റമസാനിന്റെ മാസപ്പിറവി ദൃശ്യമായതോടെ ക്ലോക്ക് ടവറിലെ കൂറ്റന്‍ ലേസര്‍ ലൈറ്റുകള്‍ ആകാശത്തിലേക്ക് വര്‍ണം വിതറി. വെള്ള നിറത്തിലുള്ള 16 പ്രകാശ കിരണങ്ങള്‍ ഏഴു തവണ തെളിഞ്ഞും അണഞ്ഞും മക്കാ നിവാസികള്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കി. 10 കിലോമീറ്റര്‍ അകലേക്കു വരെ ദൃശ്യമായ ലേസര്‍ പ്രകാശത്തിനൊപ്പം പച്ചയും വെള്ളയും നിറത്തിലുള്ള വര്‍ണരാജികള്‍ ചൊരിഞ്ഞ് റോയല്‍ ടവറിലെ കൂറ്റന്‍ ക്ലോക്കും തെളിഞ്ഞു. മക്കാ സമയം രേഖപ്പെടുത്തിയ ക്ലോക്കില്‍ പച്ച വെളിച്ചത്തിന്റെ പശ്ചാത്തലത്തില്‍ വെള്ള നിറത്തിലാണ് സൂചികളും അക്കങ്ങളും രേഖപ്പെടുത്തിയിരിക്കുന്നത്. നമസ്കാരത്തിന് സമയമായതോടെ ബാങ്കിന്റെ നാദം മുഴങ്ങി. കഅബാലയത്തില്‍ നിന്ന് 30 കിലോമീറ്റര്‍ വരെ അകലേക്ക് ബാങ്കിന്റെ നാദം കേള്‍ക്കാന്‍ പാകത്തിലാണ് ക്ലോക്ക് ടവറിലെ സ്പീക്കറുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. റമസാന്‍ അവസാനിക്കുന്നതുവരെ നോമ്പ് തുടങ്ങുന്ന സുബ്ഹി സമയത്തും നോമ്പ് തുറക്കുന്ന മഗ്രിബ് സമയത്തും ക്ലോക്ക് ടവറില്‍ നിന്നുള്ള പ്രകാശകിരണങ്ങള്‍ ഏഴുതവണ വീതം തെളിഞ്ഞണയും. വ്രതാന്ത്യത്തില്‍ വിരുന്നെത്തുന്ന പെരുന്നാള്‍ ദിനത്തില്‍ പല വര്‍ണങ്ങളിലുള്ള പ്രകാശ കിരണങ്ങള്‍ ക്ലോക്ക്ട വറില്‍ മിന്നി മറയും. കിംഗ് അബ്ദുല്‍ അസീസ് എന്‍ഡോവ്മെന്റ് പ്രോജക്ടിലെ ഏഴ് ടവറുകളില്‍ ഒന്നിലാണ് മക്കാ ക്ലോക്ക് റോയല്‍ ടവര്‍ സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ റമസാനില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിച്ചിരുന്നെങ്കിലും ഔദ്യോഗികമായി പ്രവര്‍ത്തനം തുടങ്ങിയത് ഞായറാഴ്ചയായിരുന്നു.
ഫെയര്‍മൗണ്ട് റേഫിള്‍സ് ഹോട്ടല്‍സ് ഇന്റര്‍നാഷണല്‍ ആണ് ക്ലോക്ക് ടവര്‍ സ്ഥിതി ചെയ്യുന്ന കെട്ടിട സമുച്ഛയത്തിന്റെ നടത്തിപ്പുകാര്‍. 76 നില കെട്ടിടത്തില്‍ 601 മീറ്റര്‍ ഉയരത്തിലാണ് ക്ലോക്ക് ടവര്‍ സ്ഥാപിച്ചിരിക്കുന്നത്.