മലപ്പുറം : ഇന്ത്യയുടെ ക്രിയാത്മക വളര്‍ച്ചക്ക്
പുതുതലമുറക്ക് വിദ്യാഭ്യാസം നല്‍കേണ്ടത് അനിവാര്യമാണെന്ന് സച്ചാര്‍ കമ്മിറ്റി
മെമ്പര്‍ സെക്രട്ടറി ഡോ. അബൂ സ്വാലിഹ് ശരീഫ് അഭിപ്രായപ്പെട്ടു. ദാറുല്‍ ഹുദാ
സില്‍വര്‍ ജൂബിലി സമ്മേളനത്തില്‍ ഇന്നലെ രാവിലെ 9 മണിക്ക് നടന്ന `മുസ്ലിം ലോകം
ദൂരക്കാഴ്ച' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദാറുല്‍ ഹുദാ
വിദ്യാഭ്യാസ സമ്പ്രദായം ഒരു അതുല്യ മാതൃകയാണ്. ഇത് മറ്റു സംസ്ഥാനങ്ങള്‍
മാതൃകയാക്കണം. കേവലം ഭൗതിക വിദ്യാഭ്യാസം കൊണ്ടോ മതവിദ്യാഭ്യാസം കൊണ്ടോ മാത്രം
രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കാന്‍ കഴിയില്ല. ഇരു വിദ്യാഭ്യാസവും ഒരുമിച്ച്
അഭ്യസിക്കപ്പെടണം, അദ്ദേഹം പറഞ്ഞു.
ഇന്ത്യ ഇന്ന് സാമ്പത്തികമായി ഏറെ
മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്. അമേരിക്കയിലും ഇംഗ്ലണ്ടിലുമില്ലാത്ത
അവസരങ്ങള്‍ നമുക്ക് ഇന്ത്യയിലുണ്ട്. ഈ സാമ്പത്തിക വളര്‍ച്ചയില്‍
മുസ്ലിംകള്ക്ക് എന്ത് സംഭാവന ചെയ്യാന്‍ കഴിയുന്നു എന്നും അതിനെ അവര്‍ എങ്ങനെ
ഉപയോഗപ്പെടുത്തുന്നു എന്നും നാം ഗൗരവത്തോടെ ചിന്തിക്കേണ്ടതുണ്ട്. കിണറ്റിലെ
തവളകളാവുന്നതിനു പകരം നാം സമുദ്രത്തിലെ സ്രാവുകളും തിമിംഗലങ്ങളും ആവണമെന്നും
അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
അധ്യക്ഷത വഹിച്ചു. `മുസ്ലിം കേരളം ക്രിയാത്മക ഭാവി' എന്ന വിഷയമവതരിപ്പിച്ച്
കാലിക്കറ്റ് ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളജ് സ്റ്റാറ്റിക്സ് വിഭാഗം
തലവന്‍ ഡോ. അശ്റഫ് സംസാരിച്ചു.
സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി ടി.എ
അഹ്മദ് കബീര്‍, അബ്ദുറഹ്മാന് രണ്ടത്താണി എം.എല്‍.എ, എസ്.കെ.എസ്.എസ്.എഫ്
സംസ്ഥാന ട്രഷറര്‍ ബശീര്‍ മാസ്റ്റര്‍ പനങ്ങാങ്ങര, എം.എസ്.എഫ് സംസ്ഥാന ജന.
സെക്രട്ടറി ടി.പി അശ്റഫലി, കെ.ടി ഹാരിസ് ഹുദവി, മുഹ്യിദ്ദീന്‍കുട്ടി ഹുദവി
പാതാര്‍ എന്നിവര്‍ സംസാരിച്ചു.