷിപ്പ്‌ സ്വീകരിച്ചുകൊണ്ട്‌ സയ്യിദ്‌ സ്വാദിഖലി ശിഹാബ്‌ തങ്ങള്‍ നിര്‍വ്വഹിച്ചു. പ്ലാറ്റിനം സ്‌പോണ്‍സര്‍ഷിപ്പ്‌ ഫാത്ത്വിമ ഗ്രൂപ്പ്‌ സുലൈമാന്‍ ഹാജിയില്‍ നിന്നും, ഗോള്‍ഡ്‌ ഇനത്തില്‍ സാജിദ്‌ സുലൈമാനില്‍ (ടൈം ഗ്രൂപ്പ്‌ ഓഫ്‌ കമ്പനീസ്‌) നിന്നും സ്വാദിഖലി തങ്ങള്‍ ഏറ്റുവാങ്ങി. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പിന്നാക്ക സമുദായത്തിന്റെ പ്രാധിനിത്യമില്ലായ്‌മ പരിഹരിക്കുന്നതിനുള്ള കാര്യക്ഷമമായ പദ്ധതിയാണ്‌ സ്റ്റെപ്‌ വിഭാവനം ചെയ്യുന്നത്‌. പത്താം ക്ലാസ്‌ കഴിഞ്ഞ വിദ്യാര്‍ത്ഥികളെ കേരളത്തിലെ മൂന്ന്‌ സോണുകളില്‍ നിന്ന്‌ പ്രത്യേക പ്രതിഭാ നിര്‍ണ്ണയ പരീക്ഷകളിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഇത്തരം മുന്നൂറ്‌ പ്രതിഭകളെ അഞ്ച്‌ വര്‍ഷക്കാലത്തെ നിരന്തരമായ പരിശീലനങ്ങളിലൂടെയും വിവിധ വര്‍ക്ക്‌ഷോപ്പുകളിലൂടെയും സിവില്‍ സര്‍വ്വീസ്‌ പ്രിലിമിനറി പരീക്ഷക്ക്‌ വേണ്ടി പ്രാപ്‌തരാക്കും. ഇതിനായി ട്രെന്റിന്റെ കീഴില്‍ ഇതിനകം പരിശീലനം സിദ്ധിച്ച റിസോഴ്‌സ്‌ അദ്ധ്യാപകരുടെ സേവനം ഉള്‍പ്പെടുത്തും. വിവിധ തലങ്ങളിലുള്ള സാമൂഹ്യ പങ്കാളിത്തം, രക്ഷിതാക്കളുടെ കൂട്ടായ്‌മ, സിവില്‍ സര്‍വ്വീസ്‌ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധം എന്നിവ പദ്ധതി കാലയളവില്‍ ഉറപ്പ്‌ വരുത്തും. ഓരോ വര്‍ഷവും പുതിയ വിദ്യാര്‍ത്ഥി പ്രതിഭകളെ കണ്ടെത്തി വളര്‍ത്തിക്കൊണ്ടു വരുന്ന ഈ പ്രവര്‍ത്തനം ട്രെന്റിന്റെ സ്വപ്‌ന പദ്ധതിയായാണ്‌ വിലയിരുത്തപ്പെടുന്നത്‌. ചടങ്ങില്‍ കടവല്ലൂര്‍ അബ്‌ദുറഹ്‌മാന്‍ മുസ്‌ലിയാര്‍ അദ്ധ്യക്ഷനായിരുന്നു. റസാഖ്‌ വളാഞ്ചേരി സ്വാഗതവും അഹ്‌മദ്‌ സുലൈമാന്‍ ഹാജി നന്ദിയും പറഞ്ഞു.