തിരൂരങ്ങാടി : വിവാദ കേശം പ്രവാചകന്റേതാണെന്ന അവകാശ വാദം
പച്ചക്കള്ളമാണെന്ന് യു.എ.ഇയിലെ ഖസ്‌റജി കുടുംബം തന്നെ വ്യക്തമാക്കിയിട്ടും അത്
സത്യവിരുദ്ധമാണെന്ന് തട്ടി വിടുകയും സത്യത്തിന്റെ പ്രചാരണം അവസാനിപ്പിക്കണമെന്ന്
പറയാന്‍ മാത്രം ധാര്‍ഷ്‌ട്യം കാണിക്കുകയും ചെയ്‌ത് കൊണ്ടുള്ള കാന്തപുരത്തിന്റെ
തിട്ടൂരം അപഹാസ്യമാണെന്ന് ആഗോള മുസ്‌ലിം പണ്ഡിതസഭാംഗവും ദാറുല്‍ ഹുദാ ഇസ്‌ലാമിക്
യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി.
മുടിയുടെ
സനദ് വിശദീകരിച്ചുകൊടുത്താല്‍ പ്രശ്‌നം തീരില്ലേ എന്ന് കഴിഞ്ഞ ദിവസം മാധ്യമ
പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അത് സമ്മേളനം വിളിച്ച് കൂട്ടി
പ്രഖ്യാപിക്കേണ്ടതല്ല എന്നായിരിന്നു കാന്തപുരത്തിന്റെ മറുപടി. ഇരുട്ട് കൊണ്ട്
ഓട്ടയടക്കുന്ന മൗഡ്യമാണിത്. സമ്മേളനം വിളിച്ച് സനദ് പറയാന്‍ ആരും
ആവശ്യപ്പെട്ടിട്ടില്ല. മറിച്ച് പ്രവാചക തിരുശേഷിപ്പുകള്‍ക്ക് സനദ് വേണമെന്നും
അതൊരടിസ്ഥാന കാര്യമാണെന്നും മര്‍ക്കസ് സമ്മേളനത്തില്‍ ഊന്നിപ്പറഞ്ഞ എ.പി.യുടെ
നിലപാട് തന്നെയാണ് സനദ് ആവശ്യപ്പെടുന്നവരുടേത്. അത് ഒരാള്‍ക്കെങ്കിലും
ബോധ്യപ്പെടുത്താന്‍ ഇന്നു വരെയും അയാള്‍ക്ക് സാധിച്ചിട്ടില്ല. ലോകത്ത് മുഴുവന്‍
തിരുകേശങ്ങളുടേയും സനദ് അതത് കേന്ദ്രങ്ങളില്‍ ലഭ്യമാണ്‌്. എന്നാല്‍ ഇതിന്റെ
പരമ്പര വ്യക്തമാക്കാന്‍ ഇന്നേവരെ കാന്തപുരം മുതിര്‍ന്നിട്ടില്ല. കേശം
പ്രവാചകന്റേതാണെന്നും അതിന്റെ കൈമാറ്റ ശൃംഖലാ രേഖ ലക്ഷങ്ങളുടെ മുമ്പില്‍
വായിച്ചിട്ടുണ്ടെന്നും അവകാശപ്പെടുന്ന അദ്ദേഹം ശരിയായ സനദ് സമൂഹ സമക്ഷം
സമര്‍പ്പിച്ചേ പറ്റൂ.
തങ്ങളാണ് സമസ്‌തയെന്നവകാശപ്പെടുന്ന കാന്തപുരം അതീവ
ഗുരൂതരമായ ഗര്‍ത്തത്തില്‍ വീണ ഈ ദുര്‍ഘടഘട്ടത്തില്‍ തന്റെ കൂടെയുള്ളവരുടെ മുശാവറ
വിളിച്ച് പത്ര സമ്മേളനം വിളിക്കേണ്ടതിന് പകരം സ്വന്തം മകനെ മാത്രം കൂടെ കൂട്ടി
അത് ചെയ്‌തത് ഒട്ടേറെ നഗ്ന യാഥാര്‍ത്ഥ്യങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ഏതാണ് യഥാര്‍ത്ഥ സമസ്‌ത എന്ന് മനസ്സിലാക്കാന്‍ മാത്രം കേരള ജനത പ്രബുദ്ധരാണ്.
കള്ളംപറയുന്ന അഹ്‌മദ് ഖസ്‌റജിയുടെ അടുത്തേക്കോ അത് ഏറ്റു പാടുന്ന
കാന്തപുരത്തിന്റെ അടുത്തേക്കോ അല്ല മുടിയെ കുറിച്ചുള്ള സംശയം തീര്‍ക്കാന്‍
പോകേണ്ടത്. ഖസ്‌റജി കുടുംബത്തില്‍ പെട്ട പ്രമുഖരോടാണ് അതിനെ കുറിച്ച് ചര്‍ച്ച
നടത്തേണ്ടത്. ഏതെങ്കിലും മന്ത്രിയുടെ പുത്രനാണെന്നോ വകുപ്പുകളുടെ തലവനാണെന്നോ
പരിഗണിച്ചല്ല ഒരാള്‍ സത്യസന്ധനാവുന്നത്. പറയുന്നത് നേരാണോ എന്ന് നോക്കിയാണ്.
അതാണ് രണ്ടാഴ്‌ച മുമ്പ് യു.എ.യില്‍ 10 ദിവസം നിന്ന് താന്‍ ചെയ്‌തതെന്നും നദ്‌വി
പറഞ്ഞു.
ലോകത്ത് എവിടെയും മുടി സംരക്ഷിക്കാന്‍ പള്ളി പണിത ചരിത്രം ഇല്ല.
കാശ്‌മീരിലെ ഹസ്‌റത് ബാല്‍ മസ്‌ജിദ് പണിതത് മുടി സംരക്ഷിക്കാനല്ല. അവിടെ മുടി
എത്തിപ്പെടുന്നതിന്റെ 76 വര്‍ഷം മുമ്പ് പള്ളി പണിതിട്ടുണ്ട്. മര്‍കസിലെത്തിയ മുടി
പ്രവാചകന്റെതാണെന്ന് എല്ലാവരും വിശ്വസിക്കണമെന്ന് ഞങ്ങള്‍ക്ക് വാശി ഇല്ലാ എന്ന്
പറയുന്നത് തന്നെ മറുപക്ഷത്തെ അടക്കിയിരുത്താനുള്ള കുതന്ത്രവും സത്യാവസ്ഥ
ബോധ്യപ്പെട്ടു എന്നതിന്റെ തെളിവുമാണ്. ഇതിനായിരിക്കാം കഴിഞ്ഞ ദിവസങ്ങളില്‍ സുന്നി
ഐക്യവുമായി ഇദ്ദേഹം മുന്നോട്ടു വന്നത്. മുടി പ്രവാചകന്റെതെങ്കില്‍ മുസ്‌ലിംകള്‍
അംഗീകരിക്കാന്‍ ബാധ്യസ്ഥരാണ്. എന്നാല്‍ മുഴുവന്‍ തെളിവുകളുടെയും അടിസ്ഥാനത്തില്‍
പ്രവാചകന്റേതല്ലെന്ന് ബോധ്യപ്പെട്ട കേശം ആരും തന്നെ അംഗീകരീക്കേണ്ടതില്ലന്നും
അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ സ്ഥാപനത്തിന് കീഴില്‍ സ്ഥാപിക്കുന്ന
നിര്‍ദിഷ്‌ട നോളേജ് സിറ്റിയും ശഅ്‌റേ മുബാറക് മസ്‌ജിദും വ്യത്യസ്‌ത
പദ്ധതികളാണെന്ന് കാന്തപുരം പറയുന്നത് ജനങ്ങളെ കബളിപ്പിക്കാനാണ്. ഇത് വെറും
റിയല്‍ എസ്റ്റേറ്റ് ബിസനസ് മാത്രമാണെന്നാണ് തങ്ങളുടെ മുഖപത്രത്തില്‍ വന്ന
പരസ്യവും ഫോണില്‍ നേരിട്ട് ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയ മറുപടിയും
വ്യക്തമാക്കുന്നത്. സത്യാവസ്ഥ ബോധ്യപ്പെട്ട സ്ഥിതിക്ക് ഈ ആത്മീയ സാമ്പത്തിക
ചൂഷണത്തില്‍ നിന്ന് പിന്‍വാങ്ങി പിരിച്ച പണം തിരിച്ച് നല്‍കി സമൂഹത്തോട് മാപ്പു
പറയാന്‍ കാന്തപുരം തയ്യാറാവണമെന്ന് നദ്‌വി ആവശ്യപ്പെട്ടു.