കര്‍മ സജ്ജരായി ദാറുല്‍ഹുദാ വിദ്യാര്‍ത്ഥികള്‍

മമ്പുറം:180-ാമത് മമ്പുറം ആണ്ടുനേര്‍ച്ചക്ക് വിജയകരമായി കൊടിയിറങ്ങിയതിന്റെ ആത്മനിര്‍വൃതിയിലും സന്തോഷത്തിലുമാണ് ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലാ അധികൃതരും അധ്യാപകരും വിദ്യാര്‍ത്ഥികളും. ഒരാഴ്ചക്കാലം നീണ്ടുനിന്ന ആണ്ടുനേര്‍ച്ചയുടെ ഓരോ ദിന പരിപാടിയിലും പങ്കെടുക്കാനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ദാറുല്‍ഹുദാ സ്വീകരിക്കുന്നത്. നൂറ്റാണ്ടുകളോളം നാട്ടുകാരുടെ സഹായ സഹകരണങ്ങളോടെ ചെറിയ തോതില്‍ നടന്നിരുന്ന മമ്പുറം ആണ്ടുനേര്‍ച്ച ദാറുല്‍ഹുദാ ഏറ്റെടുത്തതിനു ശേഷമാണ് വിപുലമായ രീതിയില്‍ സംഘടിപ്പിച്ചുതുടങ്ങിയത്.

നേര്‍ച്ചയുടെ അവസാന ദിനമായ ഇന്നലെ നടന്ന ഒരു ലക്ഷത്തിലേറെ പേര്‍ക്കുള്ള അന്നദാനത്തിനുള്ള സര്‍വ്വ സജ്ജീകരണങ്ങളും ചെയ്തത് ദാറുല്‍ഹുദാ വിദ്യാര്‍ത്ഥികളാണ്. പാചകത്തിനുള്ള അരി കഴുകുന്നത് മുതല്‍ പാചകം ചെയ്ത് ചെറിയ കണ്ടെയ്‌നറുകളില്‍ നിറക്കുന്നത് വരെ വിദ്യാര്‍ഥികളുടെ സമ്പൂര്‍ണ നിയന്ത്രണത്തിലായിരുന്നു കാര്യങ്ങള്‍. പത്തും പന്ത്രണ്ടും പേരടങ്ങുന്ന വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് ആയിരത്തി അറുനൂറില്‍ പരം വരുന്ന വിദ്യാര്‍ഥികള്‍ അന്നദാനത്തിനുള്ള മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയത്. പന്ത്രണ്ട് പേരുള്ള ഒരു ഗ്രൂപ്പിന് ആറു ചെമ്പുകള്‍ എന്ന കണക്കിലായിരുന്നു പാക്കിംഗ് ജോലികള്‍. നെയ്‌ച്ചോര്‍ പാക്കറ്റുകള്‍ ലോറികളില്‍ നിറച്ച് മമ്പുറത്തെത്തിക്കുന്നത് വരെ വിദ്യാര്‍ഥികളുടെ സജീവ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. കേരളത്തില്‍ തന്നെ ഏറ്റവും കൂടുതലാളുകള്‍ പങ്കെടുക്കുന്ന അന്നദാനം ഇന്നലെ വിജയകരമായി സമാപിച്ചപ്പോള്‍ ഏറെ പ്രശംസയര്‍ഹിക്കുന്നത് ഈ വിദ്യാര്‍ഥികളും ഒരു രാവും പകലുമായി അവര്‍ നടത്തുന്ന അധ്വാനങ്ങളുമാണ്.
- Mamburam Andunercha