ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള മദ്റസകള്‍ റംസാന് അവധി കഴിഞ്ഞ് ജൂലൈ 4ന് ചൊവ്വാഴ്ച തുറന്ന് പ്രവര്‍ത്തിക്കും. കേരളത്തിനകത്തും പുറത്തും സമസ്തയുടെ അംഗീകാരമുള്ള 9709 മദ്റസകളിലെ 12 ലക്ഷത്തോളം കുട്ടികളാണ് ചൊവ്വാഴ്ച മദ്റസകളിലെത്തുക.
പുതിയ അദ്ധ്യയന വര്‍ഷം കൂടുതല്‍ കാര്യക്ഷമമാക്കാനും പഠന നിലവാരം മെച്ചപ്പെടുത്താനും വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മുതല്‍ നടപ്പാക്കിയ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ തുടര്‍ച്ചയായി ഈ വര്‍ഷം 4, 5 ക്ലാസുകളിലെയും എല്‍.കെ.ജി, യു.കെ.ജി ക്ലാസുകളിലെയും മുഴുവന്‍ പാഠപുസ്തകങ്ങളും മാറിയിട്ടുണ്ട്. ചൊവ്വാഴ്ച മദ്റസകളിലെത്തുന്ന പുതിയ കൂട്ടുകാരെ സ്വീകരിക്കുന്നതിന് വിപുലമായ പരിപാടികളോടെ പ്രവേശനോത്സവം എല്ലായിടത്തും സംഘടിപ്പിച്ചിട്ടുണ്ട്. 'നേരറിവ് നല്ല നാളേക്ക്' എന്നതാണ് ഈ വര്‍ഷത്തെ പ്രവേശനോത്സവത്തിന്റെ പ്രമേയം. സംസ്ഥാനതല ഉദ്ഘാടനം മാംഗ്ലൂരിലെ ബങ്കര അല്‍മദ്റസത്തു ദീനിയ്യയില്‍ വെച്ച് നടക്കും.
- SKIMVBoardSamasthalayam Chelari