വിശുദ്ധറമളാന്‍ ; മസ്കത്ത് സുന്നി സെന്ററില്‍ വിപുലമായ ഒരുക്കങ്ങള്‍

മസ്കത്ത്: റമസാനെ സ്വീകരിക്കാന്‍ സുന്നി സെന്റര്‍ വിപുലമായ പരിപാടികള്‍ക്ക് രൂപം നല്‍കി. ഓഗസ്റ്റ് 2,9,16 തീയതികളില്‍ ലക്ഷ്വറി കോച്ച് ബസുകളില്‍ റമസാന്‍ ഉംറ സംഘങ്ങള്‍ പുറപ്പെടും. ഓരോ സംഘത്തിനും പ്രഗത്ഭരായ അമീറുമാര്‍ നേതൃത്വം നല്‍കും. റൂവി, മച്ചി മാര്‍ക്കറ്റ് പള്ളി, മസ്ജിദ് ഖാബൂസ്, കോര്‍ണിഷ് ശൈഖ് മസ്ജിദ്, ത്വാലിബ് മസ്ജിദ് (മത്റഹ്), ശമാമീര്‍ മസ്ജിദ് (മത്റഹ്), ഓള്‍ഡ് എയര്‍പോര്‍ട്ട് മസ്ജിദ്, ഖുറം തുടങ്ങിയ സ്ഥലങ്ങളില്‍ സെന്ററിന് കീഴില്‍ തറാവീഹ് നമസ്കാരം സംഘടിപ്പിച്ചിട്ടുണ്ട്. നമസ്കാര ശേഷം പ്രമുഖ പണ്ഡിതന്മാര്‍ ഉദ്ബോധന പ്രസംഗം നടത്തും.
ആയിരങ്ങള്‍ പങ്കെടുക്കുന്ന സമൂഹ നോമ്പുതുറ ഓഗസ്റ്റ് 12ന് വെള്ളി സുന്നി സെന്റര്‍ മദ്രസാ ഓഡിറ്റോറിയത്തില്‍ നടക്കും. മസ്കത്തിലെ മത, സാംസ്കാരിക, സംഘടനാ നേതാക്കള്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കും. നോമ്പിന്റെ കര്‍മശാസ്ത്ര വിധികള്‍ ഉള്‍ക്കൊള്ളുന്ന ലഘുലേഖ വിതരണം, റിലീഫ് പ്രവര്‍ത്തനങ്ങള്‍, പ്രത്യേക ദിവസങ്ങളില്‍ പ്രാര്‍ത്ഥനാ സദസ്സുകള്‍ തുടങ്ങിയ പരിപാടികള്‍ ആവിഷ്കരിച്ചിട്ടുണ്ട്.