മലപ്പുറം : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി സില്‍വര്‍
ജൂബിലി സമ്മേളനത്തിന് ഇന്ന് സമാപനം. വൈകീട്ട് അഞ്ചു മണിക്ക് നടക്കുന്ന സമാപന
സമ്മേളനത്തില്‍ ജനലക്ഷങ്ങള്‍ പങ്കെടുക്കും. ബോസ്‌നിയാ ഗ്രാന്റ് മുഫ്‌തി ഡോ. ശൈഖ്
മുസ്‌തഫാ സിറിക് സമ്മേളനം ഉദ്‌ഘാടനം ചെയ്യും.
വ്യാഴായ്‌ച വൈകീട്ട് നടന്ന
ബഹുജന വിളംബര ജാഥയോടെയാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്. സമ്മേളന
വിളംബരമറിയിച്ച് ചെമ്മാട് നഗരത്തില്‍ നടന്ന ജാഥയില്‍ വിദ്യാര്‍ത്ഥികളും
പൊതുജനങ്ങളുമടക്കം ആയിരത്തോളം പേര്‍ അണിനിരന്നു. വെള്ളിയാഴ്‌ച വൈകീട്ട് ദാറുല്‍
ഹുദാ ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തി.
മഹാരാഷ്‌ട്രാ ഗവര്‍ണ്ണര്‍ കെ. ശങ്കരനാരായണനാണ് സമ്മേളനം ഉദ്‌ഘാടനം
ചെയ്‌തത്.
മൂന്നു ദിവസം നീണ്ടുനിന്ന സമ്മേളനത്തില്‍ വിവിധ വിഷയങ്ങളിലുള്ള
സെമിനാറുകളും സംവാദങ്ങളും അരങ്ങേറി. ഉദ്‌ഘാടനദിനം മുതല്‍ തന്നെ ജനബാഹുല്യം കൊണ്ട്
ശ്രദ്ധേയമായ സമ്മേളനത്തിന്റെ വിവിധ സെഷനുകളില്‍ യമന്‍, സൗദി അറേബ്യ, യു.എ.ഇ,
കുവൈത്ത്, ന്യൂസിലാന്റ്, സുഡാന്‍, നോര്‍വേ, തുര്‍ക്കി തുടങ്ങിയ രാഷ്‌ട്രങ്ങളില്‍
നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. രണ്ടായിരത്തോളം ക്യാമ്പ് പ്രതിനിധികള്‍
സമ്മേളനത്തിലെ സ്ഥിരാംഗങ്ങളായിരുന്നു.
സമ്മേളനത്തിലെ ശ്രദ്ധേയ ഇനമായിരുന്ന ദേശീയ
സമ്മേളനം ഇന്ത്യന്‍ മുസ്‌ലിംകളുടെ ഭാവി മുന്നേറ്റത്തിന് പുതിയ പ്രതീക്ഷകള്‍
നല്‍കുന്നതായിരുന്നു. ദേശീയ മുസ്‌ലിംകള്‍ കേരളീയ മാതൃക സ്വീകരിക്കേണ്ടതിന്റെ
ആവശ്യകത സമ്മേളനം ഊന്നിപ്പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി നടന്ന `നസ്‌ര്‍'
ഡോക്യുമെന്ററി പ്രദര്‍ശനവും ശ്രദ്ധയാകര്‍ഷിച്ചു. മുസ്‌ലിം പൈതൃകങ്ങളുടെയും
ഇസ്‌ലാമിക കലകളുടെയും നേര്‍ക്കാഴ്‌ചയായിരുന്നു രണ്ടു ദിവസം നീണ്ടുനിന്ന ഡോക്യു
ഫെസ്റ്റ്.
ലോക മുസ്‌ലിംകളുടെ വര്‍ത്തമാനവും ഭാവിയും ചര്‍ച്ചചെയ്‌ത `മുസ്‌ലിം
ലോകം ദൂരക്കാഴ്‌ച' അവലോകന സെമിനാര്‍, ഇസ്‌ലാമിക സാമ്പത്തിക സെമിനാര്‍, ആത്മീയ
സംഗമം, ഫിഖ്‌ഹ് കോണ്‍ഫറന്‍സ്, അഹ്‌ലുസ്സുന്ന ആശയ സംവേദനം, സയന്‍സ് ആന്റ്
ടെക്‌നോളജി സെമിനാര്‍, ഉര്‍ദു മീഡിയാ ഡയസ്, പ്രഭാത ചിന്ത എന്നിവയും സമ്മേളനത്തിലെ
ശ്രദ്ധേയ ഇനങ്ങളായിരുന്നു. വിവിധ രംഗങ്ങളിലെ പ്രഗത്ഭ വ്യക്തിത്വങ്ങളും ഗവേഷക
പണ്ഡിതരും പഠനപ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
ദേശീയ സമ്മേളനത്തിന്റെ ഭാഗമായ
നാഷണല്‍ ലീഡേഴ്‌സ് ഡയലോഗ്, നാഷണല്‍ സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സ് എന്നിവ ഇന്ന്
സമ്മേളന വേദിയില്‍ അരങ്ങേറും. പുറമെ, വിവിധ വേദികളിലായി ടീനേജേഴ്‌സ്
കോണ്‍ഫറന്‍സ്, വ്യക്തി-കുടുംബം-സമൂഹം സെമിനാര്‍ എന്നിവയും അരങ്ങേറും. തുടര്‍ന്ന്
നടക്കുന്ന പതിമൂന്നാം സനദ്‌ദാന സമ്മേളനത്തില്‍ ദാറുല്‍ ഹുദായില്‍ നിന്നും
പന്ത്രണ്ടു വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കിയ പന്ത്രണ്ട്, പതിമൂന്ന്
ബാച്ചുകളിലെയും ദാറുല്‍ ഹുദാ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇസ്‌ലാമിക്
ആന്റ് കണ്ടംപററി സ്റ്റഡീസില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ബംഗാള്‍, ആസാം,
ഗുജറാത്ത്, കര്‍ണാടക, മഹാരാഷ്‌ട്ര, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും
നേപ്പാളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളും അടങ്ങിയ 150 യുവപണ്ഡിതര്‍ക്കുള്ള
ബിരുദദാനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.
സമാപന
സമ്മേളനത്തില്‍ ദാറുല്‍ ഹുദാ ബംഗാള്‍ പ്രോജക്‌റ്റ് വൈസ് ചാന്‍സലര്‍ ഡോ.
ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അവതരിപ്പിക്കും. ദാറുല്‍ ഹുദാ പ്രൊ ചാന്‍സലറും
സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയുമായ ചെറുശ്ശേരി സൈനുദ്ദീന്‍
മുസ്‌ലിയാര്‍, കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ്, പത്മശ്രീ എം.എ യൂസുഫലി,
പത്മശ്രീ ഡോ. ആസാദ് മൂപ്പന്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോട്ടുമല
ബാപ്പു മുസ്‌ലിയാര്‍, നൂറുല്‍ ഇസ്‌ലാം യൂനിവേഴ്‌സിറ്റി ചാന്‍സലര്‍ ഡോ. എ.പി മജീദ്
ഖാന്‍, മുസ്‌ലിം ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ
സെക്രട്ടറി അബ്‌ദുസ്സമദ് സമദാനി, അബ്‌ദുസ്സമദ് പൂക്കോട്ടൂര്‍, ദാറുല്‍ ഹുദാ
സെക്രട്ടറി ഹാജി യു. മുഹമ്മദ് ശാഫി, ദുബൈ കെ.എം.സി.സി പ്രസിഡന്റ് ഇബ്‌റാഹീം
എളേറ്റില്‍, അലവിക്കുട്ടി ഹുദവി മുണ്ടമ്പറമ്പ് എന്നിവര്‍ സംബന്ധിക്കും.