സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മദ്‌റസകള്‍ കേന്ദ്രീകരിച്ച് പെണ്‍കുട്ടികള്‍ക്ക് ഉപരിപഠന സംവിധാനമേര്‍പ്പെടുത്തും

കോഴിക്കോട്: മദ്‌റസകള്‍ കേന്ദ്രീകരിച്ച് പെണ്‍കുട്ടികള്‍ക്ക് ഉപരിപഠന സംവിധാനം ഏര്‍പ്പെടുത്താന്‍ കോഴിക്കോട് സമസ്ത കാര്യാലയത്തില്‍ ചേര്‍ന്ന സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം തീരുമാനിച്ചു. പാഠ്യപദ്ധതി തയ്യാറാക്കാന്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍, എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍, പി.പി. ഉമ്മര്‍ മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, എം.എ. ഖാസിം മുസ്‌ലിയാര്‍, കെ. ഉമര്‍ ഫൈസി, ഡോ. എന്‍.എ.എം. അബ്ദുല്‍ഖാദിര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, പിണങ്ങോട് അബൂബക്കര്‍ എന്നിവരടങ്ങിയ സമിതിയെ തെരഞ്ഞെടുത്തു. പുതുതായി മൂന്ന് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9865 ആയി.
തസ്‌കിയത്തുല്‍ ഔലാദ് മദ്‌റസ - കേരളശ്ശേരി (പാലക്കാട്), ഗൈഡന്‍സ് ഇസ്‌ലാമിക് സെക്കന്ററി മദ്‌റസ ഫോര്‍ ദി ബ്ലൈന്‍ഡ് - കട്ടുപ്പാറ (മലപ്പുറം), ഉമ്മുല്‍ഖുറാ മദ്‌റസ -അല്‍ തല്ലാ (ഷാര്‍ജ) എന്നീ മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
പ്രളയ കെടുതിക്കിരയാവരെ പുനരധിവസിപ്പിക്കുന്നതിനും കേടുപാടുകള്‍ പറ്റിയ പള്ളികളും മദ്‌റസകളും പുനര്‍നിര്‍മിക്കുന്നതിലേക്കുമായി സമസ്ത രൂപീകരിച്ച പുനരധിവാസ ഫണ്ടിലേക്ക് മദ്‌റസ വിദ്യാര്‍ത്ഥികളില്‍ നിന്നും പത്ത് രൂപ വീതം സമാഹരിക്കാന്‍ തീരുമാനിച്ചു.
ഭാഷക്കും സാഹിത്യത്തിനും വിശിഷ്ട സേവനം മുന്‍നിര്‍ത്തി രാഷ്ട്രപതിയുടെ അവാര്‍ഡ് ലഭിച്ച ഡോ. എന്‍.എ.എം. അബ്ദുല്‍ഖാദിറിനെ അഭിനന്ദിച്ചു. പ്രത്യേകം അനുമോദനചടങ്ങ് സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, എം. എം. മുഹ്‌യദ്ദീന്‍ മൗലവി, കെ.ടി. ഹംസ മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, എ.വി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ ഡോ. എന്‍.എ.എം. അബ്ദുല്‍ഖാദിര്‍, ടി.കെ. പരീക്കുട്ടി ഹാജി, എം.സി. മായിന്‍ ഹാജി, ഒ. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, പിണങ്ങോട് അബൂബക്കര്‍, പി. ഇസ്മാഈല്‍ കുഞ്ഞി ഹാജി മാന്നാര്‍ പ്രസംഗിച്ചു. മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
- Samasthalayam Chelari