മമ്പുറം ആണ്ടുനേര്‍ച്ച 11 മുതൽ

തിരൂരങ്ങാടി: മമ്പുറം മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 180-ാമത് ആണ്ടുനേര്‍ച്ചക്ക് ഈ മാസം11 ന് തുടക്കമാവും.
11 ന് ചൊവ്വാഴ്ച അസര്‍ നമസ്‌കാരാനന്തരം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ മഖാമില്‍ നടക്കുന്ന കൂട്ടസിയാറത്തോടെയാണ് നേര്‍ച്ചയുടെ ഔദ്യോഗിക ചടങ്ങുകള്‍ ആരംഭിക്കുക. തുടര്‍ന്ന് മമ്പുറം സയ്യിദ് അഹ്മദ് ജിഫ്രി തങ്ങള്‍ കൊടി ഉയര്‍ത്തും.
ചൊവ്വാഴ്ച രാത്രി മഖാമിൽ പ്രത്യേക മൗലിദ് സദസ്സ് നടക്കും. ബുധനാഴ്ച രാത്രി ഏഴിന് നടക്കുന്ന മജ്ലിസുന്നൂർ ആത്മീയ സംഗമം മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഫഖ്റുദ്ധീൻ ഹസനി കണ്ണന്തളി മജ്ലിസുന്നൂറിന് നേതൃത്യം നൽകും. വ്യാഴാഴ്ച രാത്രി നടക്കുന്ന സ്വലാത്ത് മജ്ലിസിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈൽ നേതൃത്യം നൽകും.
തുടർന്നുള്ള മൂന്ന് ദിനങ്ങളിൽ മതപ്രഭാഷണങ്ങൾ നടക്കും. 17 ന് രാത്രി ദിക്റ് ദുആ സമ്മേളനവും മമ്പുറം ഹിഫ്ളുൽ ഖുർആൻ കോളേജിൽ നിന്ന് ഖുർആൻ മന:പാഠമാക്കിയ ഹാഫിളീങ്ങൾക്കുള്ള സനദ് ദാനവും നടക്കും. സമസ്ത ജന.സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാർ സനദ് വിതരണം നടത്തും.
നേര്‍ച്ചയുടെ സമാപ്തി ദിനമായ 18 ന് ചൊവ്വാഴ്ച രാവിലെ എട്ടുമണി മുതല്‍ അന്നദാന വിതരണം നടക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ജിഫ്രി കോഴിക്കോട് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് ഉച്ചക്ക് 1.30 ന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന ഖത്മ് ദുആയോടെ 180-ാമത് ആണ്ടുനേര്‍ച്ചക്ക് കൊടിയിറങ്ങും.
- Darul Huda Islamic University