വെള്ളിയാഴ്ചയും ഇരുപത്തിയേഴാം രാവുംഒരുമിച്ചു; മക്കയും മദീനയും പാല്‍കടലായി

മക്ക: വിശുദ്ധ റംസാനിലെ അവസാന വെള്ളിയാഴ്ചയും അതിവിശിഷ്ട ഇരുപത്തിയേഴാം രാവും സംഗമിച്ച വെള്ളിയാഴ്ച മക്കയിലും മദീനയിലും തീര്‍ഥാടകപ്രളയം ഇതിഹാസം തീര്‍ത്തു. പടച്ചവന്റെ അനുഗ്രഹം അളവറ്റ് വര്‍ഷിച്ചശേഷം പടിയിറങ്ങുന്ന പുണ്യമാസത്തെ അഭിസംബോധനചെയ്ത് പള്ളികളിലെ ഖത്തീബുമാര്‍ ചൊല്ലി: 'അസ്സലാമു അലൈക്കും യാ ശഹര റമസാന്‍!' അതുകേട്ട് ആഗോളവിശ്വാസിസമൂഹം കണ്ണീര്‍ വാര്‍ത്തു-ശേഷിക്കുന്ന നാളുകളില്‍ പതിന്മടങ്ങ് ആവേശത്തില്‍ സത്കര്‍മകാരികളാവാനുള്ള പ്രതിജ്ഞ പുതുക്കിക്കൊണ്ട്. മുന്‍വര്‍ഷങ്ങളേക്കാള്‍ വമ്പിച്ച തീര്‍ഥാടകത്തിരക്കിനാണ് വെള്ളിയാഴ്ച മക്കയും മദീനയും സാക്ഷ്യംവഹിച്ചത്. മക്കയിലേക്കുള്ള പ്രവേശനകവാടങ്ങള്‍ ചെറുതും വലുതുമായുള്ള വാഹനങ്ങളില്‍ എത്തിക്കൊണ്ടിരുന്ന തീര്‍ഥാടകരെ ഉള്‍ക്കൊള്ളാനാകാതെ ഞെരുങ്ങി. നോമ്പുതുറ മുതല്‍ ഹറമുകളിലേക്ക് തുടങ്ങിയ തീര്‍ഥാടകരുടെ ഒഴുക്ക് വെള്ളിയാഴ്ച കാലത്ത് പത്തുമണിയോടെ മൂര്‍ധന്യത്തിലെത്തി. ഈ ഘട്ടത്തില്‍ മക്ക ഹറം പള്ളിയുടെ അകത്തേക്കുള്ള സാധാരണക്കാരുടെ പ്രവേശനം ബന്ധപ്പെട്ടവര്‍ താത്കാലികമായി തടഞ്ഞു. എന്നാല്‍, ഉംറ വേഷധാരികളായെത്തിയവരെ അപ്പോഴും എതിരേറ്റു. ജനലക്ഷങ്ങളുടെ അനുസ്യൂത പ്രദക്ഷിണവും അവിരാമ പ്രകീര്‍ത്തനവുംകൊണ്ട് മക്ക നിബിഢമായി. 
മക്ക ഹറമിലെ ജുമുഅ പ്രാര്‍ഥനയ്ക്ക് ഡോ. ശൈഖ് സഊദ് അല്‍ ശുരൈം നേതൃത്വം നല്‍കി. കണ്ണിമ വെട്ടിത്തുറക്കുന്ന മാത്രയില്‍ വിടപറയുന്ന വിശുദ്ധ മാസത്തിലെ രാവുകളും ഗ്രീഷ്മകാലത്തെ ഇലകൊഴിയുംവിധം തീര്‍ന്നുപോകുന്ന രാവുകളും വിശ്വാസികളുടെ മനസ്സില്‍ വേദന നിരത്തുന്നതായി -അദ്ദേഹം വിശേഷിപ്പിച്ചു. റംസാന്‍ കടന്നുപോകുന്നെങ്കിലും പുണ്യവും ദൈവഭയവും ജീവിതത്തില്‍നിന്ന് ഒഴിഞ്ഞുപോകരുതെന്നും അദ്ദേഹം വിശ്വാസികളെ ഉപദേശിച്ചു. 
മദീന ഹറമില്‍ ശൈഖ് അലി ബിന്‍ അബ്ദുറഹ്മാന്‍ അല്‍ ഹുദൈഫിയാണ് ജുമുഅയ്ക്ക് നേതൃത്വം നല്‍കിയത്. 
ജുമുഅയ്ക്കു ശേഷവും പ്രവാഹം തുടര്‍ന്നപ്പോള്‍ വെള്ളിയാഴ്ചത്തെ ഇഫ്താറും റെക്കോഡ് ജനപങ്കാളിത്തത്തില്‍ ചരിത്രം തീര്‍ത്തു. സെനഗല്‍ പ്രസിഡന്റ് അബുല്ലേ വാദ്, ഗാബോണ്‍ പ്രസിഡന്റ് ബോന്‌ഗോ എന്നിവര്‍ ഹറമിലെ പ്രാര്‍ഥനകളില്‍ പങ്കെടുത്ത പ്രമുഖരില്‍പ്പെടുന്നു. മുന്‍വര്‍ഷങ്ങളേക്കാള്‍ കേരളത്തില്‍നിന്നുള്ള ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ വമ്പിച്ച വര്‍ധനയാണ് ഇത്തവണയുണ്ടായത്. അതിനനുസരിച്ച് വിവിധ ട്രാവല്‍ഏജന്‍സികളുടെ പാക്കേജുകളും ഉണ്ടായിരുന്നു. ലുലു ഗ്രൂപ്പ് മേധാവി എം.കെ. യൂസഫലി, മുസ്‌ലിംലീഗ് നേതാവ് ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പി. എന്നിവരും ഹറമിലെ പ്രാര്‍ഥനകളില്‍ പങ്കെടുത്തു. 
മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ കൂടുതലായി ഇത്തവണ ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ തീര്‍ഥാടകര്‍ക്ക് ഏറെ ആശ്വാസദായകമായിരുന്നു. എങ്കിലും കണക്കുകൂട്ടല്‍ തെറ്റിച്ച തീര്‍ഥാടകബാഹുല്യത്തില്‍ അവ കുറേയൊക്കെ അപര്യാപ്തമായി. വര്‍ഷാവര്‍ഷങ്ങളില്‍ പെരുകുന്ന തീര്‍ഥാടകത്തിരക്ക് പരിഗണിച്ച് ഹറമുകളില്‍ കൂടുതലായ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. സംസം ജലവിതരണം, ശുചീകരണം എന്നിവയ്ക്കും സുരക്ഷയ്ക്കും ആരോഗ്യപരിപാലനത്തിനും അതിശയിപ്പിക്കുന്ന തയ്യാറെടുപ്പുകളാണ് ഇത്തവണ ഉണ്ടായിരുന്നത്. 
റംസാന്‍ ഇരുപത്തൊന്‍പതിന് അസ്തമിച്ച സായാഹ്നത്തില്‍ ചന്ദ്രപ്പിറവി ദര്‍ശനത്തിന് മക്ക പ്രവിശ്യയിലെ ഹൈറേഞ്ച് പ്രദേശമായ ത്വായിഫിലെ ഏറ്റവും ഉയരംകൂടിയ അല്‍ഹദാ പ്രദേശത്ത് തിങ്കളാഴ്ച നിരീക്ഷണം ഏര്‍പ്പെടുത്തുമെന്ന് ഗോളനിരീക്ഷണ സൊസൈറ്റി പ്രസിഡന്റ് പറഞ്ഞു. ടെലിസ്‌കോപ്പ്, ക്യാമറകള്‍ എന്നിവസഹിതമാണ് സൊസൈറ്റി പ്രവര്‍ത്തകര്‍ മലമുകളില്‍ തമ്പടിക്കുന്നത്. ചന്ദ്രപ്പിറവി കാണുകയെന്ന സൗദി പതിവുപ്രകാരമാണ് ഇവര്‍ തമ്പടിക്കുക. 
-അക്ബര്‍ പൊന്നാനി  (ലേഖന്‍ -സൗദി അറേബ്യ).