ശിഹാബ്‌തങ്ങള്‍ രണ്ടാം സ്‌മാരകപ്രഭാഷണം പ്രൊഫ. ഇംതിയാസ്‌ അഹമ്മദ്‌ നിര്‍വഹിക്കും

ന്യൂദല്‍ഹി : സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളുടെ ഓര്‍മക്കായി സംഘടിപ്പിക്കപ്പെടുന്ന രണ്ടാമത്‌ സ്‌മാരക പ്രഭാഷണം ഓഗസ്റ്റ്‌ പതിനൊന്നിന്‌്‌ പ്രമുഖ സോഷ്യോളജിസ്റ്റും ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല സെന്റര്‍ ഫോര്‍ സോഷ്യല്‍ സിസ്റ്റം പ്രൊഫസറുമായ ഇംതിയാസ്‌ അഹമ്മദ്‌ നിര്‍വഹിക്കും. വ്യാഴാഴ്‌ച വൈകുന്നരം അഞ്ച്‌ മണിക്ക്‌ ജെ.എന്‍. യുവിലെ സ്‌കൂള്‍ ഓഫ്‌ സോഷ്യല്‍ സയന്‍സ്‌ ഓഡിറ്റോറിയത്തില്‍ വെച്ചാണ്‌ പ്രഭാഷണം നടക്കുക.  വിവിധ വിദേശ സര്‍വകലാശാലകളിലെ വിസിറ്റിങ്ങ്‌ പ്രൊഫസറായ ഇംതിയാസ്‌ അഹമ്മദ്‌ `കാസ്റ്റ്‌ ആന്റ്‌ സോഷ്യല്‍ സ്‌ട്രാറ്റിഫിക്കേഷന്‍ എമങ്ങ്‌ മുസ്‌ലിംസ്‌ ഇന്‍ ഇന്ത്യ' എന്ന വിഖ്യാത കൃതിയുടെ രചയിതാവാണ്‌.

ദല്‍ഹി ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റിയൂട്ട്‌ ഫോര്‍ മൈനോരിറ്റീസ്‌ സ്റ്റഡീസ്‌ ആന്റ്‌ ഇന്‍ക്ലുസീവ്‌ സോഷ്യല്‍ ആക്‌ഷന്‍ എന്ന സംഘടന കഴിഞ്ഞ വര്‍ഷമാണ്‌ ശിഹാബ്‌ തങ്ങള്‍ സ്‌മാരക പ്രഭാഷണ പരമ്പരക്ക്‌ തുടക്കം കുറിച്ചത്‌. ഇന്ത്യയുടെ ഭൗതിക കേന്ദ്രമായി വിശേഷിപ്പിക്കപ്പെടുന്ന ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ ഇത്‌ രണ്ടാം തവണയാണ്‌ ശിഹാബ്‌ തങ്ങള്‍ സ്‌മാരക പ്രഭാഷണം സംഘടിപ്പിക്കുന്നത്‌. പതിനൊന്നാം തിയ്യതി വൈകുന്നേരം അഞ്ചുമണിക്ക്‌ നടക്കുന്ന പരിപാടിയില്‍ മുനവ്വറലി ശിഹാബ്‌ തങ്ങള്‍ അദ്ധ്യക്ഷനായിരിക്കും. കേരള പഞ്ചായത്ത്‌ മന്ത്രി എം.കെ മുനീര്‍ ആമുഖ ഭാഷണം നടത്തും. ഇ.ടി. മുഹമ്മദ്‌ ബഷീര്‍ എം.പി ശിഹാബ്‌ തങ്ങളെ പരിചയപ്പെടുത്തും. ദല്‍ഹി യൂണിവേഴ്‌സിറ്റി, ജാമിയ മില്ലിയ്യ ഇസ്‌ലാമിയ്യ, അലീഗഡ്‌ മുസ്‌ലിം യൂണിവേഴ്‌സിറ്റി, ഹംദര്‍ദ്‌ യൂണിവേഴ്‌സിറ്റി തുടങ്ങി വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള അധ്യാപകരും വിദ്യാര്‍ഥികളും ഡല്‍ഹിയിലെ വിവിധ മത രാഷ്‌ട്രീയ സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കും. 
- ജലീല്‍ പി.കെ.എം. -