മലപ്പുറം : മതങ്ങള്‍ വിദ്വേഷത്തെയും വൈരാഗ്യത്തെയും
പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് കേന്ദ്ര ഭക്ഷ്യവകുപ്പു സഹമന്ത്രി പ്രൊഫ. കെ.വി
തോമസ്. ഇസ്‌ലാം എതിരു നില്‍ക്കുന്ന വിദ്വേഷത്തെയും അക്രമമാര്‍ഗ്ഗത്തെയും
ഇസ്‌ലാമിന്റെ മേല്‍ കെട്ടിവെക്കുന്ന സമീപനമാണ് ഇന്ന് നിലനില്‍ക്കുന്നത്. എല്ലാ
മതത്തെയും അംഗീകരിക്കുകയും സഹിഷ്‌ണുതയോടെ കാണുകയും ചെയ്യുന്ന ഇസ്‌ലാമിന്റെ സന്ദേശം
എല്ലായിടത്തും എത്തിക്കാന്‍ നാം സന്നദ്ധരാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദാറുല്‍
ഹുദാ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ചു നടന്ന വ്യക്തി-കുടുംബം-സമൂഹം സെഷന്‍ `തദ്‌കിറ'
ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
`റിമോട്ട് പാരന്റിംഗ്'
എന്ന വിഷയത്തില്‍ സര്‍ സയ്യിദ് തളിപ്പറമ്പ് പ്രഫസര്‍ പി.ടി അബ്‌ദുല്‍ അസീസും
`സാമൂഹിക മാറ്റവും മുസ്‌ലിം കുടുംബവും' എന്ന വിഷയത്തില്‍ അലിഗഡ് മലപ്പുറം ഓഫ്
കാമ്പസ് അസി. പ്രൊഫസര്‍ ഡോ. ഫൈസല്‍ ഹുദവി മാരിയാട് എന്നിവര്‍
പ്രബന്ധങ്ങളവതരിപ്പിച്ചു.
ദാറുല്‍ ഹുദാ വൈസ് പ്രസിഡന്റ് എസ്.എം. ജിഫ്‌രി
തങ്ങള്‍ കക്കാട് അധ്യക്ഷത വഹിച്ചു. ഇസ്‌തംബൂള്‍ ഫൗണ്ടേഷന്‍ ഫോര്‍ സയന്‍സ് ആന്റ്
കള്‍ച്ചര്‍ പ്രതിനിധി ആകിഫ് കനോലിസി ഗാസിയന്‍താബ് മുഖ്യാതിഥിയായിരുന്നു. മുസ്‌ലിം
ലീഗ് സംസ്ഥാന സെക്രട്ടറി ഡോ. എം.കെ മുനീര്‍, കെ.പി.എ മജീദ്, കേരളാ വഖ്‌ഫ്
ബോര്‍ഡ് മെമ്പര്‍മാരായ അഡ്വ. കെ. സെയ്‌താലിക്കുട്ടി, അഡ്വ. കെ.എ ഹസന്‍, അഡ്വ. പി.
സൈനുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു. യെസ് ഇന്ത്യാ ഡയറക്‌ടര്‍ ശാനവാസ് ഹുദവി
അമേട്ടിക്കര ആമുഖവും ദാറുല്‍ ഹുദാ ലക്‌ചറര്‍ സി.എച്ച് ശരീഫ് ഹുദവി ഉപസംഹരവും
നിര്‍വഹിച്ചു.