മലപ്പുറം : വിദ്യാഭ്യാസം സംസ്കാരത്തെ വളര്‍ത്താന്‍
ഉപകരിക്കുന്നതാവണമെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍.
വിദ്യാഭ്യാസം വളരുമ്പോഴും സാംസ്കാരികമായി ലോകം പിറകിലാവുന്ന അവസ്ഥയാണ് ഇന്ന്
കാണാനാവുന്നതെന്നും തങ്ങള്‍ പറഞ്ഞു. ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി
സില്‍വര്‍ ജൂബിലി സമ്മേളനത്തോടനുബന്ധിച്ച് നടന്ന `മുസ്ലിം ലോകം ദൂരക്കാഴ്ച'
സെമിനാറില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍.
ഏറ്റവും
കൂടുതല്‍ വിദ്യാഭ്യാസമുള്ള രാഷ്ട്രങ്ങളിലാണ് ഏറ്റവും കൂടുതല്‍ മാരകായുധങ്ങള്‍
നിര്‍മിക്കപ്പെടുന്നത്. ഇത് വിദ്യാഭ്യാസം മൂല്യരഹിതവും
സംസ്കാരശൂന്യവുമാവുന്നതിന്റെ അനന്തരഫലമാണ്. മനുഷ്യ മനസ്സുകളില്‍ നിന്ന്
ഇല്ലാതായിപ്പോകുന്ന ആര്‍ദ്രതയെയും മാനുഷിക വികാരങ്ങളെയും തിരിച്ചുപിടിക്കുന്നതില്‍
ആധുനിക വിദ്യാഭ്യാസ സംവിധാനങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നുവെന്നും തങ്ങള്‍
അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസത്തിന്റെ മൂല്യവല്കരണത്തിന് ദാറുല്‍ ഹുദാ
മാതൃകയിലുള്ള പാഠ്യരീതിക്ക് കഴിയുമെന്നും ദാറുല്‍ ഹുദായുടെ കാമ്പസ്
സന്ദര്‍ശിക്കുന്നതിലൂടെ ശരിയായ വിദ്യാഭ്യാസത്തെ പരിചയപ്പെടാന്‍ സാധിക്കുന്നുവെന്നും
തങ്ങള്‍ പറഞ്ഞു. ഓക്സ്ഫോര്‍ഡ്, കാംബ്രിഡ്ജ് പോലുള്ള ഉന്നത സര്‍വകലാശാലകല്‍ ഈ
വിദ്യാഭ്യാസ സംസ്കാരത്തെ ഉള്‍ക്കൊള്ളണമെന്നും അത് മാനവികതയുടെ വളര്‍ച്ചക്ക്
സഹായകമാവുമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.