പ്രതിയുമായി കുവൈത്ത് കേരള ഇസ്‌ലാമിക് കൗണ്‍സിലിന് ബന്ധമില്ല: ഭാരവാഹികള്‍

കുവൈത്ത് സിറ്റി: നിരവധി പേരെ കബളിപ്പിച്ച് സുന്നി നേതാവ് മുങ്ങി എന്ന രീതിയില്‍ ചില വാര്‍ത്താമാധ്യമങ്ങളില്‍ വന്ന വാര്‍ത്തയിലെ പ്രതിയുമായി കുവൈത്ത് കേരള ഇസ്‌ലാമിക് കൗണ്‍സിലിന് യാതൊരു ബന്ധവുമില്ലെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.
ഏകദേശം ഒരു വര്‍ഷം മുമ്പ് പ്രസ്തുത വ്യക്തി സമാനമായ രീതിയില്‍ നാട്ടില്‍ നിന്നും അപ്രത്യക്ഷനായപ്പോള്‍ തന്നെ, അന്ന് കുവൈത്ത് ഇസ്‌ലാമിക് സെന്റര്‍ പ്രസ്തുത വ്യക്തി പലരുമായും നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകള്‍ സുതാര്യമല്ലെന്നു കണ്ടെത്തിയതിനാല്‍ സംഘടനയുടെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്യുകയും തല്‍ വിഷയം അദ്ദേഹത്തെയും സംഘടനയുടെ കീഴ്ഘടകങ്ങളെയും രേഖാമൂലം അറിയിക്കുകയും ചെയ്തിട്ടുണ്ട്. 
അതിനു ശേഷം 2015 ജനുവരി ഒന്നിന് രൂപം കൊണ്ട കുവൈത്ത് ഇസ്‌ലാമിക് കൗണ്‍സിലില്‍ അദ്ദേഹത്തിന് ഏതെങ്കിലും സ്ഥാനങ്ങളോ പ്രാഥമിക അംഗത്വം പോലുമോ നല്‍കയിട്ടില്ല. സത്യം ഇതായിരിക്കെ സുന്നി നേതാവ് മുങ്ങി എന്ന രീതിയില്‍ വന്ന വാര്‍ത്ത തെറ്റദ്ധാരണാ ജനകമാണ്.
സംഘടനാ ബന്ധം ഉപയോഗപ്പെടുത്തിയാണ് ആളുകളെ തട്ടിപ്പിനിരയാക്കിയതെന്നും സംഘടനയില്‍പെട്ട നിരവധി പേര്‍ക്ക് പണം നഷ്ടമായിട്ടുണ്ടെന്നും നേതൃത്വത്തിന്റെ സമ്മര്‍ദ്ദം മൂലം പുറത്ത് പറയാത്തതാണെന്നുമുള്ള വാര്‍ത്ത വാസ്തവ വിരുദ്ധവും സുന്നി സംഘടനയെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗവുമാണ്. സംഘടനയുടെ ഒരു പൈസ പോലും അദ്ദേഹത്തിന്റെ ഇടപാടുകള്‍ക്ക് ഉപയോഗിച്ചിട്ടില്ല. വ്യക്തിപരമായി അദ്ദേഹം നടത്തിയ ഇടപാടുമായോ, ഇടപാടുകാരുമായോ സംഘടനക്ക് യാതൊരു ബന്ധവുമില്ല.
ബംഗാളികളും ഈജിപ്ഷ്യരും സംഘടനയുമായി യാതൊരു ബന്ധവുമില്ലാത്തവരും അമിത ലാഭം പ്രതീക്ഷിച്ച് പണം നല്‍കി കബളിപ്പിക്കപ്പെട്ടപ്പോള്‍ സംഘടനയെ വലിച്ചിഴക്കുന്നത് നീതീകരിക്കാനാവാത്തതാണെന്നും വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
- kuwait kerala islamic council kic