പ്രതിസന്ധികളെ വൈകാരിമായി നേരിടരുത്: റശീദലി ശിഹാബ് തങ്ങള്‍

ഹിദായ നഗര്‍: പ്രതികൂലമായ സാഹചര്യങ്ങളുണ്ടാകുമ്പോഴും പ്രതിസന്ധി ഘട്ടങ്ങളിലും വിശ്വാസികള്‍ വൈകാരികമായി പ്രതികരിക്കരുതെന്നും വിവേകത്തോടെ കാര്യങ്ങളെ സമീപിക്കാന്‍ മനസ്സിനെ പാകപ്പെടുത്തേണ്ട മാസമാണ് റമദാനെന്നും കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍. ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി കാമ്പസില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹാദിയ സംഘടിപ്പിക്കുന്ന നാലാമത് റമദാന്‍ പ്രഭാഷണ പരമ്പരയുടെ മൂന്നാം ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. സമാകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ വിശ്വാസികള്‍ വിവേകത്തോടെ മാത്രമെ പ്രതികരിക്കാവൂ എന്നും തങ്ങള്‍ ഓര്‍മിപ്പിച്ചു. 

അലി മൗലവി ഇരിങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. മുസ്ഥഫഹുദവിയുടെ സന്തുഷ്ട വാര്‍ധക്യം ഹൃദ്യമരണം പ്രഭാഷണ ഹാദിയ പ്രഭാഷണ സിഡി മുനീര്‍ വെന്നിയൂരിന് നല്‍കി റശീദലി തങ്ങള്‍ പ്രകാശനം ചെയ്തു. ദാറുല്‍ഹുദാ വി.സി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, കാളാവ് സൈദലവി മുസ്‌ലിയാര്‍, ഹംസ ഹാജി മൂന്നിയൂര്‍, മുക്ര അബൂബക്കര്‍ ഹാജി, സി.എച്ച് ശരീഫ് ഹുദവി സംബന്ധിച്ചു. 

ശനിയാഴ്ച സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വിശ്വാസം ജീവിത വിശുദ്ധിയില്‍ പ്രതിഫലിക്കുന്നുവോ വിഷയത്തില്‍ സിംസാറുല്‍ ഹഖ് ഹുദവി പ്രഭാഷണം നടത്തും. 

4 ന് ഞായറാഴ്ച സമാപന സമ്മേളനവും പ്രാര്‍ഥനയും നടക്കും. സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അന്‍സ്വാറുകള്‍ അതുല്യമാതൃകകള്‍ വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. 
- Darul Huda Islamic University