മലപ്പുറം : പുതിയ കാലത്തെ സമസ്യകള്‍ക്ക് പരിഹാരം കണ്ടെത്താന്‍
ഇസ്ലാമിക കര്‍മശാസ്ത്രങ്ങളുടെ കാലോചിത വായന ആവശ്യമാണെന്ന് ദാറുല്‍ ഹുദാ
സില്‍വര്‍ ജൂബിലി സമ്മേളനത്തില്‍ ഇന്നലെ നടന്ന ഫിഖ്ഹ് കോണ്‍ഫറന്‍സ്
അഭിപ്രായപ്പെട്ടു. സമകാലിക പ്രശ്നങ്ങളിലെ കര്‍മശാസ്ത്ര പ്രശ്നങ്ങള്‍ കൈകാര്യം
ചെയ്ത സെമിനാര്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധനേടി. സാമ്പത്തിക മേഖലയിലെ ചൂഷണ
സംരംഭങ്ങളെ തിരിച്ചറിയുകയും അവയില്‍ നിന്ന് പൊതുസമൂഹം അകന്നുനില്ക്കുകയും
ചെയ്യണം. വഞ്ചനയുടെയും ചൂഷണത്തിന്റെയും വലവിരിച്ച് പല പുതിയ ബിസിനസ്സ് രീതികളും
ഇന്ന് പ്രചരിക്കുന്നുണ്ട്. ഇത്തരം സംരംഭങ്ങളുമായി ബന്ധപ്പെടുന്നതിനു മുമ്പ്
അവയിലെ മതകീയ കാഴ്ചപ്പാടുകള്‍ മനസ്സിലാക്കണമെന്നും സാമ്പത്തിക ഇടപാടുകള്‍
പൂര്‍ണമായും മതാധ്യാപനങ്ങളെ ഉള്‍കൊള്ളുന്നതും മൂല്യാധിഷ്ഠിതവും ആയിരിക്കണമെന്നും
കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു.
പുതിയ സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു
കൊണ്ടിരിക്കുന്നു. ശിക്ഷാ നടപടികള്‍ യഥാവിധി നടപ്പിലാക്കാതിരിക്കുന്നത് ഇതിന്
ആക്കം കൂട്ടുകയും ചെയ്യുന്നു. ഇസ്ലാം വിഭാവനം ചെയ്യുന്ന ശിക്ഷാനിയമങ്ങള്‍
കാലോചിതമായതും ശാസ്ത്രീയവുമാണ്. അത് ഒരിക്കലും മനുഷ്യവിരുദ്ധമല്ല, മറിച്ച്
മാനവിക നന്മകളെ സംരക്ഷിക്കാനുതകുന്നതാണ്. കോണ്‍ഫറന്‍സ്
അഭിപ്രായപ്പെട്ടു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡന്റ് എം.ടി
അബ്ദുല്ല മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍
അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ കലക്ടര്‍ പി.എം. ഫ്രാന്‍സിസ്, ദക്ഷിണ കന്നഡ
ഖാദി ത്വാഖ അഹ്മദ് മുസ്ലിയാര് എന്നിവര്‍
വിശിഷ്ടാതിഥിയുമായിരുന്നു.
ഇസ്ലാമിലെ കര്‍മശാസ്ത്ര സമീപനങ്ങള്‍
സമ്പൂര്‍ണമാണെന്നും ഏതു കാലത്തോടും സംവദിക്കാന്‍ അതിന് കഴിയുന്നുണ്ടെന്നും `ആധുനിക
വിഷയങ്ങളിലെ കര്‍മശാസ്ത്ര കാഴ്ചപ്പാട്' എന്ന വിഷയത്തില്‍ സംസാരിച്ച കോഡിനേഷന്‍
ഓഫ് ഇസ്ലാമിക് കോളേജസ് കണ്‍വീനര്‍ ഹക്കീം ഫൈസി ആദൃശ്ശേരി അഭിപ്രായപ്പെട്ടു.
`ഇസ്ലാമിലെ ശിക്ഷാനിയമങ്ങളിലെ അകപ്പൊരുള്‍', `മള്‍ട്ടി ലവല്‍ മാര്‍ക്കറ്റിംഗ്
ആന്റ് കറന്‍സി ട്രേഡിംഗ്' എന്നീ വിഷയങ്ങളില്‍ ദാറുല്‍ ഹുദാ ലകചറര്മാരായ എ.പി
മുസ്തഫ ഹുദവി അരൂര്‍, കെ.പി ജഅ്ഫര്‍ ഹുദവി കുളത്തൂര്‍ എന്നിവര്‍
പ്രബന്ധങ്ങളവതരിപ്പിച്ചു.
ദാറുല്‍ ഹുദാ സെനറ്റ് മെമ്പര്‍ ആദൃശ്ശേരി
ഹംസക്കുട്ടി മുസ്ലിയാര്, സമസ്ത ജില്ലാ സെക്രട്ടറി പി. കുഞ്ഞാണി മുസ്ലിയാര്,
ദാറുല്‍ ഹുദാ ലക്ചറര്‍മാരായ കെ.സി മുഹമ്മദ് ബാഖവി, അലി മൗലവി ഇരിങ്ങല്ലൂര്‍
എന്നിവര്‍ സംസാരിച്ചു.