തിരുകേശത്തിന്‍റെ പേരിലുള്ള വിശ്വാസ ചൂഷണം; വിഘടിതര്‍ മാപ്പ് പറയണം : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍

കുവൈത്ത് സിറ്റി : പ്രവാചക കേശമെന്ന് തെറ്റിദ്ധരിപ്പിച്ച് സമുദായത്തെ ചൂഷണം ചെയ്ത കാന്തപുരം വിഭാഗം, കേശം വ്യാജമാണെന്ന് തെളിഞ്ഞിരിക്കെ സമുദായത്തോട് മാപ്പ് പറയണമെന്ന് കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ കേന്ദ്ര സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. അബൂദാബിയിലെ ഖസ്റജി കുടുംബത്തില്‍ അത്തരം ഒരു കേശമില്ലെന്ന് ബന്ധപ്പെട്ടവര്‍ രേഖാമൂലം വ്യക്തമാക്കിയിരിക്കുകയാണ്. കേശത്തിന്‍റെ പേരില്‍ വ്യാപകമായ പണപ്പിരിവിന് ഇറങ്ങിയവരും കേശം സൂക്ഷിക്കാനെന്ന പേരില്‍ പള്ളി നിര്‍മ്മാണത്തിന് ഒരുങ്ങിയവരും ഇനിയെങ്കിലും സമുദായത്തിന്‍റെ വിശ്വാസങ്ങള്‍ ചൂഷണം ചെയ്യാനുള്ള നീക്കങ്ങളില്‍ നിന്ന് പിന്മാറണം. തിരുനബിയേയും മതത്തിന്‍റെ ആസാറുകളേയും ബഹുമാനിക്കുകയും അവകൊണ്ട് അനുഗ്രഹങ്ങള്‍ തേടുകയും ചെയ്യുന്ന വലിയൊരു വിഭാഗത്തിന്‍റെ വിശ്വാസം ദുരുപയോഗം ചെയ്ത് ലാഭം കൊയ്യാനുള്ള ഈ വിഭാഗത്തിന്‍റെ നീക്കങ്ങള്‍ ആശങ്കാജനകമാണ്. ഇത്തരം ആത്മീയ ചൂഷണങ്ങള്‍ക്കെതിരെ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് വ്യാപകമായ കാന്പയിന്‍ സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
- ഗഫൂര്‍ ഫൈസി പൊന്മള -