
ആയിരത്തി നാനൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം യാദൃശ്ചികമായി ഒരു
വ്യകതിയുടെ കൈയ്യില്‍ പ്രത്യക്ഷപ്പെട്ടതും കൈമാറ്റ ശൃംഖല രേഖ ഇല്ലാത്തതുമായ
മുടിക്കെട്ടുകള്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടേതാണെന്നു പ്രചരിപ്പിക്കുന്നത്
ഗുരുതരമായ അബദ്ധവും അങ്ങനെ വിശ്വസിക്കുന്നവര്‍ വിഡ്‌ഢികളുടെ സ്വര്‍ഗത്തിലുമാണെന്ന്
പ്രമുഖ പണ്ഡിതനും ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറും
അന്താരാഷ്‌ട്ര മുസ്‌ലിം പണ്ഡിതസഭാഅംഗവുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി
പ്രസ്‌താവിച്ചു. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി സമാപന
പൊതുസമ്മേളനത്തില്‍ പ്രൊജക്‌ട് അവതരണ പ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു
അദ്ദേഹം.
പരമ്പരാഗതമായി തങ്ങളുടെ കുടുംബത്തില്‍ സൂക്ഷിപ്പുണ്ടായിരുന്ന പ്രവാചക
കേശമാണ് ഇതെന്ന് പറഞ്ഞുകൊണ്ടാണ് യു.എ.ഇ പൗരന്‍ അഹ്‌മദ് ഖസ്‌റജി
ആഘോഷാര്‍ഭാടങ്ങളോടെ നാലുമാസം മുമ്പ് കോഴിക്കോട് ഒരു രോമം ഇറക്കുമതി ചെയ്‌തു. അതു
കൈപ്പറ്റിയവര്‍ കേശ സൂക്ഷിപ്പിനെന്ന പേരില്‍ നാനൂറ് മില്യന്‍ രൂപയുടെ പള്ളി
നിര്‍മാണ സംരഭവുമായി ഇറങ്ങുകയും ധനസമാഹരണം ആരംഭിക്കുകയുണ്ടായി. അതു
സര്‍വ്വവ്യാപകമായി നടന്നു വരുന്നു. ഒരു റസീപ്‌റ്റ് ലീഫില്‍ ഉണ്ടാവേണ്ട സീരിയല്‍
നമ്പുറുകളോ വ്യക്തമായ തുകയോ കാണിക്കാത്ത കൂപ്പുണുകളാണ് ധനശേഖരണത്തിന് ഇവര്‍
ഉപയോഗിക്കുന്നത് ആര്‍ക്കും എത്രയും കോടികള്‍ ഇതിന്റെ പേരില്‍ പിരിച്ചെടുക്കാനാവും
എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, തങ്ങളുടെ കുടുംബത്തില്‍
പരമ്പരാഗതമായി അങ്ങനെയൊരു പ്രവാചക കേശം സൂക്ഷിപ്പുണ്ടായിരുന്നില്ലെന്നും അഹ്‌മദ്
പറയുന്നത് നുണയാണെന്നും കാണിച്ച് അയാളുടെ ജ്യേഷ്‌ഠ സഹോദരന്‍ ഹസന്‍ മുഹമ്മദ്
ഖസ്‌റജി തനിക്കെഴുതിയ കത്ത് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സദസ്സിന് മുമ്പില്‍
വായിച്ചുകേള്‍പിച്ചു. ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് സാധാരണഗതിയില്‍ കൃത്രിമ
നാരുകള്‍കൊണ്ടുണ്ടാക്കിയതാണ് മുടികളെന്നും കത്തിലുള്ളതായി അദ്ദേഹം
വിശദീകരിച്ചു.
പ്രവാചക കേശം സൂക്ഷിക്കാനായി ലോകത്തെവിടെയും ആരുംതന്നെ മസ്‌ജിദ്
ഉണ്ടാക്കിയിട്ടില്ലെന്നിരിക്കെ ഈ കള്ളമുടിയുടെ സൂക്ഷിപ്പിനു പള്ളി നിര്‍മിക്കാന്‍
പണം കൊടുക്കുന്നവര്‍ അതീവ ദയനീയമാംവിധം ചൂഷണവിധേയരായിരിക്കുകയാണെന്നും പണം
തിരിച്ചുകിട്ടാന്‍ അവര്‍ വേണ്ടത് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ
ചൂഷണത്തില്‍ വഞ്ചിതരാവരുതെന്നും അതിനെ പ്രതിരോധിക്കണമെന്നും ഹസന്‍ ഖസ്‌റജി കേരള
ജനതയോട് ആവശ്യപ്പെടുന്നുണ്ട്.
സാധാരണഗതിയില്‍ തീയില്‍ കാണിച്ചാല്‍ കരിയാത്ത
വിധം അതീവസമര്‍ഥമായി ആധുനിക ടെക്‌നോളജി ഉപയോഗപ്പെടുത്തി നിര്‍മ്മിച്ചെടുക്കപ്പെട്ട
കൃത്രിമ നാരുകളാണിവയെന്നും കത്തില്‍ അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ട് കത്തിക്കല്‍
പ്രയോഗം നടത്തപ്പെടും മുമ്പ് ഡി.എന്‍.എ ടെസ്റ്റിലൂടെ, ഇത് മനുഷ്യന്റെ മുടിയാണോ
അല്ലേ എന്നാണ് ആദ്യം തീരുമാനിക്കപ്പെടേണ്ടതെന്നും അദ്ദേഹം
നിര്‍ദേശിച്ചിട്ടുണ്ട്.
നബിയുടെ പേരില്‍ വ്യാപകമായി കളവ് പറയുകയും പണപ്പിരിവ്
നടത്തുകയും ചെയ്യുന്നവര്‍ അതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ അസഭ്യം
പുലമ്പുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത് ആശാസ്യമല്ലെന്ന് നദ്‌വി പറഞ്ഞു.
മുടിയുടെ ശരിയായ കൈമാറ്റ പരമ്പരയുടെ രേഖ (സനദ്)യാണ് തങ്ങള്‍ ആവശ്യപ്പെട്ടത്.
ഇതിനുള്ള മറുപടി മണിക്കൂറുകളോളമുള്ള പ്രസംഗമല്ല. കൈമാറ്റ രേഖയുണ്ടെങ്കില്‍ അത്
അഞ്ചു മിനിറ്റിനുള്ളില്‍ വായിച്ചു തീര്‍ക്കാവുന്നതാണ്. ഇതിനു പകരം മറുപടി പറയാതെ
ഉരുണ്ടു കളിക്കുന്നത് ജനങ്ങളെ കബളിപ്പിക്കലാണെന്നും നദ്‌വി
വ്യക്തമാക്കി.
നാനാവിധമായ തെളിവുകളുണ്ടായിട്ടും കള്ള മുടികളില്‍ കടിച്ചുതൂങ്ങി
അന്ധമായ നിലപാട് കൈവരിക്കുന്നവര്‍ കേശദാതാവിന്റെ സഹോദരന്‍ നേരിട്ടു
വ്യക്തമാക്കുന്ന കാര്യങ്ങളില്‍ നിന്നെങ്കിലും വസ്‌തുതകള്‍ ഉള്‍ക്കൊള്ളാന്‍
ശ്രമിച്ച് ദുര്‍മാര്‍ഗത്തില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും അദ്ദേഹം ആഹ്വാനം
ചെയ്‌തു.