മലപ്പുറം : ലോകം നേരിടുന്ന സാമ്പത്തിക
തകര്‍ച്ചയെ പിടിച്ചുനിര്‍ത്താന്‍ ഇസ്‌ലാമിലെ സാമ്പത്തിക സമീപനങ്ങള്‍ക്കും പലിശരഹിത
വ്യവസ്ഥക്കും കഴിയുമെന്ന് നോര്‍വേയിലെ സ്‌കാന്‍ഡിനേവിയന്‍ യൂനിവേഴ്‌സിറ്റി
ചെയര്‍മാന്‍ ഡോ. സാമിര്‍ മുദ്‌ഹിര്‍ കണ്ടാക്‌ജി അഭിപ്രായപ്പെട്ടു. ദാറുല്‍ ഹുദാ
സില്‍വര്‍ ജൂബിലി സമ്മേളനത്തോടനുബന്ധിച്ച് ഇന്നലെ 11 മണിക്ക് നടന്ന `തന്‍മിയ'
സെഷനില്‍ ഇസ്‌ലാമിക സാമ്പത്തിക സെമിനാര്‍ ഉല്‍ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു
അദ്ദേഹം.
യൂറോപ്പിലും അമേരിക്കന്‍ നാടുകളിലും ഇസ്‌ലാമിക് ബാങ്കിംഗ്
സംവിധാനങ്ങള്‍ വ്യാപകമായി പ്രയോഗിക്കപ്പെട്ടു കൊണ്ടിരിക്കുന്നുവെന്നും ചൂഷണാത്മകമായ
പലിശ വ്യവസ്ഥക്ക് ഇത് ബദലാവുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്‌ലാമിക
സമ്പദ്‌വ്യവസ്ഥയുടെ വിവിധ രീതികള്‍ അവതരിപ്പിച്ച അദ്ദേഹം അവയെ എങ്ങനെ
ആധുനികവല്‍കരിക്കാമെന്നും വിശദീകരിച്ചു.
പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ്
തങ്ങള്‍ സെമിനാറില്‍ അധ്യക്ഷത വഹിച്ചു. ഇസ്‌ലാമിക ബാങ്കുകളുടെ പേരില്‍ നടക്കുന്ന
ചൂഷണം തിരിച്ചറിയണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ലോകം സാമ്പത്തിക പ്രതിസന്ധി
നേരിട്ടപ്പോള്‍ ഇസ്‌ലാമിക ബാങ്കുകള്‍ മാത്രമാണ് പിടിച്ചുനിന്നതെന്നും അത് ഏറെ
പ്രതീക്ഷാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ഇസ്‌ലാമിക് ബാങ്കുകളും
പലിശരഹിത കൗണ്ടറുകളും ആരംഭിക്കുന്നത് ധനികര്‍ക്കും ദരിദ്രര്‍ക്കുമിടയില്‍
നിലനില്‍ക്കുന്ന അന്തരം കുറക്കാനും പുറത്തുനിന്നുള്ള നിക്ഷേപങ്ങളെ കൂടുതല്‍
ആകര്‍ഷിക്കാനും സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
`ഇസ്‌ലാമിന്റെ
സാമ്പത്തിക കാഴ്‌ചപ്പാട്' എന്ന വിഷയത്തില്‍ ന്യൂഡല്‍ഹിയിലെ ഹംദര്‍ദ് സര്‍വകലാശാലാ
ഗവേഷണ വിദ്യാര്‍ത്ഥി സഈദ് ഹുദവി നാദാപുരം, `നിത്യജീവിതത്തിലെ സാമ്പത്തിക
ശാസ്‌ത്രം' എന്ന വിഷയത്തില്‍ കാസര്‍ഗോഡ് എം.ഐ.സി പ്രിന്‍സിപ്പല്‍ അന്‍വര്‍ ഹുദവി
മാവൂര്‍ എന്നിവര്‍ പ്രബന്ധമവതരിപ്പിച്ചു. കെ.ടി ജാബിര്‍ ഹുദവി ജെ.എന്‍.യു, എം.കെ
ജാബിര്‍ ഹുദവി മലേഷ്യ തുടങ്ങിയവര്‍ സംസാരിച്ചു.