മലപ്പുറം : ദാറുല്‍ഹുദാ
ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി മഹാ സമ്മേളനത്തിന് ചെമ്മാട് ഹിദായ
നഗറില്‍ പ്രൗഢോജ്ജ്വല തുടക്കം. തെന്നിന്ത്യയിലെ ഏറ്റവും വലിയ ഇസ്‌ലാമിക
സര്‍വകലാശാലയായ ദാറുല്‍ഹുദ അതിന്റെ സില്‍വര്‍ ജൂബിലിയോടെ പുതിയ ചരിത്രങ്ങള്‍
രചിക്കാനൊരുങ്ങുകയാണ്. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിന്റെ സമാപന
മഹാസമ്മേളനത്തില്‍ ജനലക്ഷങ്ങള്‍ പങ്ക് കൊള്ളും. ഇന്നലെ വൈകീട്ട് 3.15ന്
ദാറുല്‍ഹുദാ ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക
ഉയര്‍ത്തിയതോടെ തുടക്കം കുറിച്ച സമ്മേളനം മഹാരാഷ്‌ട്ര ഗവര്‍ണര്‍ കെ.ശങ്കരനാരായണന്‍
ഉദ്‌ഘാടനം ചെയ്‌തു.
കേരള മുസ്‌ലിംകളുടെ പ്രബുദ്ധതയും മതഭൗതിക രംഗങ്ങളിലെ
കുതിപ്പും അത്ഭുതമുളവാക്കുന്നതാണെന്ന് സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കവെ
അദ്ദേഹം പറഞ്ഞു. കേരളത്തെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ മാതൃകയാക്കണം. ഇത്
പോലുള്ള വിദ്യാഭ്യാസ പദ്ധതികളും സ്ഥാപനങ്ങളും നിര്‍മിക്കാന്‍ അവിടത്തെ നേതാക്കള്‍
തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദാറുല്‍ഹുദാ ചാന്‍സലര്‍ പാണക്കാട്
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ദാറുല്‍ഹുദാ അതിന്റെ സില്‍വര്‍
ജൂബിലി സമ്മേളനം കൊണ്ടുദ്ദേശിക്കുന്നത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുകയാണെന്ന് തങ്ങള്‍ പറഞ്ഞു. കേരള പൊതുവിദ്യാഭ്യാസ
ഡയറക്‌ടര്‍ എ.പി.എം. മുഹമ്മദ് ഹനീഷ് മുഖ്യാതിഥിയായിരുന്നു.
കോഴിക്കോട് വലിയ
ഖാളി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു. ഇ.ടി മുഹമ്മദ്
ബഷീര്‍ എം.പി, സമസ്‌ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി പി.കെ.പി അബ്‌ദുസ്സലാം
മുസ്‌ലിയാര്‍, സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സി.കെ.എം സ്വാദിഖ്
മുസ്‌ലിയാര്‍, എ.പി അബ്‌ദുള്ള കുട്ടി എം.എല്‍.എ, എ.പി അനില്‍കുമാര്‍ എം.എല്‍.എ,
പി.എം.എ സലാം എം.എല്‍.എ, പി.കെ അബ്‌ദുറബ്ബ് എം.എല്‍.എ, കെ.എ.ടി.എഫ് ജന.സെക്രട്ടറി
കെ.മോയിന്‍ കുട്ടി മാസ്റ്റര്‍, ദാറുല്‍ഹുദാ സെക്രട്ടറി യു.വി.കെ മുഹമ്മദ്
എന്നിവര്‍ സംസാരിച്ചു.
ഇന്ന് രാവിലെ 9 മണിക്ക് നടക്കുന്ന `മുസ്‌ലിം ലോകം
ദൂരക്കാഴ്‌ച' സെമിനാര്‍ സച്ചാര്‍ കമ്മറ്റി മെമ്പര്‍ സെക്രട്ടറി ഡോ. അബൂസ്വാലിഹ്
ശരീഫ് ഉദ്‌ഘാടനം ചെയ്‌തു. വിവിധ വിഷയങ്ങളില്‍ പ്രമുഖര്‍ പ്രബന്ധം അവതരിപ്പിക്കും.
11 മണിക്ക് ഇസ്‌ലാമിക സാമ്പിത്തിക സെമിനാര്‍ കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി കെ.സി
വേണുഗോപാല്‍ ഉദ്‌ഘാടനം ചെയ്യും. നോര്‍വയിലെ സ്‌കാന്റിനേവിയന്‍ യൂണിവേഴ്‌സിറ്റി
ചെയര്‍മാന്‍ ഡോ.സാമിര്‍ മുദ്‌ഹിര്‍ കണ്ടാക്‌ജി, മലപ്പുറം ജില്ലാ കലക്‌ടര്‍ പി.എം
ഫ്രാന്‍സിസ് പങ്കെടുക്കും.
ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന ഫിഖ്‌ഹ്
സെമിനാറില്‍ സമകാലിക പ്രശ്‌നങ്ങളിലെ ഇസ്‌ലാമിന്റെ കര്‍മശാസ്‌ത്ര കാഴ്‌ചപ്പാടുകള്‍
ചര്‍ച്ച ചെയ്യും. 2.30ന് ദേശീയ സമ്മേളനം ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍
വജാഹത്ത് ഹബീബുള്ള ഉദ്‌ഘാടനം ചെയ്‌തു. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, സിറാജ്
സേട്ട് ബാംഗ്ലൂര്‍ പങ്കെടുക്കും. വൈകീട്ട് 7 മണിക്ക് `അഹ്‌ലുസ്സുന്ന ആശയസംവേദനം'
.യമന്‍ മതകാര്യ ഉപദേഷ്‌ടാവ് ഡോ. മുഖ്‌താര്‍ ഹുസൈന്‍ അസ്സ്വാരിമി ഉദ്‌ഘാടനം
ചെയ്‌തു. ഏഴ് മണിക്ക് `ആള്‍ ഇന്ത്യ ഉര്‍ദു മീഡിയ ഡയസ്' സിയാസത്ത് ഡയ്‌ലി
എഡിറ്റര്‍ ഡോ.ആമിര്‍ അലി ഖാന്‍ ഉദ്‌ഘാടനം ചെയ്‌തു. ഇന്ത്യയിലെ പ്രമുഖ
മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുക്കും. ഞായറാഴ്‌ച വൈകീട്ട് 5.30ന് നടക്കുന്ന സമാപന
മഹാ സംഗമത്തോടെ സമ്മേളനം സമാപിക്കും.