ഒരു മാസം നീണ്ട പരിശ്രമത്തിലൂടെ നേടിയെടുത്ത ഹൃദയ നൈര്‍മല്യവും ധാര്‍മിക ശക്തിയും ദൈവഭയവും കൈമുതലാക്കി കുടുംബത്തോടും സമൂഹത്തോടും ഇടപെടാന്‍ വിശ്വാസികള്‍ക്ക് കഴിയണം.
ചുറ്റുപാടുകള്‍ എത്ര കറുത്തിരുണ്ടാലും വിശ്വാസി അവിടെ പ്രകാശമായി മാറണം.
റമദാനെ ഹൃദയത്തില്‍ സ്വീകരിച്ച ഒരു വിശ്വാസിക്ക് പ്രപഞ്ചത്തോടും ജീവ ജാലങ്ങളോടും ക്ഷമ, സത്യസന്ധത, ഗുണകാംക്ഷ എന്നിവ കൈവിട്ട് ഇടപെടാനാവില്ല.
സര്‍വ്വശക്തനെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഒരു വിശ്വാസിയില്‍ നിന്നും ഇസ്ലാമിന്‍റെ സൌന്ദര്യം സമൂഹത്തിന് അനുഭവിക്കാനാകും. അക്കാര്യം ഉറപ്പുവരുത്താന്‍ നമുക്ക് കഴിയണം.
രാജ്യത്തെ ദലിതുകളും ന്യൂനപക്ഷങ്ങളും കടുത്ത പരീക്ഷണങ്ങള്‍ നേരിടുന്പോഴാണ് നാം പെരുന്നാള്‍ ആഘോഷിക്കുന്നത് എന്ന കാര്യം മറന്നു പോകരുത്.
അകാരണമായി കൊല്ലപ്പെട്ടവരെയും ആക്രമിക്കപ്പെട്ടവരെയും അവരുടെ കുടുംബങ്ങളെയും, പെരുന്നാള്‍ ദിനത്തിലെ സര്‍വ്വ പ്രാര്‍ത്ഥനകളിലും ഓര്‍ക്കാന്‍ മറക്കരുത്.
മനുഷ്യരെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ ഹീനമായ ആക്രമണത്തില്‍ രക്തസാക്ഷിയായ ഹാഫിള് ജുനൈദിന് വേണ്ടി പള്ളികളില്‍ മയ്യിത്ത് നമസ്കരിക്കുക.
ഒപ്പം അറബ് രാഷ്ട്രങ്ങള്‍ക്കിടയിലും ലോക രാഷ്ട്രങ്ങള്‍ക്കിടയിലുമുള്ള ഐക്യത്തിനും സമാധാനത്തോടെയുള്ള സഹവര്‍ത്തിത്വത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുക.
വിശ്വാസത്തിന്‍റെ ചൈതന്യവും റമദാന്‍റെ നറുമണവുമുള്ളതാകട്ടെ ഇനിയുള്ള നമ്മുടെ ജീവിതമെന്ന് ആശംസിക്കുന്നു.
- pro samastha