ന്യൂനപക്ഷത്തിന്റെ പോരാട്ടം വിദ്യാഭ്യാസത്തിനാവട്ടെ : വജാഹത്ത്‌ ഹബീബുള്ള

തിരൂരങ്ങാടി : ഇന്ത്യയുടെ വിശുദ്ധ ജനാധിപത്യ സംവിധാനത്തിലൂടെ ന്യൂനപക്ഷ സമുദായം മറ്റേതിനെക്കാളും വിദ്യാഭ്യാസത്തിനാണ്‌ ശ്രമിക്കേണ്ടതെന്നും ന്യൂനപക്ഷ സമുദായത്തിന്റെ പോരാട്ടം വൈജ്ഞാനിക മുന്നേറ്റത്തിനാവട്ടെയെന്നും കേന്ദ്ര ന്യൂപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ വജാഹത്ത്‌ ഹബീബുള്ള. ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച്‌ നടന്ന തഖ്‌വിയ സെഷന്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ സമഗ്രമായ പതിനഞ്ചിന പരിപാടിയും സര്‍ക്കാര്‍ ന്യൂനപക്ഷത്തിനായി സംവരണം ചെയ്‌ത ആനുകൂല്യങ്ങളും യഥാവിധി വിനിയോഗിക്കുകയാണെങ്കില്‍ രാജ്യത്ത്‌ ന്യൂനപക്ഷ സമുദായത്തിന്‌ എല്ലാ മേഖലകളിലും വന്‍കുതിച്ചുചാട്ടം തന്നെ നടത്താന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 
നിര്‍മലമായ ചിന്തയും നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനവും നിഷ്‌കളങ്കമായ മനസ്സുമാണ്‌ മനുഷ്യനെ യഥാര്‍ത്ഥ വിദ്യാഭ്യാസത്തിലേക്ക്‌ നയിക്കുന്നത്‌. വിദ്യാഭ്യാസ മേഖലയില്‍ സങ്കുചിതമായ നിലപാട്‌ സ്വീകരിക്കാതെ വിശാലമനസ്‌കതയോടെ ആധുനികവും ഭൗതികവുമായ പുതുവിജ്ഞാനങ്ങളെ സ്വീകരിക്കാന്‍ തയ്യാറാവുമ്പോള്‍ മാത്രമാണ്‌ കാലത്തോടൊപ്പം ഏത്‌ സമുദായത്തിനും സഞ്ചരിക്കാനാ സാധ്യമാവൂ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദാറുല്‍ഹുദായെ പോലെയുള്ള സമഗ്രമായ മതഭൗതിക സമന്വയ വിദ്യാഭ്യാസ സംവിധാനം തീര്‍ത്തും വ്യക്തമായ ദീര്‍ഘദൃഷ്‌ടിയില്‍ നിന്നും ശരിയായ ചിന്തയില്‍ നിന്നും ഉടലെടുത്തതാണെന്നും അത്തരം സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ നാം മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ അധ്യക്ഷത വഹിച്ചു. `പണ്ഡിതനേതൃത്വത്തിന്റെ തണലില്‍' എന്ന വിഷയത്തില്‍ എസ്‌.വൈ.എസ്‌ സെക്രട്ടറി അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, `മുസ്‌ലിം സമുദായത്തിലെ മാതൃകാ നേതൃത്വം' എന്ന വിഷയത്തില്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്‌ടര്‍ റഹ്‌മത്തുല്ല ഖാസിമി മൂത്തേടം, `കേരളത്തിലെ സയ്യിദ്‌ കുടുംബ നേതൃത്വം' എന്ന വിഷയത്തില്‍ ചന്ദ്രിക അസോസിയേറ്റ്‌ എഡിറ്റര്‍ സി.പി സൈതലവി എന്നിവര്‍ പ്രബന്ധങ്ങളവതരിപ്പിച്ചു. 
എം.പി മുസ്‌തഫല്‍ ഫൈസി, നാസര്‍ ഫൈസി കൂടത്തായ്‌, അഫ്‌റഫ്‌ ഫൈസി കണ്ണാടിപ്പറമ്പ്‌, റഫീഖ്‌ അഹ്‌മദ്‌ തിരൂര്‍ സംസാരിച്ചു. ദാറുല്‍ ഹുദാ ലക്‌ചറര്‍ സി. യൂസുഫ്‌ ഫൈസി ആമുഖ ഭാഷണവും ഡല്‍ഹി യൂനിവേഴ്‌സിറ്റി അസി. പ്രഫസര്‍ നവാസ്‌ നിസാര്‍ ഉപസംഹാരവും നിര്‍വഹിച്ചു.