രാഷ്ട്ര നന്മക്കായി ന്യൂനപക്ഷങ്ങള്‍ ഒന്നിക്കണം: സ്വാദിഖലി തങ്ങള്‍

തിരൂരങ്ങാടി: രാജ്യത്ത് നടക്കുന്ന കലാപങ്ങളും ആള്‍കൂട്ട മര്‍ദ്ദനങ്ങളും അവസാനിപ്പിക്കുന്നതിനും ഫാസിസത്തെ ചെറുക്കുന്നതിനും നമ്മുടെ രാഷ്ട്ര നന്മക്കും വേണ്ടി ന്യൂനപക്ഷങ്ങള്‍ ഒന്നിക്കണമെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍. മമ്പുറം ആണ്ടുനേര്‍ച്ചയുടെ ഭാഗമായി നടക്കുന്ന പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മമ്പുറം തങ്ങള്‍ മാപ്പിളമാരെയും ഹൈന്ദവരെയും ഒന്നിച്ച് നിറുത്തി ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങള്‍ക്കായി രംഗത്തിറങ്ങിയപ്പോഴാണ് ഭിന്നിപ്പിച്ച് ഭരിക്കാനുള്ള ബ്രിട്ടീഷ് നയം പരാജയപ്പെട്ടത്. സാമൂഹികമായ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തുകയും ന്യൂനപക്ഷങ്ങള്‍ക്കു മേല്‍ അതിക്രമം നടത്തുന്നവരെ പ്രതിരോധിക്കുകയും വേണമെന്ന് തങ്ങള്‍ പറഞ്ഞു.

മുസ്തഫ ഹുദവി ആക്കോട് മുഖ്യ പ്രഭാഷണം നടത്തി. കെ. എം സൈദലവി ഹാജി അദ്ധ്യക്ഷത വഹിച്ചു. ശരീഫ്ഹുദവി പുതുപ്പറമ്പ് സ്വാഗതം പറഞ്ഞു. വിപി അബ്ദുല്ല കോയ തങ്ങള്‍, കെസി മുഹമ്മദ് ബാഖവി, ഇബ്റാഹീം ഫൈസി ഇരിങ്ങാട്ടിരി, സി യൂസുഫ് ഫൈസി, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, സിദ്ദീഖ് ഹാജി ചെറുമുക്ക്, കുട്ടിയാലി ഹാജി, എന്നിവര്‍ പങ്കെടുത്തു.

മതപ്രഭാഷ പരമ്പരയുടെ അവസാന ദിവസമായ ഇന്ന് വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനവും അന്‍വര്‍ മുഹയിദ്ദീന്‍ ഹുദവി പ്രഭാഷണവും നടത്തും.

17 ന് തിങ്കളാഴ്ച രാത്രി പ്രാര്‍ത്ഥനാ സദസ്സും ഹിഫ്ള് സനദ്ദാനവും നടക്കും. സയ്യിദ് അബ്ദുന്നാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പ്രാരംഭപ്രാര്‍ത്ഥന നടത്തും. സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ വി. സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷത വഹിക്കും. പ്രാര്‍ത്ഥനാ സദസ്സിന് വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്‍ നേതൃത്വം നല്‍കും.

ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റിക്കു കീഴിലുള്ള മമ്പുറം മൗലദ്ദവീല ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്നു ഖുര്‍ആന്‍ മനഃപാഠമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം സമസ്ത ജന. സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര്‍ നിര്‍വഹിക്കും.

നേര്‍ച്ചയുടെ സമാപ്തി ദിനമായ 18 ന് ചൊവ്വാഴ്ച രാവിലെ എട്ട് മണി മുതല്‍ അന്നദാനം നടക്കും. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ജിഫ്രി കോഴിക്കോട് അധ്യക്ഷത വഹിക്കും. സയ്യിദ് അഹ്മദ് ജിഫ്രി തങ്ങള്‍ മമ്പുറം, ആബിദ് ഹുസൈന്‍ തങ്ങള്‍ എം. എല്‍. എ എന്നിവര്‍ സംബന്ധിക്കും.
ഉച്ചക്ക് 1.30 നടക്കുന്ന മൗലിദ് ഖത്മ് ദുആയോടെ ഒരാഴ്ചത്തെ ആണ്ടുനേര്‍ച്ചക്ക് സമാപ്തിയാകും. സമാപന പ്രാര്‍ത്ഥനക്ക് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും.
- Mamburam Andunercha