മമ്പുറം തങ്ങളുടെ മായാത്ത ഓര്‍മകളില്‍ മാളിയേക്കല്‍ ഭവനം

തിരൂരങ്ങാടി: ചരിത്രത്തില്‍ മായാതെ കിടക്കുന്ന ചരിത്രശേഷിപ്പുകള്‍ എന്നും അമൂല്യമാണ്. ജന മനസ്സുകൾക്കതെന്നും അത്ഭുതം പകരാറുമുണ്ട്. മമ്പുറത്തെ പ്രസിദ്ധമായ ഒറ്റത്തൂണ്‍ പള്ളിയുടെ മുറ്റത്ത് തലയുയർത്തി നിൽക്കുന്ന മാളിയേക്കല്‍ ഭവനമെന്ന മമ്പുറം തങ്ങളുടെ വീടും ആ ഗണത്തില്‍ പെടുന്നു. നേര്‍ച്ചക്കാലത്ത് മമ്പുറത്തേക്കൊഴുകുന്ന അഗണ്യമായ തീര്‍ത്ഥാടന പ്രവാഹം ഈ വീട്ടുപടിക്കലും എത്തുന്നുണ്ട്. രണ്ട് നൂറ്റാണ്ടിന്റെ പഴമയിലും മമ്പുറത്തേക്കെത്തുന്ന പതിനായിരകണക്കിന് ജനങ്ങറൾക്ക് മുന്നില്‍ മമ്പുറം തങ്ങളുടെ അദൃശ്യ സാമീപ്യവും പകര്‍ന്നു നില്‍ക്കുകയാണ് ഈ ഗേഹം. മതപരമെന്നോ സാമൂഹികമെന്നോ പകുത്തെടുക്കാന്‍ സാധിക്കാത്ത മമ്പുറം തങ്ങളുടെ ജീവിതത്തിന്റെ ഓരോ ഏടുകളും നിശബ്ദമായി മറിച്ച് കാണിക്കുന്നുണ്ടീ ഗേഹം. ചരിത്രത്തിലെ മായാത്ത മുദ്രകൾക്ക് സാക്ഷിയായി നിലകൊണ്ട ഈ വീടിന്റെ മുറ്റത്തെത്തുമ്പേള്‍ ഓരോ വിശ്വാസിയുടെ ഹൃദയത്തിലും ഈമാനിന്റെ മധു പുത്തു നിൽക്കും.

മമ്പുറം തങ്ങളുടെ തിരുശേഷിപ്പുകളും ഓര്‍മകളും നിറഞ്ഞു നില്‍ക്കുന്ന ഈ വീട്ടില്‍ തന്നെയാണ് മരണം വരെ മമ്പുറം തങ്ങള്‍ ജീവിച്ചിരുന്നത്. ജീവിതത്തിലെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി ജാതി ഭേദമന്യെ മമ്പുറത്തേക്കെത്തിയിരുന്നവര്‍ മാളിയേക്കലില്‍ നിന്നെത്തുന്ന തീര്‍പ്പുകല്‍പ്പനകള്‍ക്കു വേണ്ടി കാത്തിരുന്നു.

തങ്ങളുടെ കാര്യസ്ഥനായിരുന്ന കോന്തു നായരായിരുന്നു വീട്ടിലെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത്. മമ്പുറത്തിനടുത്ത് താമസിക്കുന്ന വില്‍കുറുപ്പന്മാര്‍ എന്നറിയപ്പെടുന്ന നടുത്തൊടി കുടുംബത്തിലെ കോമന്‍ കുറുപ്പായിരുന്നു ഇത് തേച്ചു മിനുക്കിയിരുന്നത്. തങ്ങളുടെ കാലത്ത് തന്നെ വീടിന്റെ ഓലമേഞ്ഞിരുന്ന ചാക്കീരി കുടുംബം മുറതെറ്റക്കാതെ ഇന്നും അത് തുടര്‍ന്നു പോരുന്നു. മലബാറിലെ മുസ്‌ലിം സംസ്‌കാരവും മത സൗഹാര്‍ദ്ദ പൈതൃകവും കൊത്തിവെക്കപ്പെട്ട ഈ ചുമരുകൾ പ്രൗഢിയോടെയും പ്രതാപത്തെയും ഇന്നും കാത്തു സൂക്ഷിക്കുന്നത് ദാറുല്‍ ഹുദാ മാനേജിംഗ് കമ്മിറ്റിയാണ്.
- Mamburam Andunercha