സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് സൂഫികളുടെ പാത സ്വീകരിക്കണം- ചെറുശ്ശേരി മുസ്‌ലിയാര്‍

എരമംഗലം : സമൂഹത്തിന്റെ സാംസ്‌കാരിക വളര്‍ച്ച സാര്‍ഥകമാവണമെങ്കില്‍ സൂഫികളുടെ പാത സ്വീകരിക്കണമെന്ന് സമസ്ത കേരള ജം ഈയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പറഞ്ഞു. പെരുമ്പടപ്പ് പുത്തന്‍പള്ളി ജാറത്തിലെ നൂറാമത് ആണ്ടുനേര്‍ച്ചയുടെ ഭാഗമായി അഷ്‌റഫിയ്യ അറബിക് കോളേജ് വിദ്യാര്‍ഥികളുടെ ബിരുദദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൂഫികളെ ധിക്കരിച്ചതിന്റെ ദുരന്തമാണ് സമൂഹം ഇന്ന് നേരിടുന്നത്. സൂഫികളുടെ വഴിയെ പോകുന്നവര്‍ക്ക് ഒരിക്കലും തീവ്രവാദിയോ ഭീകരവാദിയോ ആവാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എം.എം. മുഹ്‌യുദ്ദീന്‍ മൗലവി അധ്യക്ഷത വഹിച്ചു. കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍, ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ റഹ്മത്തുല്ല ഖാസിമി മൂത്തേടം, അബ്ദുസമദ് പൂക്കോട്ടൂര്‍, സി.പി. ഹംസറംലി, പി.കെ. അബൂബക്കര്‍, പുറങ്ങ് അബ്ദുല്ലമൗലവി, ഖാസിം ഫൈസി, റഫീഖ് ഫൈസി, സി.കെ. അഷറഫ് എന്നിവര്‍ പ്രസംഗിച്ചു.

നൂറാം വാര്‍ഷിക സ്മാരകമന്ദിരത്തിന്റെ ശിലാസ്ഥാപനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. മഹല്ല് വികസന സെമിനാറും മുന്‍ ഭരണാധികാരികളെ ആദരിക്കലും ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ഉദ്ഘാടനം ചെയ്തു. പുത്തന്‍പള്ളി അഷ്‌റഫിയ അറബിക് കോളേജില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി അഷ്‌റഫി ബിരുദം നേടിയ 20 യുവപണ്ഡിതര്‍ക്ക് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ബിരുദസര്‍ട്ടിഫിക്കറ്റ് നല്‍കി.